| Wednesday, 27th December 2023, 12:40 pm

ഫലസ്തീനിലെ യുവാക്കളേയും കുട്ടികളേയും പ്രായമായവരേയും അര്‍ധനഗ്നരാക്കി തോക്കിന്‍മുനയില്‍ നിലത്തിരുത്തി ഇസ്രഈല്‍; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഫലസ്തീനിലെ യുവാക്കളേയും പ്രായമായവരേയും കുട്ടികളേയും കൈ പിന്നില്‍ കെട്ടി അര്‍ധനഗ്നരാക്കി മൈതാനത്ത് ഇരുത്തി ഇസ്രഈല്‍ സേന.

പ്രദേശത്തെ ഒരു സ്റ്റേഡിയത്തിന്റെ നിലത്താണ് ഇവരെ ഇരുത്തിയിരിക്കുന്നത്. എല്ലാവരുടേയും കൈകള്‍ പിന്നില്‍ കെട്ടിയ നിലയിലാണ്. ഇസ്രഈലി മാധ്യമ പ്രവര്‍ത്തകന്‍ ഷൂട്ട് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

പ്രാദേശിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത ഫോട്ടോകളും വീഡിയോ ഫൂട്ടേജുകളും പ്രകാരം ഇവിടെ ഇവരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നതായാണ് കാണുന്നത്.

ഇവരെ സൈന്യം അധിക്ഷേപിക്കുന്നതും ഇവരോട് ചില കാര്യങ്ങള്‍ ആഞ്ജാപിക്കുന്നതും കാണാം. ചിലരെ കൈകള്‍ ഉയര്‍ത്തി തോക്കിന്‍മുനയില്‍ കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. യുവാക്കളും കുട്ടികളും പ്രായമായവരും ഈ കൂട്ടത്തില്‍ ഉണ്ട്.

തടങ്കലില്‍ വെച്ചിരിക്കുന്ന ഫലസ്തീനികളുടെ നേരെ യുദ്ധ ടാങ്കറുകള്‍ പാഞ്ഞടുക്കുന്നുണ്ട്. ഒരു ഇസ്രഈല്‍ സൈനികന്‍ ഒരു കുഞ്ഞിനെ പുതപ്പില്‍ പൊതിഞ്ഞ് കൊണ്ടുപോകുന്നതിന്റെ ഷോട്ടോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ഇസ്രഈലി ഫോട്ടോ ജേണലിസ്റ്റ് എടുത്തതായി കരുതപ്പെടുന്ന വീഡിയോയില്‍ ഇസ്രഈലി സൈന്യം എങ്ങനെയാണ് സ്റ്റേഡിയത്തെ ഒരു വലിയ തടങ്കല്‍ കേന്ദ്രമാക്കി മാറ്റിയതെന്ന് വ്യക്തമാക്കുന്നതാണ്.

ഇസ്രഈലി സൈന്യം സാധാരണക്കാരെ അവരുടെ വീടുകളില്‍ നിന്ന് പിടിച്ചിറക്കിക്കൊണ്ടുവന്ന ശേഷം തടവിലാക്കുകയും പിന്നീട് അവരെ കൊലപ്പെടുത്തുകയുമാണെന്ന് യൂറോ -മെഡ് ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ ഡിസംബര്‍ 20 ന് വ്യക്തമാക്കിയിരുന്നു.

ഇസ്രഈല്‍ സൈന്യം വീടുകള്‍ ആക്രമിക്കുകയും ഫലസ്തീനികള്‍ക്കെതിരെ വെടിയുതിര്‍ക്കുകയും ചെയ്തതിന്റെ വിവരങ്ങള്‍ റൈറ്റ് മോണിറ്ററിന് ലഭിച്ചിരുന്നു.

ഈ മാസം ആദ്യം പുറത്തുവന്ന മറ്റൊരു വീഡിയോയിലും ഫലസ്തീനിലെ യുവാക്കളെ സൈന്യം പിടിച്ചുകൊണ്ടുപോകുന്നതും അവരെ അര്‍ധനഗ്നരാക്കി കൈകള്‍ പിന്നില്‍ കെട്ടി അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

യൂറോ-മെഡ് മോണിറ്റര്‍ റിപ്പോര്‍ട്ട് പ്രകാരം ഇസ്രഈലി സൈന്യത്തിനെതിരെ പ്രതികരിച്ച നിരവധി പേരെ സൈന്യം വധിച്ചിട്ടുണ്ട്. വടക്കന്‍ ഗസ മുനമ്പിലെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അഭയം നല്‍കുന്ന വീടുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും പുരുഷന്മാരെ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്.

ഡോക്ടര്‍മാരും അക്കാദമിക് വിദഗ്ധരും പത്രപ്രവര്‍ത്തകരും അക്കൂട്ടത്തിലുണ്ടെന്ന് യൂറോ-മെഡ് മോണിറ്റര്‍ പറഞ്ഞു. അല്‍-അറബി അല്‍-ജദീദ് മീഡിയ ഹൗസില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തക ദിയാ അല്‍-കഹ്ലൗട്ടാണ് ഇത്തരത്തില്‍ പിടിയിലായവരില്‍ ഒരാള്‍.

അതേസമയം ഇത്രയും ആളുകളെ ഒരുമിച്ച് എവിടേക്കാണ് കൊണ്ടുപോയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. അറസ്റ്റുമായി ബന്ധപ്പെട്ട് ഇസ്രഈല്‍ സൈന്യവും പ്രതികരിച്ചിട്ടില്ല. പിടികൂടിയത് ഹമാസ് പ്രവര്‍ത്തകരെ ആണെന്ന് ചില ഇസ്രഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഈ വാദം ഹമാസ് നിഷേധിച്ചു. അത്തരമൊരു അറസ്റ്റ് നടന്നിട്ടില്ലെന്നും ഇസ്രഈല്‍ കേന്ദ്രങ്ങള്‍ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിന് തുല്യമാണെന്നും ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗമായ ഒസാമ ഹംദാന്‍ പറഞ്ഞു.

‘സൈനിക പ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത നിരായുധരായ സാധാരണക്കാരെ അറസ്റ്റുചെയ്യുകയും അവരെ ഉപദ്രവിക്കുകയും അത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയുമാണെന്നും അദ്ദേഹം അല്‍ അറബ് ടി.വിയോട് പറഞ്ഞു.

Content Highlight: Israeli forces round up stripped Palestinian men and children at stadium

We use cookies to give you the best possible experience. Learn more