തെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയ ഇസ്രഈലികള്‍ക്ക് നേരെ ഇസ്രഈലി സേനയുടെ ഹെലികോപ്റ്റര്‍ വെടിയുതിര്‍ത്തെന്ന് വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് ഇസ്രഈലി വാര്‍ത്താ പോര്‍ട്ടല്‍ വൈനെറ്റ്.
ഇസ്രഈലിന്റെ യുദ്ധ കാല കാബിനെറ്റും ഹമാസ് മോചിപ്പിച്ച ഇസ്രഈലി ബന്ദികളും ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കളും തമ്മില്‍ ഡിസംബര്‍ അഞ്ചിന് നടന്ന യോഗത്തിന്റെ ഓഡിയോയാണ് പുറത്തുവന്നത്.
തങ്ങള്‍ക്ക് വേണ്ടി ആരും ഒന്നും ചെയ്തില്ലെന്നും ഗസയിലേക്കുള്ള യാത്രാ മധ്യേ തങ്ങളെ ഒരു ഹെലികോപ്റ്റര്‍ വെടിവെച്ചുവെന്നും മോചിതയായ ഇസ്രഈലി വനിത പറയുന്നത് ഓഡിയോയില്‍ കേള്‍ക്കാം.
‘ഞങ്ങള്‍ക്ക് വേണ്ടി ആരും ഒന്നും ചെയ്യുന്നില്ല എന്ന തോന്നലാണ് ഞങ്ങള്‍ക്ക് അവിടെ ഉണ്ടായിരുന്നത്. ഷെല്ലാക്രമണത്തില്‍ തകര്‍ന്ന ഒരു ഒളിത്താവളത്തിലായിരുന്നു ഞാന്‍. തുടര്‍ന്ന് ഞങ്ങള്‍ക്ക് പുറത്ത് കടക്കേണ്ടി വന്നു, ഞങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. ഗസയിലേക്കുള്ള യാത്രാ മധ്യേ ഞങ്ങള്‍ക്ക് നേരെ ഒരു ഹെലികോപ്റ്റര്‍ വെടിയുതിര്‍ത്തതിന് പുറമേയാണ് ഇതെല്ലാം.
ഞങ്ങള്‍ക്ക് നേരെ ഷെല്ലാക്രമണം ഉണ്ടായി. ഞങ്ങള്‍ എവിടെയായിരുന്നു എന്ന് ആര്‍ക്കും അറിയില്ലായിരുന്നു എന്നതാണ് വസ്തുത. ഇന്റലിജന്‍സ് ഉണ്ടെന്നൊക്കെ നിങ്ങള്‍ അവകാശപ്പെടുന്നു. പക്ഷേ സത്യം എന്തെന്നാല്‍ ഞങ്ങള്‍ക്കെതിരെ ഷെല്ലാക്രമണം നടന്നുകൊണ്ടിരിക്കുകയായിരുന്നു,’ മോചിപ്പിക്കപ്പെട്ട സ്ത്രീ പറഞ്ഞു.
ഹമാസില്‍ നിന്ന് മോചിപ്പിക്കപ്പെട്ടവരും അവരുടെ ബന്ധുക്കളും ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ അതൃപ്തി അറിയിച്ചു.
ഹമാസിന്റെ തുരങ്കങ്ങളില്‍ കഴിയുമ്പോള്‍ ഹമാസല്ല, ഇസ്രഈലാണ് ബോംബാക്രമണത്തില്‍ തങ്ങളെ കൊല്ലാന്‍ പോകുന്നതെന്ന് ഭയന്നിരുന്നുവന്നും എത്രയും വേഗം ബന്ദികളുടെ കൈമാറ്റം നടക്കണമെന്നും മോചിപ്പിക്കപ്പെട്ട മറ്റൊരാള്‍ പറഞ്ഞു.
‘ഹമാസല്ല, മറിച്ച് ഇസ്രഈലായിരിക്കും ഞങ്ങളെ കൊലപ്പെടുത്തുക എന്ന് ഭയന്നായിരുന്നു ഞങ്ങള്‍ തുരങ്കങ്ങളില്‍ കഴിഞ്ഞത്. എന്നിട്ട് അവര്‍ ഹമാസ് ഞങ്ങളെ കൊലപ്പെടുത്തി എന്ന് പറയുമെന്ന് തോന്നി. അതുകൊണ്ട്, എത്രയും വേഗം ബന്ദികളുടെ കൈമാറ്റം നടക്കണം. എല്ലാവരും വീടുകളില്‍ തിരിച്ചെത്തണം.
ഇതില്‍ ആര് ആദ്യം പോകണമെന്ന അധികാര വ്യത്യാസം ഉണ്ടാകരുത്. എല്ലാവരും ഒരുപോലെ പ്രധാനമാണ്,’ മോചിപ്പിക്കപ്പെട്ട വ്യക്തി പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് ഇസ്രഈലില്‍ നടന്ന മ്യൂസിക് ഫെസ്റ്റിവലില്‍ ഹമാസിന് നേരെ വെടിയുതിര്‍ത്ത ഇസ്രഈലി സേന പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നേരെയും വെടിയുതിര്‍ത്തതായി ഇസ്രഈലി പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്വന്തം സൈനികരെ രക്ഷിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കാന്‍ അനുവാദം നല്‍കുന്ന ഹാനിബല്‍ പ്രോട്ടോകോള്‍ പ്രകാരം സ്വന്തം പൗരന്മാര്‍ക്കെതിരെയും ഇസ്രഈല്‍ വെടിയുതിര്‍ത്തതായി ഇസ്രഈലി സൈനികയുടെ വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു.
content highlights; Israeli helicopter fire on Hamas hostages; Israeli media released the audio
ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍