| Monday, 25th November 2024, 7:59 am

ഹാരെറ്റ്‌സ് ദിനപത്രത്തെ ഉപരോധിച്ച് ഇസ്രഈല്‍; മുഴുവന്‍ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇസ്രഈലി ദിനപത്രമായ ഹാരെറ്റ്സിനെ ഉപരോധിക്കാന്‍ തീരുമാനിച്ച് നെതന്യാഹു സര്‍ക്കാര്‍. ഇസ്രഈലിനെതിരെ ലേഖനങ്ങള്‍ എഴുതിയെന്നും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

നിലവില്‍ ഹാരെറ്റ്സുമായുള്ള ആശയവിനിമയം അവസാനിപ്പിക്കാനും പത്രത്തില്‍ നിന്നുള്ള പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന എല്ലാ സംഘടനകളോടും നിര്‍ദേശിക്കാനും ഉത്തരവിടുന്ന പ്രമേയത്തിന് ഇസ്രഈല്‍ അംഗീകാരം നല്‍കി.

സ്വയം പ്രതിരോധിക്കാനുള്ള ഇസ്രഈലിന്റെ അവകാശത്തെയാണ് ഹാരെറ്റ്‌സ് വിമര്‍ശിച്ചതെന്നും തീവ്രവാദത്തെ പിന്തുണച്ചെന്നുമാണ് ഇസ്രഈലിന്റെ വാദം.

ഇസ്രഈലിന്റെ ഉപരോധ നടപടിക്കെതിരെ ഹാരെറ്റ്‌സ് പ്രതികരിച്ചു. നിയമപരമായ പിന്തുണയില്ലാതെ പാസാക്കിയ ഹാരെറ്റ്സിനെ ബഹിഷ്‌കരിക്കാനുള്ള അവസരവാദ പ്രമേയം ഇസ്രഈലി ജനാധിപത്യത്തെ തകര്‍ക്കാനുള്ള നെതന്യാഹുവിന്റെ യാത്രയിലെ മറ്റൊരു ചുവടുവെപ്പാണെന്നാണ് പത്രത്തിന്റെ പ്രതികരണം.

‘സുഹൃത്തുക്കളായ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍, ഹംഗേറിയന്‍ പ്രസിഡന്റ് വിക്ടര്‍ ഓര്‍ബന്‍ എന്നിവരെ പോലെ നെതന്യാഹുവും സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കേണ്ട പത്രങ്ങളെ നിശബ്ദമാക്കുകയാണ്,’ ഇസ്രഈലി പത്രം വിമര്‍ശിച്ചു.

സര്‍ക്കാരും അതിന്റെ ഉന്നതതല നേതാവും അംഗീകരിച്ച സന്ദേശങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഒരു സര്‍ക്കാര്‍ ലഘുലേഖയായി തങ്ങള്‍ പ്രവര്‍ത്തിക്കുകയുമില്ലെന്നും ഹാരെറ്റ്‌സ് വ്യക്തമാക്കി. ഉപരോധ നടപടിക്ക് മുമ്പേ നിയമപരമായ ഉത്തരവോ മറ്റോ ലഭിച്ചിട്ടില്ലെന്നും ഹാരെറ്റ്‌സ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നവംബറിന്റെ തുടക്കത്തില്‍ ഹാരെറ്റ്‌സ് ദിനപത്രത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഫലസ്തീനികളെ ‘സ്വാതന്ത്ര്യ സമരസേനാനി’കള്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ ഫലസ്തീനികളെ പിന്തുണച്ച പ്രസാധകനെ തള്ളി നെതന്യാഹു സര്‍ക്കാര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

ആമോസ് ഷോക്കനാണ് ഫലസ്തീനികളെ പിന്തുണച്ചുകൊണ്ട് സംസാരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ ഹാരെറ്റ്‌സ് എഡിറ്റോറിയല്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. ഹമാസ് ഉള്‍പ്പെടെയുള്ള ഫലസ്തീന്‍ ഗ്രൂപ്പുകളുടെ ആക്രമണങ്ങളെ അപലപിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ആമോസിനെ തള്ളുന്നുവെന്നാണ് ഹാരെറ്റ്സ് എഴുതിയത്.

Amos Schocken

ഒക്ടോബറില്‍ ലണ്ടനില്‍ വെച്ച് നടന്ന ഒരു കോണ്‍ഫറന്‍സിലാണ് ആമോസ് ഫലസ്തീനികളെ സ്വാതന്ത്ര്യ സമര സേനാനികള്‍ എന്ന് വിശേഷിപ്പിച്ചത്. ഫലസ്തീന്‍ ജനതയുടെ മേല്‍ വര്‍ണവിവേചനവും ക്രൂരതയും അടിച്ചേല്‍പ്പിക്കുന്നത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു ഗൗരവതരമായ വിഷയമാണെന്ന് കരുതുന്നില്ലെന്നും ആമോസ് പറഞ്ഞിരുന്നു.

ഇസ്രഈല്‍ ഫലസ്തീനികളെ ‘ഭീകരര്‍’ എന്നാണ് വിളിക്കുന്നത്. എന്നാല്‍ സ്വാതന്ത്ര്യ സമര സേനാനികളായ ഫലസ്തീനികളെ അടിച്ചമര്‍ത്തുന്നതിന് അനുസരിച്ച് ഇരുരാജ്യങ്ങളും വലിയ നഷ്ടങ്ങളാണ് വഹിക്കേണ്ടി വരുന്നതെന്നും ആമോസ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആമോസിന്റെ അഭിപ്രായപ്രകടനം ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഉള്‍പ്പെടെയുള്ളവരെ ചൊടിപ്പിക്കുകയായിരുന്നു.

അതേസമയം കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസ്താവന അതേ വേദിയില്‍ വെച്ച് ആമോസ് തിരുത്താന്‍ ശ്രമം നടത്തിയിരുന്നു. ഹമാസിനെ സ്വാതന്ത്ര്യ സമര സേനാനികളായി താന്‍ പ്രത്യേകമായി കണക്കാക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

തുടര്‍ന്ന് ഹാരെറ്റ്‌സിന് നല്‍കുന്ന പരസ്യങ്ങള്‍ പിന്‍വലിക്കാനും റീഫണ്ടുകള്‍ തേടാന്‍ സ്ഥാപനത്തെ അനുവദിക്കരുതെന്നും ഇസ്രഈല്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രി ഷ്ലോമോ കാര്‍ഹി നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇതിനുപിന്നാലെയാണ് ഹാരെറ്റ്‌സ് ആമോസിനെതിരെ പ്രതികരിച്ചത്. എന്നാല്‍ നിലവില്‍ നെതന്യാഹു സര്‍ക്കാരിനെതിരായ കൃത്യമായ നിലപാട് പത്രം വ്യക്തമാക്കുകയും ചെയ്തു.

Content Highlight: Israeli government sanctions Haaretz, severs all ties

We use cookies to give you the best possible experience. Learn more