ജറുസലേം: ഗസയിൽ യുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രഈൽ സൈനികരുടെ മരണവിവരങ്ങൾ മറച്ച് വെക്കപ്പെടുന്നതായി റിപ്പോർട്ട്. ഒക്‌ടോബർ ആദ്യം മുതൽ കുറഞ്ഞത് 62 സൈനികരെങ്കിലും കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഗസയിൽ ഹമാസിനെതിരായ യുദ്ധത്തിൻ്റെ മൂർദ്ധന്യത്തിൽ 110 സൈനികർ കഴിഞ്ഞ ഡിസംബറിൽ കൊല്ലപ്പെട്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഹിസ്ബുള്ളയ്‌ക്കെതിരായ യുദ്ധത്തിന്റെ പേരിൽ ഇസ്രഈൽ ലെബനൻ അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 35 ഇസ്രാഈലി സൈനികർ കൊല്ലപ്പെട്ടു. ഈ കണക്കുകൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 90ലധികം ഇസ്രായേലി സൈനികരെ വധിച്ചതായി ഹിസ്ബുള്ള അവകാശപ്പെട്ടു.
2023 ഒക്ടോബർ 7 ന് ഹമാസ് ദക്ഷിണ ഇസ്രഈലിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട നൂറുകണക്കിന് സൈനികരടക്കം 780 സൈനികർക്ക് പരിക്കേറ്റതായി ഇസ്രഈലി വിദേശകാര്യ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഒന്നും തന്നെയില്ല. അതിനാൽ തന്നെ സൈനിക സെൻസർഷിപ്പ് വഴി യഥാർത്ഥ കണക്ക് മറച്ചുവെക്കുന്നതായി പലരും സംശയിക്കുന്നു.
ഇസ്രഈൽ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിൽ, ഇസ്രഈൽ മിലിട്ടറിയുടെ പുനരധിവാസ വകുപ്പ് കഴിഞ്ഞ വർഷം ഒക്ടോബർ 7 മുതൽ ചികിത്സ നേടിയ സൈനികരുടെ എണ്ണം ഏകദേശം 12,000 ആയി പുതുക്കിയിട്ടുണ്ട്.
ഇവരിൽ ഏകദേശം 14 ശതമാനം, അതായത് 1,680 സൈനികർക്ക് മിതമായതോ ഗുരുതരമായതോ ആയ പരിക്കുകളുള്ളതായി തരംതിരിച്ചിട്ടുണ്ട്. ഏകദേശം 43 ശതമാനം അതായത് 5,200 സൈനികർക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ അല്ലെങ്കിൽ മറ്റ് മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ ആവശ്യമാണെന്ന് വകുപ്പ് അറിയിച്ചു.
ഗസയിൽ ഇസ്രഈൽ ആക്രമണത്തിൽ ഇതുവരെ 40,000 ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു.
ഇസ്രഈലിന്റെ ആക്രമണത്തിൽ 92,401 പേർക്ക് പരിക്കേൽക്കുകയും ജനസംഖ്യയുടെ 85 ശതമാനത്തിലധികം ആളുകൾക്ക് അവരുടെ വീടുകളിൽ താമസം മാറേണ്ട അവസ്ഥ വരികയും ചെയ്തതായി ഗസ ആരോഗ്യമന്ത്രാലയം പറഞ്ഞു. ഒക്‌ടോബർ ഏഴിന് ഹമാസ് തെക്കൻ ഇസ്രഈലിലേക്ക് പ്രത്യാക്രമണം നടത്തുകയും 1,200 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇസ്രഈൽ യുദ്ധം ആരംഭിച്ചത്.
Content Highlight: Israeli forces in Lebanon and Gaza suffer deadliest month of 2024