വെടിനിർത്തൽ കരാർ അംഗീകരിച്ചാൽ സർക്കാരിനെ താഴെയിറക്കും; നെതന്യാഹുവിന് മന്ത്രിമാരുടെ ഭീഷണി
Worldnews
വെടിനിർത്തൽ കരാർ അംഗീകരിച്ചാൽ സർക്കാരിനെ താഴെയിറക്കും; നെതന്യാഹുവിന് മന്ത്രിമാരുടെ ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd June 2024, 11:05 am

ജറുസലേം: യു.എസ് മുന്നോട്ടു വെച്ച വെടിനിർത്തൽ കരാർ അംഗീകരിച്ചാൽ സർക്കാരിനെ താഴെയിറക്കുമെന്ന് ഇസ്രഈൽ പ്രധാനമന്ത്രിക്ക് സഖ്യകക്ഷികളുടെ ഭീഷണി.

നെതന്യാഹു വെടിനിർത്തൽ കരാറിനെ അംഗീകരിച്ചാൽ സഖ്യം വിട്ട് പോകുമെന്നും സർക്കാരിനെ താഴെയിറക്കുമെന്നും ഇസ്രഈൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമേർ ബെൻ ഗ്വിറും ബസോലിൽ സ്‌മോട്രിച്ചും ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്.

ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിന് മുൻപ് എന്തെങ്കിലും കരാറുണ്ടാക്കുന്നതിനെ തങ്ങൾ ശക്തമായി എതിർക്കുമെന്ന് ഇരു മന്ത്രിമാരും പ്രഖ്യാപിച്ചു.

‘വെടിനിർത്തൽ കരാറിന്റെ അർത്ഥം യുദ്ധത്തിന്റെ അവസാനവും ഹമാസിനെ നശിപ്പിക്കാനുള്ള ലക്ഷ്യം ഉപേക്ഷിക്കലുമാണ്. ഈ കരാർ അംഗീകരിക്കാനാവില്ല. ഈ നിർദേശം സ്വീകരിക്കുന്നതിലും നല്ലത് സർക്കാരിനെ പിരിച്ച് വിടുന്നതാണ്,’ ബെൻ ഗ്വിർ പറഞ്ഞു.

ബെൻ ഗ്വിറിന്റെ പ്രസ്താവനയെ അനുകൂലിച്ച് ജ്യൂവിഷ് പവർ പാർട്ടിയുടെ തലവൻ എക്സിൽ കമന്റ് ചെയ്തിട്ടുണ്ട്.

‘ഇത്തരത്തിൽ ഒരു കരാർ വന്നാൽ അത് ഭീകരവാദത്തിന്റെ വിജയവും ഇസ്രഈൽ ദേശീയ സുരക്ഷക്ക് ഭീഷണിയുമായിരിക്കും. വെടിനിർത്തൽ കരാർ അംഗീകരിക്കുന്നത് വിഢിത്തമാണ്,’ ആദ്ദേഹം തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.

നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിന് പാർലമെന്റിൽ നേരിയ ഭൂരിപക്ഷമാണ് ഉള്ളത്. അതിനാൽ വലതുപക്ഷ സഖ്യം, ആറ് സീറ്റുകളിൽ ബെൻ ഗ്വീറിന്റെ ഒറ്റ്സ്മ യെഹൂദിത് പാർട്ടിയെയും ഏഴ് സീറ്റുകളിൽ സ്മോട്രിച്ചിന്റെ റിലീജിയസ് സയണിസം പാർട്ടിയെയും ആശ്രയിച്ചാണ് അധികാരത്തിൽ എത്തിയിരിക്കുന്നത്. ഈ രണ്ട് പാർട്ടികളുടെയും പിന്തുണ നെതന്യാഹുവിന് ആവശ്യമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഹമാസിന്റെ സൈനിക ഭരണശേഷി ഇല്ലാതാക്കുകയും എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരികയും ചെയ്യാതെ സമാധാന സന്ധിയുണ്ടാവില്ലെന്ന് ഇസ്രഈൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.

എന്നാൽ ഇസ്രഈലിൽ ഏറ്റവും സ്വാധീനമുള്ള പ്രതിപക്ഷ രാഷ്ട്രീയക്കാരിൽ ഒരാളായ യെയർ ലാപിഡ് നെതന്യാഹുവിന് പിന്തുണ നൽകുന്നുണ്ട്. വെടിനിർത്തൽ കരാർ നെതന്യാഹു അംഗീകരിക്കുകയാണെങ്കിൽ തന്റെ പാർട്ടി അതിനെ പിന്തുണക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബെൻ ഗ്വിറും സ്മോട്രിച്ചും പാർട്ടി വിടുകയാണെങ്കിൽ തന്റെ പാർട്ടി നെതന്യാഹുവിന് പിന്തുണയായി ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. പാർട്ടിക്ക് 24 സീറ്റുകൾ ഉണ്ട്.

 

 

 

Content Highlight: Israeli ministers threaten to resign over Gaza ceasefire proposal