ടെല്‍ അവീവ്: കാനഡയിലേക്കുള്ള ഇസ്രഈലികളുടെ കുടിയേറ്റം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2024ല്‍ 10,000 ഇസ്രഈലികള്‍ കാനഡയിലേക്ക് കുടിയേറിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇസ്രഈലി പത്രമായ ഹാരെറ്റ്സ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
റിപ്പോര്‍ട്ട് അനുസരിച്ച് 7850 ഇസ്രഈലികളാണ് 2024ല്‍ കാനഡയില്‍ തൊഴില്‍ വിസയ്ക്കായി അപേക്ഷിച്ചത്. അപേക്ഷ നല്കിയ മുഴുവന്‍ ആളുകള്‍ക്കും വിസ ലഭിച്ചതായാണ് വിവരം.
2023നെ അപേക്ഷിച്ച് നോക്കുമ്പോള്‍ അഞ്ചിരട്ടി വര്‍ധനവാണ് കാനഡയിലേക്കുള്ള കുടിയേറ്റത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 1,585 ആയിരുന്നു.
2023 ഡിസംബറിനും 2024 സെപ്റ്റംബറിനും ഇടയില്‍ 3425 താത്കാലിക വിസകളാണ് കാനഡ ഇസ്രഈലികള്‍ക്ക് അനുവദിച്ചത്. 4,424 റെഗുലര്‍ വര്‍ക്ക് പെര്‍മിറ്റുകളും കാനഡ നല്‍കിയിട്ടുണ്ട്.
ഗസയിലെ സംഘര്‍ഷം, ഇസ്രഈലിലെ സുരക്ഷ, രാഷ്ട്രീയ-സൈനിക സമ്മര്‍ദം തുടങ്ങിയ വിഷയങ്ങള്‍ കുടിയേറ്റത്തിന് കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍.
അതേസമയം ഗസയില്‍ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അടക്കം ഇസ്രഈലികള്‍ പ്രതിഷേധം നടത്തിയിരുന്നു. ബന്ദികളുടെ കുടുംബാംഗങ്ങളാണ് നെതന്യാഹുവിനെതിരെ തെരുവിലിറങ്ങിയത്.
ഈ സാഹചര്യത്തിലാണ് ഇസ്രഈലികള്‍ കാനഡയിലേക്ക് കുടിയേറുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒക്ടോബര്‍ ഏഴിന് ഫലസ്തീന് സായുധ സംഘടനായ ഹമാസ് തെക്കന്‍ ഇസ്രഈലില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 1200 ഇസ്രഈലികള്‍ കൊല്ലപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഫലസ്തീന്-സംഘര്‍ഷം രൂക്ഷമായത്. പിന്നാലെ ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 43,799 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 103,601 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗസയ്ക്ക് പുറമെ ലെബനനിലും ഇസ്രഈല്‍ ആക്രമണം തുടരുകയാണ്. ഇസ്രഈലിന്റെ ആക്രമണത്തില്‍ 3,452 ആളുകളാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിന് ആളുകള്‍ സിറിയയിലേക്ക് പലായനം ചെയ്തിട്ടുമുണ്ട്.
Content Highlight: Israeli immigration to Canada is reportedly on the rise