ജെറുസലേം: വെസ്റ്റ് ബാങ്കിലേക്കുള്ള ഫലസ്തീന്‍ പൗരന്മാരുടെ സഞ്ചാരം തടയാന്‍ നഗരത്തിന്റെ പ്രവേശന കവാടങ്ങളില്‍ കൂടുതല്‍ ഇരുമ്പ് ഗേറ്റുകള്‍ സ്ഥാപിച്ച് ഇസ്രഈല്‍ സൈന്യം. പ്രധാനമായും വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളിലേക്കുള്ള കവാടങ്ങളിലാണ് ഇസ്രഈല്‍ തടസം സൃഷ്ടിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെതിരെ ഫലസ്തീനില്‍ ഇസ്രഈലിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് പൗരന്മാരെ പുറത്തേക്ക് വിടാനും ഫലസ്തീനികളെ കടവാടകള്‍ക്കുള്ളിലായി തന്നെ നിലനിര്‍ത്താനുമായി ഈ ഗേറ്റുകള്‍ തങ്ങളെ പ്രാപ്തരാക്കുന്നുവെന്നാണ് വിഷയത്തില്‍ ഇസ്രഈലി സൈന്യത്തിന്റെ പ്രതികരണം.
ഫലസ്തീനിലെ രണ്ടാം ഇന്‍തിഫാദയുടെ സമയം മുതലാണ് വെസ്റ്റ് ബാങ്കിലെ പ്രവേശന കവാടങ്ങളില്‍ ഇസ്രഈല്‍ ഇരുമ്പ് ഗേറ്റുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഒക്ടോബര്‍ 7 മുതല്‍ ഇസ്രഈല്‍ സൈന്യം ഗസയില്‍ യുദ്ധം ആരംഭിച്ചപ്പോള്‍ ഈ ഗേറ്റുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റാമല്ലയിലെ ഗ്രാമങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ഒരു ദിവസം കൊണ്ട് ഇസ്രഈല്‍ സൈന്യം 28 ഗേറ്റുകള്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. മാസങ്ങളോളം ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ ഈ ഇരുമ്പ് ഗേറ്റുകള്‍ അടച്ചിടുമെന്ന് ഫലസ്തീന്‍ പൗരന്മാര്‍ പറയുന്നു.
കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ ഉപയോഗിക്കാന്‍ ഇസ്രഈലി സൈന്യം തങ്ങളെ നിര്‍ബന്ധിക്കുമെന്നും ഈ വഴികളിലൂടെ മണിക്കൂറുകളോളം ഡ്രൈവ് ചെയ്ത ശേഷമാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തുകയെന്നും വെസ്റ്റ് ബാങ്കിലെ താമസക്കാര്‍ പ്രതികരിച്ചു.
ഫലസ്തീനികളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ഇസ്രഈലി സൈന്യത്തിന്റെ ലക്ഷ്യമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി.
നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 23,357 ആയി വര്‍ധിച്ചുവെന്നും 59,410 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈല്‍ ബോംബാക്രമണത്തില്‍ 147 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 243 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlight: Israeli forces install iron gates at entrances to the West Bank