ഗസ: പ്രായമായ അമ്മയും മകളുമടങ്ങുന്ന ക്രിസ്ത്യൻ സ്ത്രീകളെ ചർച്ചിനകത്ത് വെടിവെച്ചു കൊലപ്പെടുത്തി ഇസ്രഈൽ സേന. ഗസയിലെ ഹോളി ഫാമിലി പാരിഷ് ചർച്ചിലാണ് സംഭവം.
ഇസ്രഈൽ ആക്രമണം ആരംഭിച്ചത് മുതൽ ക്രിസ്ത്യൻ കുടുംബങ്ങൾ ചർച്ചിനകത്താണ് അഭയം തേടിയിരുന്നത്.
നഹീദ, മകൾ സമർ എന്നിവരാണ് സുരക്ഷ ഉറപ്പാക്കാൻ കോൺവെന്റിലേക്ക് നടക്കുന്ന വഴിക്ക് ദാരുണമായി കൊല്ലപ്പെട്ടത്.
വെടിയുതിർക്കും മുമ്പ് മുന്നറിയിപ്പ് നൽകിയില്ലെന്നും അക്രമകാരികൾ ആരും തന്നെ ഇല്ലാത്ത ചർച്ച് പരിസരത്ത് വെച്ച് ക്രൂരമായ കൊല നടത്തിയെന്നും ജെറുസലേമിലെ ലാറ്റിൻ പാട്രിയാർക്കേറ്റ് കുറ്റപ്പെടുത്തി.
വെടിവെപ്പിൽ ഏഴ് പേർക്ക് കൂടി പരീക്കേറ്റതായും പാട്രിയാർക്കേറ്റ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ക്രിസ്മസ് മാസത്തിൽ ലോകത്തെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യൻ സമൂഹത്തിന് നേരെയുള്ള ആസൂത്രിത കൊലപാതക നീക്കമാണ് നടന്നതെന്ന് കൊല്ലപ്പെട്ട നഹീദയുടെ കുടുംബാംഗം ആരോപിച്ചു.
കഴിഞ്ഞ കുറേ ദിവസങ്ങളായി ചർച്ചിന് നേരെ ഇസ്രഈൽ ബോംബാക്രമണം നടത്തുകയാണെന്ന് അൽ ജസീറ റിപ്പോർട്ടർ ഹാനി മഹ്മൂദ് റിപ്പോർട്ട് ചെയ്തു.
ഇസ്രഈലി ടാങ്ക് ഷെല്ലുകളുടെ ആക്രമണത്തിൽ 54 ഭിന്നശേഷിക്കാർക്ക് അഭയം നൽകിയ സിസ്റ്റേഴ്സ് ഓഫ് മദർ തെരേസ ചാരിറ്റിയുടെ കോൺവെന്റ് തകർന്നുവെന്നും പാട്രിയാർക്കേറ്റ് അറിയിച്ചു.
കോൺവെന്റിൽ അഭയം തേടിയിരുന്ന മുഴുവൻ ആളുകളും കുടിയിറക്കപ്പെട്ടുവെന്നും ജീവൻ പിടിച്ചുനിർത്താൻ ആവശ്യമായ റെസ്പിറേറ്ററുകൾ പോലുമില്ലാതെ പലരും ബുദ്ധിമുട്ടുകയാണെന്നും പാട്രിയാർക്കേറ്റ് പറഞ്ഞു.
CONTENT HIGHLIGHT: Israeli forces kill two Christian women in ‘cold blood’ inside Gaza church