| Thursday, 14th December 2023, 11:47 pm

ജെനിനില്‍ പരിക്കേറ്റ ഫലസ്തീനികളെ കൊണ്ടുപോവുന്ന ആംബുലന്‍സുകള്‍ തടഞ്ഞ് ഇസ്രഈല്‍ സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ജെനിന്‍ നഗരത്തിലെ റെയ്ഡില്‍ പരിക്കേറ്റ ഫലസ്തീനികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകാനുള്ള ആംബുലന്‍സുകളുടെ പ്രവേശനം തടഞ്ഞ് ഇസ്രഈല്‍ സൈന്യം. ഇത്തരത്തില്‍ ആരോഗ്യ മേഖലയില്‍ സൈന്യം തടസം സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് മൂന്നാം ദിവസമായെന്നാണ് റിപ്പോര്‍ട്ട്.

ജെനിനിലും അഭയാര്‍ത്ഥി ക്യാമ്പിലും ഇസ്രഈല്‍ സൈന്യം നടത്തിയ റെയ്ഡില്‍ കുറഞ്ഞത് 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൈന്യം നഗരത്തിലെ ആശുപത്രികള്‍ ഉപരോധിക്കുകയും ആളുകളെ ആശുപത്രികളുടെ അകത്തേക്കും പുറത്തേക്കും കടക്കുന്നതില്‍ തടസം ഉണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

നഗരത്തിലെ ഖലീല്‍ സുലൈമാന്‍ എന്ന ആശുപത്രിയുടെ മുറ്റത്ത് മൂസ ഖത്തീബ് എന്ന 17 വയസുകാരനെ ഇസ്രഈല്‍ സൈനികര്‍ വെടിവെച്ച് കൊലപ്പെടുത്തിയതായി വ്യാഴാഴ്ച ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് എക്‌സില്‍ കുറിച്ചു. ഡിസ്ചാര്‍ജ് ചെയ്ത രോഗികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതില്‍ നിന്ന് ഇസ്രഈല്‍ സൈനികര്‍ ആംബുലന്‍സുകളെ തടഞ്ഞതായും സംഘടന കൂട്ടിച്ചേര്‍ത്തു.

പാരാമെഡിക്കല്‍ ജീവനക്കാരെയും ആംബുലന്‍സ് ഡ്രൈവര്‍മാരെയും ആംബുലന്‍സില്‍ നിന്ന് സൈന്യം പുറത്താക്കിയതായും റിപ്പോര്‍ട്ട് ഉണ്ട്. രോഗികളെ ആംബുലന്‍സില്‍ ഉപേക്ഷിക്കാനും വസ്ത്രം ഉരിഞ്ഞ് തെരുവില്‍ മുട്ടുകുത്തി നില്‍ക്കാനും ജീവനക്കാരോട് സൈന്യം നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Content Highlight: Israeli forces block ambulances carrying injured Palestinians in Jenin

We use cookies to give you the best possible experience. Learn more