ജറുസലേം: വടക്കന്‍ അധിനിവേശ വെസ്റ്റ് ബാങ്ക് പ്രവിശ്യയിലെ നബ്ലസ് ബലത അഭയാര്‍ത്ഥി ക്യാമ്പില്‍ നടത്തിയ റെയ്ഡിനിടെ ഇസ്രാഈല്‍ സൈന്യം മൂന്ന് ഫലസ്തീന്‍കാരെ വധിച്ചു. മുഹമ്മദ് അബു സൈടന്‍, ഫതി അബു റിസ്‌ക്, അബ്ദുള്ള അബു ഹംദാന്‍ എന്നിവരാണ് മരിച്ചതെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. സംഭവത്തില്‍ ഏഴോളം ആളുകള്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
നബ്ലസിനടുത്തുള്ള ബലത അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ഇസ്രാഈല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
ഇത് ഫലസ്തീനുമായി സായുധ ഏറ്റുമുട്ടലിലേക്ക് നയിച്ചു.
വെടിയൊച്ചയും സ്ഫോടനങ്ങളും ക്യാമ്പിലുള്ളവരില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. പരിക്കേറ്റവരെ ക്യാമ്പില്‍ നിന്നും കൊണ്ടുപോകാനായി എത്തിയ ആംബുലന്‍സിനെയും മെഡിക്കല്‍ ഉദ്യോഗസ്ഥരെയും തടഞ്ഞതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
‘പട്ടാളക്കാരുടെ ശബ്ദം കേട്ട് ഞങ്ങള്‍ വീടിന്റെ വാതിലടച്ച് മുറികളില്‍ ഇരുന്നു. രണ്ട് മിനിറ്റിനുശേഷം, അവര്‍ വാതില്‍ കുത്തിതുറന്നു, 50 ഓളം സൈനികര്‍ ഞങ്ങളുടെ വീട് ആക്രമിച്ചു,’ ദൃക്‌സാക്ഷിയായ
ഉം അലി അവൈിനെ ഉദ്ധരിച്ചുകൊണ്ട് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
‘അവര്‍ ഞങ്ങളെ ഒന്ന് ചലിക്കാന്‍ പോലും അനുവദിച്ചില്ല. അവര്‍ ഒരു മുറിയില്‍ ഞങ്ങളെ ഇരുത്തിയ ശേഷം അടുക്കളയിലേക്ക് കൊണ്ടുപോയി. ഭയത്താല്‍ എന്റെ ഹൃദയം നിലച്ചുപോകുമെന്ന് എനിക്ക് തോന്നി. അവര്‍ എന്നെ വെള്ളം കുടിക്കാന്‍ പോലും അനുവദിച്ചില്ല,’ അദ്ദേഹം പറഞ്ഞു.
‘റെയ്ഡിനിടെ, കനത്ത വെടിയൊച്ചയും ആംബുലന്‍സിനായി വിളിക്കുന്ന യുവാക്കളുടെ നിലവിളികളും കേട്ടു. ഞങ്ങള്‍ വീട്ടില്‍ കുടുങ്ങി കിടക്കുകയായിരുന്നതിനാല്‍ എന്താണ് സംഭവിച്ചതെന്ന് ആ സമയത്ത് അറിയില്ലായിരുന്നു, എന്നാല്‍ മൂന്ന് യുവാക്കള്‍ സൈനികരുടെ വെടിയേറ്റ് മരിച്ചതായി പിന്നീട് ഞങ്ങള്‍ മനസിലാക്കി,’ ഉം അലി പറഞ്ഞു.
ഈ വര്‍ഷം വെസ്റ്റ് ബാങ്കില്‍ 177യോളം ഫലസ്തീനുകാരെ ഇസ്രാഈല്‍ സൈന്യം വധിച്ചിരുന്നു. 34 പേര്‍ ഗാസയിലും കൊല്ലപ്പെട്ടു. 18 പേരെയാണ് ഇസ്രാഈല്‍ സൈന്യം വധിച്ചത്.
Contenthighlight: Israeli forces killing three palastinians