ജറുസലേം: സൗദിയുമായി ഇസ്രഈലിന് രഹസ്യകരാറുകളുണ്ടെന്ന് ഇസ്രഈലി മന്ത്രിയുടെ വെളിപ്പെടുത്തല്‍. സൗദിയും ഇസ്രഈലും തമ്മില്‍ രഹസ്യകരാറുകളുണ്ടെന്ന പ്രചരണം ശക്തമായിരുന്നു. ആദ്യമായാണ് ഈ രാജ്യങ്ങളിലൊന്നിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
ഇസ്രഈല്‍ ഊര്‍ജമന്ത്രി യുവല്‍ സ്റ്റിനിറ്റ്‌സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ സൗദി ഇതുവരെ ഈ വെളിപ്പെടുത്തലിനോടു പ്രതികരിച്ചിട്ടില്ല. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹുവിന്റെ വക്താവും ഇക്കാര്യത്തില്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
ആര്‍മി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇസ്രഈലി മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്തുകൊണ്ടാണ് സൗദിയുമായുള്ള ബന്ധം ഇറാന്‍ മറച്ചുവെക്കുന്നതെന്ന് ചോദിച്ചപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
“നിരവധി മുസ്‌ലിം അറബ് രാജ്യങ്ങളുമായി ഞങ്ങള്‍ക്ക് രഹസ്യ ബന്ധങ്ങളുണ്ട്.” എന്നുമാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Must Read: രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ബി.ജെ.പിക്ക് അനുഗ്രഹമാണെന്ന് കേന്ദ്രമന്ത്രി
“ഇത്തരം ബന്ധങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നത് മറുഭാഗമാണ്. ഞങ്ങളെ സംബന്ധിച്ച് ഇത് പരസ്യമാകുന്നത് ഒരു പ്രശ്‌നമല്ല. പക്ഷേ മറുഭാഗത്തിന്റെ താല്‍പര്യംകൂടി ഞങ്ങള്‍ മാനിക്കുന്നു. കരാറുകള്‍ ഉണ്ടായി വരുമ്പോള്‍ അത് സൗദിയുമായി ആയാലും മറ്റ് അറബ് രാജ്യങ്ങളുമായും മുസ്‌ലിം രാജ്യങ്ങളുമായും ആയാലും ഞങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നു.” എന്നും അദ്ദേഹം പറഞ്ഞു.
സൗദിയും ഇസ്രാഈലും ഇറാനെ മിഡില്‍ ഈസ്റ്റിനുള്ള ഭീഷണിയായി കാണുന്നുണ്ട്. ടെഹ്‌റാനും റിയാദിനും ഇടയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ സൗദിയും ഇസ്രഈലും ഒരുമിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് ശക്തിപകര്‍ന്നിരുന്നു.