| Wednesday, 19th May 2021, 5:28 pm

വംശീയാക്രമണവും അധിനിവേശവും നടത്തുന്ന ഭീകരവാദ സംഘടനയാണ് ഞങ്ങളുടെ സര്‍ക്കാരും പട്ടാളവും; മുന്‍ ഇസ്രാഈലി വ്യോമസേന പൈലറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: ഇസ്രഈലി സര്‍ക്കാരും പട്ടാള ഉദ്യോഗസ്ഥരും യുദ്ധകുറ്റവാളികളാണെന്ന് മുന്‍ ഇസ്രഈലി എയര്‍ ഫോഴ്‌സ് പൈലറ്റ്. 2003ല്‍ ഇസ്രാഈലി ആര്‍മിയില്‍ നിന്നും വിരമിച്ച യൊനാഥന്‍ ഷാപ്പിറോയാണ് ഇസ്രാഈല്‍ ഫലസ്തീനില്‍ നടത്തുന്ന അധിനിവേശത്തിനും ആക്രമണങ്ങള്‍ക്കുമെതിരെ രംഗത്തുവന്നത്. അനഡോളു ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു യൊനാഥന്‍ ഇസ്രാഈലിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.

ഇസ്രാഈലി ആര്‍മിയില്‍ ചേര്‍ന്ന് കുറച്ച് നാളുകള്‍ക്ക് ശേഷമാണ് താന്‍ യഥാര്‍ത്ഥത്തില്‍ ഒരു ഭീകര സംഘടനയുടെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞതെന്ന് യൊനാഥന്‍ പറഞ്ഞു. ലക്ഷകണക്കിന് ഫലസ്തീനികളെ ആക്രമിക്കുന്ന ഇസ്രാഈലി പട്ടാളം ചെയ്യുന്നത് യുദ്ധക്കുറ്റമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മറ്റു പൈലറ്റുമാരുമായി ചേര്‍ന്ന് ഇനി കുറ്റകൃത്യത്തില്‍ പങ്കുച്ചേരില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാനാണ് താന്‍ ശ്രമിച്ചതെന്നും യൊനാഥന്‍ പറഞ്ഞു.

സയണിസ്റ്റിന്റെ പട്ടാളച്ചിട്ടയിലാണ് ഇസ്രാഈലിലെ താനടക്കമുള്ള ഓരോ കുട്ടികളും വളരുന്നതെന്നും ഫലസ്തീനിലെ യഥാര്‍ത്ഥ അവസ്ഥയെ കുറിച്ച് ആരും പറഞ്ഞുതരാറില്ലെന്നും യൊനാഥന്‍ പറഞ്ഞു. പിന്നീട് ഫലസ്തീന്‍ നഗരങ്ങളില്‍ മിസൈലും ബോംബും വര്‍ഷിക്കാനാണ് ഞങ്ങളെയെല്ലാം ഉപയോഗിച്ചതെന്നും യൊനാഥന്‍ പറയുന്നു.

‘ഈ അധിനിവേശം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന യുദ്ധ കുറ്റങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ഭാഗമാണ്. ഇനിയും ഇതിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് ഇസ്രാഈല്‍ സര്‍ക്കാരിനോടും പ്രധാനമന്ത്രിയോടും ജനങ്ങളോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ജനങ്ങളെ സംരക്ഷിക്കുക എന്ന ആഗ്രഹത്തോടെയാണ് പട്ടാളത്തില്‍ ചേര്‍ന്നത്. ആ ലക്ഷ്യത്തിനനുസരിച്ചാണെങ്കില്‍ ഞാന്‍ ഫലസ്തീനൊപ്പമാണ് നില്‍ക്കേണ്ടത്. ഇസ്രാഈല്‍ വംശീയാക്രമണമാണ് നടത്തുന്നത്. എന്റെ സര്‍ക്കാരും എന്റെ കമാന്‍ഡര്‍മാരും യുദ്ധ കുറ്റവാളികളാണ്,’ യൊനാഥന്‍ പറയുന്നു.

ഫലസ്തീനിനൊപ്പം നില്‍ക്കുന്നതിനാല്‍ ജോലി ചെയ്തിരുന്ന എല്ലാ കമ്പനികളില്‍ നിന്നും തന്നെ പുറത്താക്കിയെന്നും യൊനാഥന്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രാഈലിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇസ്രാഈല്‍ സര്‍ക്കാര്‍ ഫലസ്തീനെതിരെ നടത്തുന്ന ആക്രമമണങ്ങള്‍ക്കെതിരെ യൊനാഥന്‍ ബോധവത്കരണ പരിപാടികളും ക്ലാസുകളും നടത്താറുണ്ട്.

അതേസമയം ഗാസയില്‍ ഇസ്രാഈല്‍ ആക്രമണം തുടരുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, മെയ് 10 മുതല്‍ 219 ഫലസ്തീനികളാണ ഇസ്രാഈലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 63 പേര്‍ കുട്ടികളാണ്. 1500ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഹമാസ് നടത്തിയ ആക്രമണത്തില്‍ 12 ഇസ്രാഈലികള്‍ കൊല്ലപ്പെട്ടു. 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറായില്‍ നിന്നും അറബ് വംശജരെയും മുസ്ലിങ്ങളെയും കുടിയൊഴിപ്പിക്കാനായി ഇസ്രാഈല്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രദേശത്ത് ഒരു മാസത്തിലേറെയായി ഫലസ്തീനികള്‍ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു.

പിന്നീട് മെയ് ഏഴിന് മസ്ജിദുല്‍ അഖ്സയില്‍ ഇസ്രാഈല്‍ സേന ആക്രമണങ്ങള്‍ നടത്തുകയും ഹമാസ് ഇതിനെതിരെ രംഗത്തുവന്നതിനും പിന്നാലെയാണ് ഗാസയില്‍ ഇസ്രാഈല്‍ വലിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Israeli government and army are war criminals and terrorist gropus says former Israeli army pilot

We use cookies to give you the best possible experience. Learn more