ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ തള്ളിപ്പറഞ്ഞ് ഇസ്രഈലി മന്ത്രി. തനിക്ക് കഴിയുമായിരുന്നെങ്കില്‍ വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യുമെന്ന് പ്രവാസികാര്യ മന്ത്രി അമിചായി ചിക്ലി പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്രഈല്‍-ഇറാന്‍ വിഷയത്തില്‍ ജോ ബൈഡന്‍ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.
ജോ ബൈഡന്റെ നേതൃത്വത്തില്‍ അമേരിക്ക ഇസ്രഈലിനെയും മറ്റ് രാജ്യങ്ങളെയും ദ്രോഹിക്കുകയാണെന്ന് അമിചായി ചിക്ലി കാന്‍ റേഡിയോട് പറഞ്ഞു. യുദ്ധത്തിന്റെ തുടക്കത്തില്‍ ബൈഡന്‍ ഇറാനോടും ഹിസ്ബുള്ളയോടും സംസാരിച്ചു. അതിന്റെ പ്രത്യാഘാതങ്ങള്‍ തങ്ങള്‍ കണ്ടു. താന്‍ വോട്ടവകാശമുള്ള അമേരിക്കന്‍ പൗരനായിരുന്നെങ്കില്‍ ട്രംപിനും റിപ്പബ്ലിക്കന്‍മാര്‍ക്കും വോട്ട് ചെയ്യുമായിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്.
യു.എസ് കോണ്‍ഗ്രസ് പാസാക്കിയ, ഇസ്രഈലിന് കോടിക്കണക്കിന് സൈനിക സഹായം നല്‍കുന്ന ബില്ലില്‍ ബൈഡന്‍ ഒപ്പിടാനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.
‘ബൈഡന്‍ ഇസ്രഈലിന്റെ സുഹൃത്താണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കടുത്ത സമ്മര്‍ദത്തിലാണ്. അത് ബൈഡനെ മോശമായി ബാധിക്കുകയും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് നാശമുണ്ടാക്കുകയും ചെയുന്നു,’ അമിചായി ചിക്ലി പറഞ്ഞു. ജോ ബൈഡന്‍ ദുര്‍ബലനാണെന്നും അദ്ദേഹം ആരോപിച്ചു.
ഇസ്രഈലിന് പിന്തുണ നല്‍കികൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യു.എസില്‍ തടസം നേരിടുന്നെന്നും അതേസമയം ഫലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധങ്ങള്‍ക്ക് പ്രാധാന്യം വര്‍ധിക്കുന്നുവെന്നും അമിചായി ചിക്ലി പറഞ്ഞു.
അതേസമയം നെതന്യാഹു സര്‍ക്കാരിനെതിരെ ഇസ്രഈല്‍ പ്രതിപക്ഷ നേതാവായ യായർ ലാപിഡ് വിമര്‍ശനം ഉയര്‍ത്തി. ഇസ്രഈലിന്റെത് തികഞ്ഞ വിഡ്ഢിത്ത ഭരണമാണെന്ന് യായർ ലാപിഡ് പറഞ്ഞു.
കഴിഞ്ഞ ദിവസം നെതന്യാഹുവിനെതിരെ ഇസ്രഈല്‍ ജനത വന്‍ പ്രതിഷേധം നടത്തിയിരുന്നു. ഇസ്രഈലിലെ 55 സ്ഥലങ്ങളില്‍ നെതന്യാഹുവിനെതിരെ ഇസ്രഈലി ജനത പ്രതിഷേധ റാലികള്‍ നടത്തി. പുതിയ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധങ്ങളെന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Israeli Minister rejects US President Joe Biden