ജെറുസലേം: ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ ഗസയില്‍ നശിപ്പിക്കപ്പെട്ടത് 604 മസ്ജിദുകള്‍. 600ലധികം പള്ളികള്‍ ഇസ്രഈല്‍ ആക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നുവെന്ന് ഗസ എന്‍ഡോവ്മെന്റ് ആന്റ് റിലീജിയസ് അഫയേഴ്സ് പറഞ്ഞു. 200 മസ്ജിദുകള്‍ ഭാഗികമായി നശിപ്പിക്കപ്പെട്ടുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മസ്ജിദുകള്‍ക്ക് പുറമെ ഗസയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളും ഇസ്രഈല്‍ സൈന്യം പൂര്‍ണമായും തകര്‍ത്തു. ഗസയിലെ 60 സെമിത്തേരികളും ഇസ്രഈല്‍ സൈന്യമായ ഐ.ഡി.എഫ് പൂര്‍ണമായും നശിപ്പിച്ചിട്ടുണ്ട്.
1000ലധികം വരുന്ന ഫലസ്തീനികളുടെ മൃതദേഹങ്ങളും ഇസ്രഈല്‍ മോഷ്ടിച്ചുവെന്ന് മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇസ്രഈല്‍ ആക്രമണത്തില്‍ മന്ത്രാലയത്തിലെ 91 ജീവനക്കാര്‍ കൊല്ലപ്പെട്ടതായും പ്രസ്താവനയില്‍ പറയുന്നു.
ഐ.ഡി.എഫിന്റെ ആക്രമണത്തില്‍ എന്‍ഡോവ്മെന്റ് ആന്റ് റിലീജിയസ് അഫയേഴ്സിന്റെ 15 കെട്ടിടങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ഇവയില്‍ മന്ത്രാലയത്തിന്റെ ആസ്ഥാനം, ഗസയിലെ ഹോളി ഖുര്‍ആന്‍ റേഡിയോയുടെ പ്രധാന ഓഫീസ്, ഖാന്‍ യൂനിസിലെ എന്‍ഡോവ്മെന്റ് മാനേജ്മെന്റ് ഓഫീസ്, രേഖകളുടെയും കൈയെഴുത്തുപ്രതികളുടെയും ശേഖരം തുടങ്ങിയവ ഉള്‍പ്പെടുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
കൊല്ലപ്പെട്ടുവെന്ന് കരുതപ്പെടുന്ന ആയിരക്കണക്കിന് ഫലസ്തീനികള്‍ ഇപ്പോഴും ഗസയിലെ തെരുവുകളില്‍ ആവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഗസയില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ 35,386 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
70,000ലധികം ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 14,500ലധികം കുട്ടികളും 9,500 സ്ത്രീകളും ഗസയില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലോകബാങ്കിന്റെ കണക്കനുസരിച്ച് ഗസയിലെ 60 ശതമാനം പാര്‍പ്പിട കെട്ടിടങ്ങളും ഇസ്രഈല്‍ നശിപ്പിച്ചിട്ടുണ്ട്. യുദ്ധം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 493 ആരോഗ്യ പ്രവര്‍ത്തകരാണ് ഗസയില്‍ കൊല്ലപ്പെട്ടത്.
21,058 മരണങ്ങളും രേഖപ്പെടുത്തിയത് ആശുപത്രികളിലെ മോര്‍ച്ചറിയില്‍ എത്തിയ മൃതദേഹങ്ങള്‍ പരിശോധിച്ച ശേഷമാണ്. മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ 3,715 മരണങ്ങളാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
Content Highlight: Israeli forces destroyed 604 mosques and three Christian churches in Gaza