ഒരു ലക്ഷം ഫലസ്തീനികളെ സൈന്യം കൊല്ലണമായിരുന്നു; ഗസയില്‍ നടത്തേണ്ടിയിരുന്നത് മാരകമായ ആക്രമണമെന്ന് ഇസ്രഈല്‍ മാധ്യമപ്രവര്‍ത്തകന്‍
World News
ഒരു ലക്ഷം ഫലസ്തീനികളെ സൈന്യം കൊല്ലണമായിരുന്നു; ഗസയില്‍ നടത്തേണ്ടിയിരുന്നത് മാരകമായ ആക്രമണമെന്ന് ഇസ്രഈല്‍ മാധ്യമപ്രവര്‍ത്തകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th December 2023, 7:51 pm

ടെല്‍ അവീവ്: ഗസയില്‍ ഇസ്രഈല്‍ ഭരണകൂടം ആക്രമണം തുടരുന്നതിനിടയില്‍ നഗരത്തിലെ ഒരു ലക്ഷം ഫലസ്തീനികളെ അധിനിവേശ സൈന്യം കൊലപ്പെടുത്തേണ്ടിയിരുന്നുവെന്ന് ഇസ്രഈലി മാധ്യമപ്രവര്‍ത്തകന്‍. ഇസ്രഈല്‍ മാധ്യമസ്ഥാപനമായ ചാനല്‍ 13ന്റെ അറബ്കാര്യ ലേഖകനായ സെവി യെഹേകേലി ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കവെയാണ് പരാമര്‍ശം നടത്തിയത്.

തന്റെ അഭിപ്രായത്തില്‍ ഐ.ഡി.എഫ് ഗസയില്‍ മാരകമായ ആക്രമണങ്ങള്‍ നടത്തേണ്ടതായിരുന്നെന്നും ആ ആക്രമണത്തില്‍ 100,000 ഫലസ്തീനികള്‍ കൊല്ലപ്പെടണമായിരുന്നെന്നും യെഹേകേലി പറഞ്ഞു. കൊല്ലപെടുന്നവരില്‍ ഹമാസ് അംഗങ്ങള്‍ ഉണ്ടാകണമെന്നും അതില്‍ 20,000ലധികം ഹമാസിന്റെ പ്രവര്‍ത്തകര്‍ വേണമായിരുന്നെന്നും യെഹേകേലി കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊല്ലപ്പെടുന്ന ഒരു ലക്ഷം ഫലസ്തീനികളില്‍ എല്ലാവരും ഹമാസ് നേതാക്കള്‍ ആയിരിക്കില്ലെന്ന് അറിയാമെന്നും യുദ്ധത്തില്‍ പങ്കെടുത്തവര്‍ ആരാണെന്നും പങ്കെടുക്കാത്തവര്‍ ആരൊക്കെയാണെന്നും നിരപരാധികള്‍ ആരെല്ലാമാണെന്നും തനിക്കറിയില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.

ഒക്ടോബര്‍ 7ന് ഇസ്രഈലില്‍ ഹമാസ് പ്രത്യാക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇസ്രഈല്‍ ഭരണകൂടം ഫലസ്തീനില്‍ താന്‍ പറഞ്ഞ രീതിയിലുള്ള ആക്രമണം അഴിച്ചുവിടേണ്ടിയിരുന്നുവെന്ന് 100,000 പേരെ കൊല്ലാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തെ ഉദ്ധരിച്ചുകൊണ്ട് യെഹേകേലി പറഞ്ഞു. ഇത്തരത്തിലുള്ള മാരകമായ ആക്രമണം നേരത്തെ തന്നെ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനും കാരണമായേനെയെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു.

ഗാസയില്‍ ഇസ്രഈല്‍ സൈന്യം നടത്തുന്ന ആക്രമണത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചില്ലെങ്കില്‍ ഭരണസഖ്യം വിടുമെന്ന് ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞതായി ഇസ്രഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 73 ദിവസത്തെ യുദ്ധത്തിന് ശേഷവും ഹമാസ് അചഞ്ചലമായി ഫലസ്തീനില്‍ തുടരുകയാണെന്ന് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഇസ്രഈല്‍ മന്ത്രി കുറ്റപ്പെടുത്തി.

ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഇതുവരെ 19,667 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാവുന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Israeli journalist says deadly attack should have been carried out in Gaza