| Monday, 9th September 2024, 7:58 pm

ഇസ്രഈല്‍ സൈന്യം വെസ്റ്റ് ബാങ്കില്‍ ഓരോ രണ്ട് ദിവസത്തിലും ഒരു ഫലസ്തീനിയന്‍ കുട്ടിയെ കൊല്ലുന്നു; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഫലസ്തീനിന് എതിരെയുള്ള ഇസ്രഈലിന്റെ അതിക്രമത്തില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ 140ല്‍ അധികം കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍സ് ഇന്റര്‍നാഷണലിന്റെ (ഡി.സി.ഐ.പി.) ‘അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ സേനയും കുടിയേറ്റക്കാരും കൊലപ്പെടുത്തിയ ഫലസ്തീന്‍ കുട്ടികള്‍’ എന്ന റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

2023 ഒക്ടോബര്‍ ഏഴിനും 2024 ജൂലൈ 31നും ഇടയില്‍ വെസ്റ്റ് ബാങ്കില്‍ 141 ഫലസ്തീനിയന്‍ കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഈ ദിവസങ്ങള്‍ക്കിടയില്‍ കണക്കുപ്രകാരം രണ്ട് ദിവസത്തില്‍ ഒരിക്കല്‍ ഇസ്രഈല്‍ സൈന്യം ഒരു കുട്ടിയെയെങ്കിലും കൊലപ്പെടുത്തുന്നുണ്ട്.

ദൃക്സാക്ഷികളുടെ മൊഴികളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സി.സി.ടി.വി. ദൃശ്യങ്ങളും അടിസ്ഥാനമാക്കിയാണ് ഡി.സി.ഐ.പിയുടെ റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും തലയിലോ ശരീരത്തിലോ വെടിയേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ തന്നെ 18 കുട്ടികള്‍ കൊല്ലപ്പെട്ടത് പിന്നില്‍ നിന്ന് വെടിയേറ്റിട്ടാണ്. വെസ്റ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആക്രമകാരികള്‍ കുട്ടികളെ ലക്ഷ്യം വെക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വെസ്റ്റ് ബാങ്കില്‍ സെറ്റില്‍മെന്റ് വിപുലീകരണത്തിനെതിരായ പ്രതിഷേധങ്ങള്‍ കനക്കുകയാണ്. ജിറ്റ് ഗ്രാമത്തില്‍ അടുത്തിടെ നൂറോളം കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് പ്രതിഷേധം ഉണ്ടായത്. സംഭവത്തില്‍ ലോകരാഷ്ട്രങ്ങള്‍ അപലപിക്കുകയും അക്രമത്തില്‍ കുറ്റക്കാര്‍ക്കെതിരെ വേഗത്തിലുള്ള നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പറയുകയും ചെയ്തിരുന്നു.

വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഗ്രാമങ്ങളില്‍ ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നത് അമേരിക്ക ഉള്‍പ്പെടെയുള്ള ഇസ്രഈലിന്റെ സഖ്യകക്ഷികള്‍ക്കിടയില്‍ ആശങ്ക വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ഹമാസ് തെക്കന്‍ ഇസ്രഈലിലേക്ക് പ്രത്യാക്രമണം നടത്തുകയും 1,200 ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇസ്രഈല്‍ യുദ്ധം ആരംഭിച്ചത്.

Content Highlight: Israeli Forces Kill A Palestinian Child Every Two Days In The West Bank

Latest Stories

We use cookies to give you the best possible experience. Learn more