റഫയിലെ കര ആക്രമണം; പ്രദേശത്ത് നിന്ന് സ്വന്തം പൗരന്മാരെ മാറ്റിപ്പാര്‍പ്പിക്കാനൊരുങ്ങി ഇസ്രഈല്‍
World
റഫയിലെ കര ആക്രമണം; പ്രദേശത്ത് നിന്ന് സ്വന്തം പൗരന്മാരെ മാറ്റിപ്പാര്‍പ്പിക്കാനൊരുങ്ങി ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th April 2024, 12:58 pm

ജറുസലേം: ഗസയുടെ തെക്കേ അറ്റത്തുള്ള നഗരത്തില്‍ ആസൂത്രിത കര ആക്രമണം നടത്തുന്നതിന് മുന്നോടിയായി സ്വന്തം പൗരന്മാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഇസ്രഈല്‍ തയ്യാറാടെക്കുന്നതായി സൂചന.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് ഷിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

താരതമ്യേന സുരക്ഷിത മേഖല എന്ന് പറയപ്പെടുന്ന റഫ മേഖലയില്‍ 1.4 ദശലക്ഷം ഫലസ്തീനികളാണ് അഭയാര്‍ത്ഥികളായുള്ളത്.

റഫയില്‍ ഇസ്രഈല്‍ കര ആക്രമണം നടത്താന്‍ സാധ്യത കൂടുതലാണെന്നാണ് ഇസ്രഈലിന്റെ വാര്‍ ടൈം കാബിനറ്റും, സെക്യൂരിറ്റി കാബിനറ്റും വ്യാഴാഴ്ച നടത്തിയ ചര്‍ച്ച പറയുന്നത്.

ഗസയില്‍ ഹമാസ് ബന്ദിയാക്കി വച്ചിരിക്കുന്ന 100 ഓളം ഇസ്രഈലി തടവുകാരുടെ മോചനത്തിനും വെടിനിര്‍ത്തല്‍ കരാര്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള പുതിയ ശ്രമങ്ങളും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.

മാര്‍ച്ച് അവസാനത്തോടെ തന്നെ കര മാര്‍ഗം റഫയില്‍ ആക്രമണം നടത്തുന്നതിനെ കുറിച്ച് നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. അന്തിമ തീരുമാനം വന്നിട്ടില്ല. ഗസയില്‍ ഇനിയൊരു കര ആക്രമണം നടന്നാല്‍ അത് ജനങ്ങള്‍ക്കുമേല്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കുമെന്ന് യുണൈറ്റഡ് നേഷന്‍സ് അറിയിച്ചു.

ഒക്ടോബര് 7 നു ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ ഹമാസിന്റെ 19 ബറ്റാലിയനും നാമാവശേഷമാക്കി എന്നാണ് ഇസ്രഈല്‍ അവകാശപ്പെടുന്നത്. 24 ബറ്റാലിയെനുകളാണ് ഹമാസിനുള്ളത്. ശേഷിക്കുന്നവ റഫ അതിര്‍ത്തിയില്‍ ഉണ്ടെന്നും അതിനാല്‍ കര ആക്രമണപദ്ധതി ഉപേക്ഷിക്കില്ലെന്നും നെതന്യാഹു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വ്യോമാക്രമണവും ശക്തമാക്കിയിരുന്നു.

ഗസ അതിര്‍ത്തിയില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ വന്‍ വാഹനവ്യൂഹം ആക്രമണത്തിന് തയ്യാറായി നില്‍ക്കുന്നതായും പുതിയ താവളം ഒരുക്കുന്നതായും സൂചനയുണ്ട്.

നെഗേവ് ലക്ഷ്യമാക്കിയാണ് സൈന്യത്തിന്റെ യാത്ര. സൈനിക വിന്യാസം അന്തിമഘട്ടത്തിലാണെന്ന് ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനിടെ ലെബനാനിലും ഇസ്രേഈല്‍ ആക്രമണം കടുപ്പിച്ചിട്ടുണ്ട്.

അതേസമയം റഫയിലെ കരയുദ്ധത്തില്‍ നിന്നും പിന്തിരിയണമെന്ന അന്താരാഷ്ട്ര എതിര്‍പ്പുകള്‍ ഒന്നും ഇസ്രഈല്‍ ചെവിക്കൊണ്ടിട്ടില്ല.

Content Highlight: Israeli media predict offensive in Gaza’s Rafah soon