'ഫലസ്തീന്‍ പതാക ഉയര്‍ത്തുന്നത് തീവ്രവാദത്തെ പിന്തുണക്കുന്നതിന് തുല്യം'; നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഇസ്രഈലി മന്ത്രി
World News
'ഫലസ്തീന്‍ പതാക ഉയര്‍ത്തുന്നത് തീവ്രവാദത്തെ പിന്തുണക്കുന്നതിന് തുല്യം'; നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഇസ്രഈലി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th January 2023, 2:57 pm

ടെല്‍ അവീവ്: പൊതുസ്ഥലങ്ങളില്‍ നിന്നും ഫലസ്തീന്‍ പതാകകള്‍ നീക്കം ചെയ്യാന്‍ പൊലീസിനോട് ഉത്തരവിട്ട് പുതിയ ഇസ്രഈലി സര്‍ക്കാരിലെ തീവ്ര വലതുപക്ഷ മന്ത്രിയായ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ (Itamar Ben-Gvir). ഞായറാഴ്ചയായിരുന്നു ഇത് സംബന്ധിച്ച് പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കുന്ന ഉത്തരവ് പുറത്തുവിട്ടത്.

ഫലസ്തീന്‍ പതാക ഉയര്‍ത്തുന്നത് തീവ്രവാദത്തെ പിന്തുണക്കുന്ന പ്രവര്‍ത്തിയാണെന്നാണ് വിവാദ പ്രസ്താവനയില്‍ ബെന്‍-ഗ്വിര്‍ പറയുന്നത്.

ഇസ്രഈലി നിയമമനുസരിച്ച് ഫലസ്തീന്‍ പതാകകള്‍ നിരോധിച്ചിട്ടില്ല, എന്നാല്‍ ‘പൊതുക്രമത്തിന് ഭീഷണി’യാണെന്ന് കരുതുന്ന സന്ദര്‍ഭങ്ങളില്‍ അവ നീക്കം ചെയ്യാനുള്ള അധികാരം ഇസ്രഈലി പൊലീസിനും സൈന്യത്തിനും ഉണ്ടെന്നാണ് ടി.ആര്‍.ടി വേള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നേരത്തെയും തുടര്‍ച്ചയായ ഫലസ്തീന്‍ വിരുദ്ധ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്ന ആളാണ് നെതന്യാഹു സര്‍ക്കാരിലെ ദേശീയ സുരക്ഷാ വിഭാഗം മന്ത്രിയായ ബെന്‍ ഗ്വിര്‍.

ഒരു ഫലസ്തീന്‍ യുവാവിനെ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിവെച്ച് കൊന്ന ഇസ്രഈലി സൈനികനെ പ്രശംസിച്ചുകൊണ്ടും ബെന്‍ ഗ്വിര്‍ പരാമര്‍ശം നടത്തിയിരുന്നു.

ഫലസ്തീന്‍ യുവാവിനെ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിവെച്ച് കൊന്ന ഇസ്രഈലി സൈനികന്‍ ഒരു ‘ഹീറോ’ ആണെന്നും അദ്ദേഹം തന്റെ ജോലി ‘നന്നായി’ ചെയ്തുവെന്നുമായിരുന്നു ബെന്‍ ഗ്വിര്‍ പറഞ്ഞത്.

അധിനിവേശ കിഴക്കന്‍ ജറുസലേമിലെ തര്‍ക്ക സ്ഥലമായ അല്‍-അഖ്സ പള്ളി പ്രദേശത്ത് ജൂതര്‍ക്ക് പ്രാര്‍ത്ഥനക്ക് സൗകര്യമൊരുക്കുന്ന തരത്തില്‍ നിയമങ്ങളില്‍ മാറ്റം കൊണ്ടുവരണമെന്നും നേരത്തെ ബെന്‍ ഗ്വിര്‍ പറഞ്ഞിരുന്നു.

ഇതിനിടെ ബെന്‍ ഗ്വിര്‍ അല്‍ അഖ്‌സ പള്ളി കോമ്പൗണ്ടിനുള്ളില്‍ പ്രവേശിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു.

തീവ്ര വലതുപക്ഷ മന്ത്രിയുടെ അല്‍ അഖ്സ സന്ദര്‍ശനം അങ്ങേയറ്റം പ്രകോപനപരമാണെന്നാണ് വിഷയത്തില്‍ ഫലസ്തീന്‍ പ്രതികരിച്ചത്.

ബെന്‍ ഗ്വിറിന്റെ സന്ദര്‍ശനത്തെ അപലപിച്ച സൗദി വിദേശകാര്യ മന്ത്രാലയം ഇസ്രഈല്‍ മന്ത്രിയുടെ നടപടി അങ്ങേയറ്റം പ്രകോപനപരമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Content Highlight: Israeli minister Itamar Ben-Gvir orders removal of Palestinian flags from public spaces