ഗസ: യുദ്ധത്തിന് ശേഷം ജൂത കുടിയേറ്റക്കാർ ഗസ മുനമ്പിലേക്ക് തിരികെ വരണമെന്നും ഫലസ്തീനി ജനതയെ പലായനം ചെയ്യാൻ പ്രോത്സാഹിപ്പിക്കണമെന്നും ഇസ്രഈലി ധനകാര്യ മന്ത്രി ബെസാലെൽ സ്‌മോട്രിച്ച്.
‘സുരക്ഷ ഉറപ്പാക്കാൻ നമ്മൾ പ്രദേശം പൂർണമായും നിയന്ത്രണത്തിലാക്കണം. ദീർഘകാലത്തേക്ക് സൈനികമായി പ്രദേശം നിയന്ത്രണവിധേയമാക്കാൻ അവിടെ പൗരന്മാരുടെ സാന്നിധ്യം വേണം,’ ഗസയിൽ ഇസ്രഈൽ സെറ്റിൽമെന്റ് പുനസ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇസ്രഈലിന്റെ ആർമി റേഡിയോയിൽ സ്‌മോട്രിച്ച് മറുപടി പറഞ്ഞു.
2005ൽ ഗസയിൽ നിന്ന് ജൂത കൂടിയേറ്റക്കാരെയും സൈനികരെയും പിൻവലിച്ച ഇസ്രഈൽ, 1967ൽ ആരംഭിച്ച ഗസയിലെ സാന്നിധ്യം പൂർണമായി അവസാനിപ്പിച്ചിരുന്നു. എന്നാൽ അതിർത്തിയുടെ നിയന്ത്രണം പൂർണമായി തുടർന്നുവന്നു.
ഗസയിൽ നിന്ന് ഇസ്രഈൽ കുടിയേറ്റം അവസാനിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ചതിന് സ്‌മോട്രിച്ചിനെ 2005ൽ അറസ്റ്റ് ചെയ്തിരുന്നു.
ഇസ്രഈൽ അംഗീകരിച്ചതാണെങ്കിലും അല്ലെങ്കിലും അധിനിവേശ ഫലസ്തീനിലെ മുഴുവൻ കുടിയേറ്റങ്ങളും അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം നിയമവിരുദ്ധമാണ്.
ഭരണ മുന്നണിയിലെ തീവ്ര ദേശീയ സയണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷനാണ് സ്‌മോട്രിച്ച്. ഗസയിലെ 24 ലക്ഷം ഫലസ്തീനികളെ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കുവാൻ ഇസ്രഈൽ മുൻകൈ എടുക്കണമെന്ന് സ്‌മോട്രിച്ച് പറഞ്ഞു.
‘തന്ത്രപരമായി ശരിയായ രീതിയിൽ പ്രവർത്തിച്ച് കുടിയേറ്റത്തെ നമ്മൾ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ, രണ്ട് മില്യൺ അറബികൾക്ക് പകരം ഒരു ലക്ഷമോ രണ്ട് ലക്ഷമോ ആണ് ഉള്ളതെങ്കിൽ, യുദ്ധം കഴിഞ്ഞ് പിറ്റേ ദിവസത്തെ കുറിച്ചുള്ള ചർച്ച തികച്ചും വ്യത്യസ്തമായിരിക്കും,’ അദ്ദേഹം പറഞ്ഞു.
തങ്ങൾക്ക് ചുറ്റുമുള്ള അറബ് രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സഹായത്തോടെ അഭയാർത്ഥികളെ മറ്റു രാജ്യങ്ങളിൽ പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രഈൽ രാഷ്ട്രത്തെ തകർക്കാൻ ആഗ്രഹിക്കുന്ന രണ്ട് മില്യൺ ജനങ്ങളുടെ കേന്ദ്രമായി ഗസയെ നിലനിർത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്നും സ്‌മോട്രിച്ച് പറഞ്ഞു.
യു.എസ് ആവശ്യപ്പെട്ടിട്ടും ഗസയിൽ നിന്ന് പിരിച്ചെടുത്ത നികുതി പണം ഫലസ്തീൻ അതോറിറ്റിക്ക് തിരികെ നൽകാൻ തയ്യാറല്ലെന്ന് നേരത്തെ സ്‌മോട്രിച്ച് അറിയിച്ചിരുന്നു.
Content Highlight: Israeli minister calls for return of settlers to Gaza wants Gazans encouraged to leave