| Wednesday, 7th February 2024, 7:55 am

'ബൈഡന് അൽഷിമേഴ്സ് രോഗമാണ്'; മകന്റെ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് ഇസ്രഈൽ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: യു.എസ് പ്രസിഡന്റ്‌ ജോ ബൈഡന് അൽഷിമേഴ്‌സ് രോഗമാണെന്ന മകന്റെ എക്സ് പോസ്റ്റിൽ മാപ്പ് പറഞ്ഞ് ഇസ്രഈൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിർ.

മകന്റെ പോസ്റ്റിനെ അപലപിച്ച ബെൻ ഗ്വിർ, ട്വീറ്റ് ഗുരുതരമായ തെറ്റാണെന്നും താനത് നിരാകരിക്കുന്നു എന്നും പറഞ്ഞു.

‘യു.എസ്.എ നമ്മുടെ ഏറ്റവും നല്ല സുഹൃത്താണ്. പ്രസിഡന്റ്‌ ബൈഡൻ ഇസ്രഈലിന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ പെരുമാറ്റത്തോട് എനിക്കും വിയോജിപ്പുണ്ടെങ്കിലും അപമാനകരമായ ശൈലിക്ക് ഇവിടെ സ്ഥാനമില്ല,’ ബെൻ ഗ്വിർ പറഞ്ഞു.

ബൈഡന് മറവിരോഗമായ അൽഷിമേഴ്സുണ്ടെന്നും അത് ഒരു വ്യക്തിയുടെ താളം തെറ്റിക്കുമെന്നുമായിരുന്നു ബെൻ ഗ്വിറിന്റെ മകൻ ഷുവേൽ ബെൻ ഗ്വിർ പോസ്റ്റ്‌ ചെയ്തത്.

‘ഈ പ്രയാസകരമായ സന്ദർഭത്തിൽ ബുദ്ധിമാന്ദ്യത്തിനും ഡിമെൻഷ്യക്കും കാരണമായ അൽഷിമേഴ്സിനെ കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് ഒരു വ്യക്തിയുടെ പ്രവർത്തനങ്ങളെയും കഴിവുകളെയും ഗുരുതരമായി ബാധിക്കുന്ന രോഗമാണ്,’ ബൈഡന്റെ ഫോട്ടോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

പിതാവിന്റെ ഖേദപ്രകടനത്തെ തുടർന്ന് ‘മിസ്റ്റർ പ്രസിഡന്റ്‌, സോറി’ എന്ന വാചകത്തോടെ ഷുവേൽ ബെൻ ഗ്വിർ ബൈഡന്റെ മറ്റൊരു ഫോട്ടോ എക്‌സിൽ പോസ്റ്റ്‌ ചെയ്തു. വിവാദമായ പഴയ പോസ്റ്റ്‌ ഡിലീറ്റും ചെയ്തു.

ബൈഡനേക്കാൾ ട്രംപിനോടാണ് തനിക്ക് താത്പര്യമെന്ന് ബെൻ ഗ്വിർ നേരത്തെ പറഞ്ഞിരുന്നു. ഗസക്ക് ബൈഡൻ ഭരണകൂടം മാനുഷിക സഹായവും ഇന്ധനവും ലഭ്യമാക്കുന്നതിനോട് അദ്ദേഹം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

ട്രംപായിരുന്നു ഭരണത്തിലെങ്കിൽ യു.എസിന്റെ രീതികൾ തികച്ചും വ്യത്യസ്തമായിരുന്നേനെ എന്ന് അദ്ദേഹം വോൾ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞിരുന്നു.

Content highlight: Israeli minister apologizes for son’s dementia comment about Biden

We use cookies to give you the best possible experience. Learn more