മൊറോക്കന്‍ വിജയം ആഘോഷിച്ച ഫലസ്തീനികള്‍ക്ക് നേരെ ഇസ്രഈല്‍ സൈന്യത്തിന്റെ അതിക്രമം
World News
മൊറോക്കന്‍ വിജയം ആഘോഷിച്ച ഫലസ്തീനികള്‍ക്ക് നേരെ ഇസ്രഈല്‍ സൈന്യത്തിന്റെ അതിക്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th December 2022, 8:20 am

ടെല്‍ അവീവ്: ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗലിനെതിരായ മൊറോക്കോയുടെ വിജയം ആഘോഷിച്ച ഫലസ്തീനികള്‍ക്ക് നേരെ ഇസ്രഈല്‍ സൈന്യത്തിന്റെ അക്രമം.

ജെറുസലേമില്‍ ശനിയാഴ്ച വൈകീട്ട് മൊറോക്കന്‍ വിജയം ആഘോഷിക്കുകയായിരുന്ന ഫലസ്തീനികള്‍ക്ക് നേരെയാണ് ഇസ്രഈലി പൊലീസ് അക്രമം അഴിച്ചുവിട്ടതും ഇവരെ മര്‍ദിച്ചതും. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ബാറ്റണുകളുപയോഗിച്ച് ആയുധധാരികളായ ഇസ്രഈല്‍ പൊലീസ് ഫലസ്തീനികളെ തല്ലുകയും നിരത്തിലൂടെ വലിച്ചിഴക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുട്ടികളടക്കമുള്ളവര്‍ ചിതറിയോടുന്നതും ദൃശ്യങ്ങളിലുണ്ട്.

‘അറബ് ഐക്യദാര്‍ഢ്യ’ത്തിന്റെ ഭാഗമായിട്ടായിരുന്നു പുരാതന നഗരത്തിലെ ഡമാസ്‌കസ് ഗേറ്റില്‍ (Old City’s Damascus Gate) മൊറോക്കോയുടെ വിജയം ആഘോഷിക്കാന്‍ നൂറുകണക്കിന് ഫലസ്തീനികള്‍ ഒത്തുകൂടിയത്. അധിനിവേശ കിഴക്കന്‍ ജറുസലേമിലെ ഫലസ്തീനികളുടെ പരമ്പരാഗത ഒത്തുചേരല്‍ സ്ഥലമാണ് ഡമാസ്‌കസ് ഗേറ്റ്.

മൊറോക്കോയുടെ പതാക ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ‘നിങ്ങളുടെ കൈയുയര്‍ത്തി ഞങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യൂ,’ (raise your hand and dance with us) എന്ന് പാടിക്കൊണ്ടായിരുന്നു ആഘോഷം. അധിനിവേശ വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിലെ ഫലസ്തീന്‍ കമ്മ്യൂണിറ്റിക്കുള്ളിലും മൊറോക്കന്‍ വിജയം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടു.

അതേസമയം, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് മൊറോക്കോ സെമി ഫൈനലില്‍ പ്രവേശിച്ചത്. ഫ്രാന്‍സാണ് സെമി ഫൈനലില്‍ മൊറോക്കോയുടെ എതിരാളികള്‍.

ലോകകപ്പ് സെമിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍- അറബ് ടീമായി ചരിത്രം കുറിച്ച മൊറോക്കോ വിജയത്തിന് പിന്നാലെ തന്നെ ആഘോഷവും തുടങ്ങിയിരുന്നു.

എന്നാല്‍ സെമി ഫൈനല്‍ പ്രവേശനത്തിന് പിന്നാലെ ഫലസ്തീന്റെ പതാക ഏന്തിക്കൊണ്ടായിരുന്നു മൊറോക്കന്‍ ടീം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതും ആഘോഷിച്ചതും.

മൊറോക്കന്‍ ടീമിലെ പ്ലെയേഴ്സും ഫലസ്തീന്‍ പതാക ധരിച്ചുകൊണ്ട് വിജയം ആഘോഷിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് ശേഷം മൈതാനം വിട്ടതിന് തൊട്ടുപിന്നാലെ മൊറോക്കന്‍ ടീമിന്റെ മിഡ്ഫീല്‍ഡര്‍ അബ്ദെല്‍ഹമിദ് സാബിരി (Abdelhamid Sabiri) ഫലസ്തീന്‍ പതാക ധരിച്ചുകൊണ്ടുള്ള ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു. ‘ഫ്രീഡം’ എന്നാണ് ഈ ഫോട്ടോക്ക് അദ്ദേഹം നല്‍കിയ അടിക്കുറിപ്പ്.

സെമിയിലെത്തിയത് മൊറോക്കോ ആണെങ്കിലും ഈ ലോകകപ്പിലെ യഥാര്‍ത്ഥ വിജയികള്‍ ഫലസ്തീന്‍ ആണെന്ന തരത്തിലും സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്.

ഒരു മിഡില്‍ ഈസ്റ്റ് രാജ്യത്ത് ആദ്യമായി നടക്കുന്ന ലോകകപ്പിന് ഫലസ്തീന് യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ടൂര്‍ണമെന്റിലുടനീളം പല മത്സരങ്ങള്‍ക്കുമിടയില്‍ രാജ്യം ഒരു പ്രതീകമായി ഉയരുന്നുണ്ട്.

മൊറോക്കോക്ക് പുറമെ മറ്റ് നിരവധി അറബ് ടീമുകളുടെ ആരാധകര്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തുകയും സ്റ്റേഡിയത്തിലിരിക്കെ അവ സ്‌കാര്‍ഫായി ധരിക്കുകയും ചെയ്യുന്നുണ്ട്. ഇസ്രഈല്‍ അധിനിവേശത്തിലേക്ക് ലോകശ്രദ്ധ കൊണ്ടുവരുന്നതിന് വേണ്ടി ഖത്താറികളായ ആരാധകരും ഫലസ്തീന്‍ പതാക നിരന്തരം ഉയര്‍ത്തുന്നുണ്ട്.

മൊറോക്കോക്ക് പുറമെ ലെബനന്‍, ഈജിപ്ത് ഖത്തര്‍, ടുണീഷ്യ എന്നീ ടീമുകളുടെ ആരാധകരും നേരത്തെ ഫലസ്തീനെ പിന്തുണച്ചുകൊണ്ടും സ്റ്റേഡിയത്തില്‍ ഫലസ്തീന്‍ പതാക വീശിക്കൊണ്ടും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.

ലോകകപ്പിനെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇസ്രഈലി മാധ്യമങ്ങളില്‍ നിന്നാണെന്ന് അറിയുന്നതോടെ ഫുട്ബോള്‍ ആരാധകര്‍ പ്രതികരിക്കാന്‍ വിസമ്മതിക്കുന്നതിന്റെയും ഫലസ്തീന്റെ വിമോചനത്തെ കുറിച്ച് സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങളും ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Content Highlight: Israeli forces crack down on Palestinians celebrating Morocco victory in Qatar World Cup