ഗസ: ആരോഗ്യ പ്രവർത്തകരായും രോഗികളായും ഫലസ്തീൻ പൗരന്മാരായും വേഷം മാറി വെസ്റ്റ് ബാങ്കിലെ ആശുപത്രിയിൽ റെയ്ഡ് നടത്തി ഇസ്രഈലി സൈനികർ.
വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിലെ ഇബ്ന് സിനാ ആശുപത്രിയിൽ മൂന്ന് പേരെ സൈനികർ കൊലപ്പെടുത്തി. ആയുധങ്ങളുമായി നിരവധി സൈനികർ ആശുപത്രിയിൽ നിൽക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇസ്രഈലിന്റെ കുറ്റകൃത്യങ്ങൾ ഉത്തരം ലഭിക്കാതെ പോകില്ലെന്നും ഗസ മുതൽ ജെനിൻ വരെയുള്ള ഫലസ്തീനിലെ ജനങ്ങൾക്ക് നേരെയുള്ള അധിനിവേശത്തിന്റെ തുടർച്ചയാണ് കൊലപാതകമെന്നും ഹമാസ് സംഭവത്തോട് പ്രതികരിച്ചു.
മുഹമ്മദ് ജലാംനി, സഹോദരന്മാരായ ബാസിൽ അൽ ഖസാവി, മുഹമ്മദ് അൽ ഖസാവി എന്നിവരാണ് കൊല്ലപ്പെട്ടത്.
അതേസമയം കൊല്ലപ്പെട്ട ഫലസ്തീനികളിൽ ഒരാൾ ഹമാസ് അംഗമാണെന്നാണ് ഇസ്രഈൽ സേന പറയുന്നത്.
റെയ്ഡ് നടത്തിയ സൈന്യം ആശുപത്രിയും കിടക്കകളും നശിപ്പിക്കുകയും വരാന്തകളും ചികിത്സാ ഉപകരണങ്ങളും രക്തത്തിൽ കുതിരുകയും ചെയ്തു.
നഴ്സുമാരുടെ വേഷത്തിൽ വന്ന ചില സൈനികർ ആശുപത്രിയിൽ പ്രവേശിച്ചയുടൻ ആയുധങ്ങൾ പുറത്തെടുക്കുകയായിരുന്നു എന്ന് ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടർ മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു.
കൊല്ലപ്പെട്ട ബാസിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൈലൻസർ ഘടിപ്പിച്ച തോക്കുകൾ ഉപയോഗിച്ചാണ് സൈനികർ മൂവരെയും കൊലപ്പെടുത്തിയതെന്ന് ആശുപത്രിയിൽ ഉണ്ടായിരുന്നവർ പറയുന്നു.
Content Highlight: Israeli forces dressed as medics raid hospital in Jenin, killing three