നബ്‌ലസ്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ നടന്ന ഇസ്രഈല്‍ വെടിവെപ്പില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 20 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. നബ്‌ലസിലും അല്‍ ബിറേയിലും നടന്ന സൈനിക ആക്രമണത്തിനിടെയാണ് കുട്ടികളടക്കമുള്ളവര്‍ക്ക് പരിക്കേറ്റത്.
നബ്‌ലസ്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ നടന്ന ഇസ്രഈല്‍ വെടിവെപ്പില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 20 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. നബ്‌ലസിലും അല്‍ ബിറേയിലും നടന്ന സൈനിക ആക്രമണത്തിനിടെയാണ് കുട്ടികളടക്കമുള്ളവര്‍ക്ക് പരിക്കേറ്റത്.
തെരുവുകളില്‍ തിരക്കേറിയതും കുട്ടികള്‍ സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്തുമാണ് ഇസ്രഈല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റേതെന്ന് വ്യക്തമാക്കുന്ന വീഡിയോകളും മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇതില്‍ ബാഗ് ധരിച്ച് നിലത്ത് നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടക്കുന്ന ഒരു കുട്ടിയെയും പിന്നാലെ തറയിലൂടെ ഇഴഞ്ഞുനീങ്ങുന്ന രക്തം വാര്‍ന്ന് കിടക്കുന്ന വ്യക്തിയെയും ഇയാളെ മറ്റൊരാള്‍ വലിച്ചിഴയ്ക്കുന്നതും കാണാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രഈലി സ്‌പെഷ്യല്‍ ഫോഴ്‌സ് പഴയ നഗരമായ നബ്‌ലസില്‍ അതിക്രമിച്ചു കയറുകയായിരുന്നുവെന്നും പ്രദേശത്ത് നിലവില്‍ കൂടുതല്‍ സൈനികരെ നിയോഗിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
റെയ്ഡില്‍ 17 ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഒരാള്‍ക്ക് ഗുരുതരമായി പെല്‍വിക്ക് ഇഞ്ചുറി ഉണ്ടായതായും ഫലസ്തീന് റെഡ് കെസന്റ് സൊസൈറ്റി വക്താവ് അഹമ്മദ് ജിബ്രില്‍ പറഞ്ഞു.
സൈനിക വാഹനം ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്കേറ്റുവെന്നും പരിക്കേറ്റവരില്‍ 15,16,17 വയസുള്ള നാല് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം നഗരത്തില്‍ അതിക്രമിച്ചുകയറിയ ഇസ്രഈല്‍ സൈന്യം കിഴക്കന്‍ മാര്‍ക്കറ്റ് റെയ്ഡ് ചെയ്തതായും 20ലധികം വീടുകള്‍ പിടിച്ചെടുത്തതായും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
പിടിച്ചെടുത്ത വീടുകളിലുള്ളവരുമായി പുറത്തുള്ളവര്‍ സമ്പര്‍ക്കം പുലര്‍ത്തുന്നത് സൈന്യം തടഞ്ഞുവെന്നും പരിക്കേറ്റ ആളുകള്‍ക്ക് ചികിത്സ നല്‍കുന്നതിനായി മെഡിക്കല്‍ സംഘം എത്തുന്നത് സൈന്യം തടഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം ഫലസ്തീന്‍ റെഡ് ക്രസന്റിന്റെ ആളുകള്‍ക്ക് അപകടത്തില്‍ പരിക്കേറ്റവരുടെ അടുത്തെത്താന്‍ കഴിഞ്ഞില്ലെന്നും സൈനികരുടെ അടുത്തുനിന്നും പരിക്കേറ്റവരെ മാറ്റുന്നതിന് തങ്ങള്‍ക്ക് തടസങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ജിബ്രില്‍ പറഞ്ഞു.
എന്നാല്‍ ആക്രമണത്തിന് നാല് മണിക്കൂറുകള്‍ക്ക് ശേഷം ഇസ്രഈല്‍ സൈന്യം തിരിച്ച് പോയതായും ആരെയും അറസ്റ്റ് ചെയ്യുകയോ വിശദീകരണം നല്‍കുകയോ ചെയ്യാതെയായിരുന്നു പിന്‍വാങ്ങലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Israeli forces invaded Nablus; Four Palestinian children were injured in the attack