|

ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് ജൂത സ്ത്രീയെ ആക്രമിച്ച് ഇസ്രഈലി പൗരൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് ജൂത സ്ത്രീയെ ആക്രമിച്ച് ഇസ്രഈലി പൗരൻ. കിഴക്കൻ ജറുസലേമിലാണ് സംഭവം നടന്നത്. അക്രമി 70 വയസുള്ള ജൂത സ്ത്രീയുടെ വീടിനുള്ളിൽ അതിക്രമിച്ച് കടന്ന് കോടാലി ഉപയോഗിച്ച് അവരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 70കാരിയെ ഷാരെ സെഡെക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്രിസ്ത്യൻ വിരുദ്ധ വിദ്വേഷമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നതായി ഇസ്രഈലി പത്രപ്രവർത്തകൻ യോസി എലി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിനിരയായ ഇരയായ ജൂത-ഇസ്രഈൽ സ്ത്രീ അപകട നില തരണം ചെയ്തു. ഇവർ ക്രിസ്ത്യാനി ആണെന്ന് സംശയിച്ചാണ് ഇസ്രഈൽ പൗരൻ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ക്രിസ്‌ത്യൻ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തുടർന്ന് പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടി. ഗുരുതര പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ തുടരുകയാണ്.

സമീപ വർഷങ്ങളിൽ വൈദികരും വിനോദസഞ്ചാരികളും ഉൾപ്പെടെ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ ജറുസലേമിൽ വർധിച്ചിട്ടുണ്ട്. ഇസ്രഈലികൾ പുരോഹിതർക്ക് നേരെ തുപ്പുകയും അധിക്ഷേപങ്ങൾ ചൊരിയുകയും ചെയ്യാറുണ്ട്. കൂടാതെ ഇസ്രഈൽ പൊലീസ് ഇതിന് പിന്തുണ നൽകുന്നുവെന്ന അധിക്ഷേപവും ഉയരുന്നുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് അമേരിക്കയിലെ ഫ്ളോറിഡയിൽ ഫലസ്തീനികളെന്നു തെറ്റിദ്ധരിച്ച് രണ്ട് ഇസ്രഈലികൾക്കു നേരെ യുവാവ് വെടിയുതിർത്തിരുന്നു. ഇസ്രഈലിൽനിന്ന് വിനോദ സഞ്ചാരികളായി എത്തിയ അച്ഛനും മകനും നേരെ മയാമി ബീച്ചിൽ വച്ച് 17 തവണ വെടിവെച്ച മൊർദെചായ് ബ്രാഫ്‌മാൻ (27) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ജൂതമത വിശ്വാസിയായ പ്രതി, ഫലസ്തീനികളെന്നു തെറ്റിദ്ധരിച്ചാണ് ഇസ്രഈയേലി പൗരന്മാർക്കു നേരെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു.

തന്റെ ട്രക്ക് ഓടിച്ചു വരുന്നതിനിടെ ബ്രാഫ്‌മാൻ മയാമി ബീച്ചിനു സമീപം കാറിൽ സഞ്ചരിക്കുകയായിരുന്ന വിദേശികൾക്കു നേരെ സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ‘രണ്ട്’ ഫലസ്തീനികളെ കണ്ടപ്പോൾ അവരെ വെടിവെച്ചു കൊന്നു’ എന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. എന്നാൽ, ഒരാൾക്ക് ഇടതുചുമലിൽ വെടിയേൽക്കുകയും മറ്റൊരാളുടെ ഇടതു കൈപ്പത്തിയിലൂടെ വെടിയുണ്ട തുളച്ചു കയറുകയുമാണ് ചെയ്‌തതെന്നും ഇവരുടെ ജീവന് അപായമില്ലെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Content Highlight: Israeli man attacks Jewish woman, mistaking her for a Christian

Video Stories