തെല്‍ അവീവ്: പശ്ചിമേഷ്യയില്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ലോകത്ത് സമാധാനം അപ്രത്യക്ഷമാകുമെന്ന് ഇസ്രഈലി സ്വതന്ത്ര്യ ചിന്തകനും എഴുത്തുകാരനുമായ യുവാല്‍ നോവാ ഹരാരി. പരിപൂര്‍ണമായ അരാജകത്വമാണ് പശ്ചിമേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും തന്റെ മാതൃരാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ അന്താരാഷ്ട്ര ഇടപെടലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും ഒരു നിബന്ധനയും കൂടാതെ ഉടന്‍ മോചിപ്പിക്കുക എന്നതാണ് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ആദ്യ പടിയെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കവെയാണ് യുവാല്‍ നോവാ ഹരാരിയുടെ പ്രതികരണം.
ഇസ്രഈല്‍ നടത്തിയ അധിനിവേശത്തെക്കുറിച്ചോ, ഗസക്ക് നേരെ ഇസ്രഈല്‍ സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചോ ഒന്നും സൂചിപ്പിക്കാതെയായിരുന്നു യുവാല്‍ നോവാ ഹരാരിയുടെ പ്രതികരണം.
‘കൊവിഡ് മഹാമാരി, ഉക്രൈനിലെ യുദ്ധം, ഇപ്പോള്‍ ഇസ്രഈല്‍-ഗസ യുദ്ധം എല്ലാത്തിനുമിടയില്‍ അസ്ഥിരമായിരിക്കുകയാണ്. ക്രമേണ ഇത് ഒരു ലോക മഹായുദ്ധത്തിന് വരെ കാരണമാകും. കഴിഞ്ഞ അഞ്ച് മുതല്‍ 10 വര്‍ഷമായി പൊതുവായ ലോകക്രമം മാറുന്നു. ഉക്രൈന് മേലുള്ള റഷ്യന്‍ അധിനിവേശം അതിന്റെ ഭാഗമാണ്.
എന്റെ മാതൃരാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണം. ഈ ലോകക്രമം നമ്മള്‍ പുനര്‍നിര്‍മിച്ചില്ലെങ്കില്‍, അത് കൂടുതല്‍ വഷളാകും. ആയുധങ്ങള്‍ നിര്‍മിക്കുന്നതിലെ പിതിയ സാങ്കേതികവിദ്യ മനുഷ്യരാശിയുടെ തന്നെ ഉന്മൂലനത്തിലേക്ക് നയിച്ചേക്കാം. നമുക്ക് പ്രതീക്ഷ നഷ്ടപ്പെടരുത്. ഇത് ഉത്തരവാദിത്തത്തിന്റെ സമയമാണ്, നിരാശയുടെ സമയമല്ല. പ്രത്യാശയോടെ തന്നെ ഈ ലോകം പുനര്‍നിര്‍മ്മിക്കാനുമുള്ള സമയമാണിത്,’ യുവാല്‍ നോവാ ഹരാരി പറഞ്ഞു.