ജെറുസലേം: യു.എ.ഇയുമായുള്ള നയതന്ത്രബന്ധങ്ങള്‍ പുതുക്കാനൊരുങ്ങി ഇസ്രാഈല്‍. ഇതിനായി നിയുക്ത ഇസ്രാഈല്‍ വിദേശകാര്യമന്ത്രി യെര്‍ ലാപിഡ് ഏറ്റവും അടുത്തദിവസം യു.എ.ഇ. സന്ദര്‍ശിക്കുമെന്ന് ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ യു.എ.ഇ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇസ്രാഈല്‍ നയതന്ത്ര പ്രതിനിധിയാകും യെര്‍ ലാപിഡ്. ജൂണ്‍ 29 മുതല്‍ 30 വരെയാണ് ലാപിഡിന്റെ യു.എ.ഇ. സന്ദര്‍ശനം.
സന്ദര്‍ശനത്തില്‍ അബുദാബിയിലെ ഇസ്രാഈല്‍ എംബസിയുടെ ഉദ്ഘാടനവും ദുബായിലെ കോണ്‍സലേറ്റ് ഉദ്ഘാടനവും നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
നിക്ഷേപം, ടൂറിസം, ടെലികമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ കൂടുതല്‍ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കുമെന്നാണ് ഇസ്രാഈല്‍ വിദേശ കാര്യമന്ത്രാലയം നല്‍കുന്ന വിവരം.
ഇസ്രാഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ മുന്നോട്ടുവന്ന ആദ്യ ഗള്‍ഫ് അറബ് രാജ്യമാണ് യു.എ.ഇ. നേരത്തെ ഇസ്രാഈലുമായുള്ള നയതന്ത്ര ബന്ധങ്ങളില്‍ അയവുവരുത്തി സൗദി അറേബ്യ രംഗത്തെത്തിയെങ്കിലും വളരെ സാധാരണമായൊരു നയതന്ത്രബന്ധമായി അവ വളര്‍ന്നിട്ടില്ല.
ജൂണ്‍ പതിനഞ്ചിനാണ് ഇസ്രാഈലില്‍ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തില്‍ സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. 12 വര്‍ഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ചാണ് സഖ്യ സര്‍ക്കാരിന്റെ മുന്നേറ്റം.
എട്ട് പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്നുള്ള സഖ്യമാണ് അധികാരത്തിലേറിയത്. സഖ്യസര്‍ക്കാരായതിനാല്‍ പ്രധാനമന്ത്രി പദവി പങ്കിട്ടുകൊണ്ടുള്ള ഭരണമായിരിക്കും ഇസ്രാഈലില്‍ ഇനി. ബെന്നറ്റിന് ശേഷം രണ്ടാം ടേമില്‍ മുന്‍ പ്രതിപക്ഷ നേതാവും നിലവിലെ വിദേശകാര്യമന്ത്രിയുമായ യെര്‍ ലാപിഡ് പ്രധാനമന്ത്രിയാകും.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകളാണ് ഇസ്രാഈലില്‍ നടന്നത്. മാര്‍ച്ചില്‍ നടന്ന അവസാന തെരഞ്ഞെടുപ്പില്‍ ഒരു സഖ്യത്തിനും ഭൂരിപക്ഷം നേടാനാകാതെ ആയതോടെയാണ് നെതന്യാഹുവിനെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം ചേര്‍ന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം