ഭക്ഷണത്തിനായി കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ ഇസ്രഈൽ സേനയുടെ വെടിവെപ്പ്; 104 പേർ കൊല്ലപ്പെട്ടു
World News
ഭക്ഷണത്തിനായി കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ ഇസ്രഈൽ സേനയുടെ വെടിവെപ്പ്; 104 പേർ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th February 2024, 8:23 pm

ഗസ: ഭക്ഷണത്തിനായി കാത്ത് നിൽക്കുകയായിരുന്ന ഫലസ്തീനികൾക്ക് നേരെയുള്ള ഇസ്രഈലി സേനയുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത് 104 പേർ. ഗസ നഗരത്തിലെ അൽ റഷീദ് തെരുവിലാണ് സംഭവം.

സംഭവത്തെ കൂട്ടക്കൊലയെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വിശേഷിപ്പിച്ചു.

പ്രദേശത്തേക്കുള്ള സഹായങ്ങൾ പൂർണമായും ഇസ്രഈലി സേന റദ്ദാക്കിയതിനെ തുടർന്ന് ആഹാരത്തിനായി ഒരുമിച്ചു കൂടിയതായിരുന്നു ഗസ നഗരത്തിലെ നിവാസികൾ.

സംഭവസ്ഥലത്ത് എത്തിയപ്പോൾ നൂറോളം മൃതദേഹങ്ങൾ നിലത്ത് കിടക്കുന്നതാണ് കണ്ടതെന്ന് കമാൽ അദ്വാൻ ആശുപത്രിയിലെ ആംബുലസ് സർവീസിന്റെ അധ്യക്ഷൻ ഫാരിസ് അഫന പറഞ്ഞു.

പരിക്കേറ്റവരെയും മരണപ്പെട്ടവരെയും മുഴുവൻ ആശുപത്രിയിൽ എത്തിക്കുവാൻ മതിയായ ആംബുലൻസുകൾ ഇല്ലാത്തതിനാൽ പലരെയും കഴുത വണ്ടികളിലാണ് കൊണ്ടുപോയത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിതരണം ചെയ്യാൻ എത്തിച്ച സാധനങ്ങൾ തട്ടിപ്പറിക്കാൻ ട്രക്കുകൾക്ക് ചുറ്റും കൂടിയതിനെ തുടർന്ന് ഉന്തലിലും തള്ളലിലും ട്രക്കുകൾ കയറിയിറങ്ങിയുമാണ് ഫലസ്തീനികൾ കൊല്ലപ്പെട്ടതെന്നാണ് ഇസ്രഈൽ സേനയുടെ വാദം.

ട്രക്കുകൾക്ക് ചുറ്റും ഫലസ്തീനികൾ കൂട്ടം കൂടുന്നതിന്റെ ഏരിയൽ ഫൂട്ടേജും അവർ പുറത്തുവിട്ടു.

എന്നാൽ വീഡിയോ ഫൂട്ടേജിൽ വെടിയുതിർക്കുന്നത് വളരെ വ്യക്തമാണ്. സേന ഫലസ്തീനികൾക്കെതിരെ വെടിവെച്ചുവെന്നും കൂട്ടംകൂടി നിന്ന് ജനങ്ങൾ ഒരു ഭീഷണിയാണെന്ന് സൈനികർക്ക് തോന്നിയെന്നും വാർത്താ ഏജൻസിയായ എ.എഫ്.പിക്ക് ഇസ്രഈൽ വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചിരുന്നു.

Content Highlight: Israeli ‘massacre’ kills over 100 Palestinians seeking food in Gaza City