ഈദ് ദിനത്തില്‍ അല്‍അഖ്‌സ പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയ ഫലസ്തീനികളെ ഇസ്രഈല്‍ സൈന്യം തടഞ്ഞതായി റിപ്പോര്‍ട്ട്
World News
ഈദ് ദിനത്തില്‍ അല്‍അഖ്‌സ പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയ ഫലസ്തീനികളെ ഇസ്രഈല്‍ സൈന്യം തടഞ്ഞതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th June 2024, 8:19 pm

ജെറുസലേം: പെരുനാള്‍ നിസ്‌കാരത്തിന് വേണ്ടി കിഴക്കന്‍ ജെറുസലേമിലെ അല്‍അഖ്‌സ പള്ളിയിലെത്തിയ ഫലസ്തീനികളെ തടഞ്ഞ് ഇസ്രഈല്‍ സൈന്യം. ഓള്‍ഡ് സിറ്റിയിലെ ചെക്ക്‌പോസ്റ്റുകളില്‍ നൂറുകണക്കിന് ആളുകളെയാണ് സൈന്യം തടഞ്ഞത്.

പെരുന്നാള്‍ പ്രാര്‍ത്ഥനക്കായി എത്തിയ ചിലരെ സൈന്യം മര്‍ദിച്ചെന്നും അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

40,000 ആളുകള്‍ മാത്രമാണ് ഇത്തവണ പെരുന്നാള്‍ നിസ്‌കാരത്തിന് വേണ്ടി അല്‍അഖ്‌സ പള്ളിയില്‍ എത്തിയതെന്ന് ഫലസ്തീനിലെ എന്‍ഡോവ്‌മെന്റ് മന്ത്രാലയം പറഞ്ഞു.

പെരുന്നാള്‍ നിസ്‌കാരത്തിന് വേണ്ടി കിഴക്കന്‍ ജെറുസലേമില്‍ നിന്നുള്‍പ്പടെ ലക്ഷക്കണക്കിന് ആളുകളായിരുന്നു അല്‍അഖ്‌സ പള്ളിയിലേക്ക് എത്തിയിരുന്നത്.

എന്നാല്‍ ഒക്ടോബര്‍ ഏഴിന് ആക്രമണം ആരംഭിച്ചത് മുതല്‍ അല്‍അഖ്‌സ പള്ളിയുടെ നിയന്ത്രണം ഇസ്രഈല്‍ ഏറ്റെടുത്തു. പള്ളിയിലേക്കെത്തുന്ന ആളുകളുടെ എണ്ണത്തിലും സൈന്യം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഹെബ്രോണിലെ ഇബ്രാഹിമി പള്ളിയിലും സമാനമായി ഫലസ്തീനികള്‍ക്ക് ഇസ്രഈല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, യുദ്ധത്തില്‍ തകര്‍ക്കപ്പെട്ട ഗസയിലെ തെരുവകളിലാണ് ഇത്തവണ ഫലസ്തീനികള്‍ പെരുനാള്‍ നിസ്‌കാരം നടത്തിയത്. യുദ്ധം ഒമ്പതാം മാസത്തിലേക്ക് കടക്കുമ്പോള്‍ നിരവധി പള്ളികളും കെട്ടിടങ്ങളുമാണ് ഗസയില്‍ തകര്‍ക്കപ്പെട്ടത്.

800ലധികം പള്ളികള്‍ക്ക് ആക്രമണങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചു. 600ലേറെ പള്ളികള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു. ഗസയിലെ ഏറ്റവും പഴക്കം ചെന്ന പള്ളിയായ ഓള്‍ഡ് സിറ്റിയിലെ ഗ്രേറ്റ് ഒമാരി മസ്ജിദും തകര്‍ക്കപ്പെട്ടവയില്‍ ഒന്നാണ്.

യു.എന്നിന്റെ റിപ്പോര്‍ട്ട് പ്രകാരം ഗസയിലെ പകുതിയിലധികം കെട്ടിടങ്ങളും ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ തകര്‍ക്കപ്പെട്ടെന്നാണ് പറയുന്നത്. ഗസയിലെ നാശം വിവരണാതീതമാണെന്നും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ വര്‍ഷങ്ങളെടുക്കുമെന്നും ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി അടുത്തിടെ പറഞ്ഞിരുന്നു.

Content Highlight:  Israeli forces violently block Palestinians from Al-Aqsa Mosque on Eid