| Wednesday, 6th October 2021, 11:23 am

രണ്ട് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരെ ഇസ്രഈലി സൈന്യം അറസ്റ്റ് ചെയ്തു; അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനെന്ന് ഫലസ്തീനിയന്‍ ജേര്‍ണലിസ്റ്റ് സിന്‍ഡിക്കേറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെസ്റ്റ് ബാങ്ക്: രണ്ട് മാധ്യമ പ്രവര്‍ത്തകരടക്കം ഒന്‍പത് ഫലസ്തീന്‍ പൗരന്മാരെ വെസ്റ്റ് ബാങ്കില്‍ വെച്ച് അറസ്റ്റ് ചെയ്ത് ഇസ്രഈല്‍ സൈന്യം. ചൊവ്വാഴ്ചയായിരുന്നു സംഭവം. അറസ്റ്റിനെ അപലപിച്ച് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ജേര്‍ണലിസ്റ്റ്‌സ് സിന്‍ഡിക്കേറ്റ് രംഗത്തെത്തി.

സമെ മനസ്‌രേഹ്, രാദി കരാമേഹ് എന്നീ മാധ്യമപ്രവര്‍ത്തകരാണ് അറസ്റ്റിലായത്. വെസ്റ്റ് ബാങ്കിന്റെ വടക്കന്‍ പ്രദേശത്തുള്ള നഗരമായ തുല്‍കര്‍മില്‍ വെച്ചാണ് മനസ്‌രേഹ് അറസ്റ്റിലായത്. ഇദ്ദേഹത്തെ പിന്നീട് വിട്ടയച്ചു.

എന്നാല്‍ രാദി കരാമേഹ് ഇപ്പോഴും ഹെബ്രോണില്‍ തടവിലാണ്. ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടാനും മാധ്യമപ്രവര്‍ത്തകരുടെ വായ് മൂടിക്കെട്ടാനുമാണ് ഈ അറസ്റ്റ് എന്നാണ് ഫലസ്തീന്‍ ജേര്‍ണലിസ്റ്റ്‌സ് സിന്‍ഡിക്കേറ്റ് തലവന്‍ നാസര്‍ അബു ബക്ര് പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പേരെ കൂടാതെ മറ്റ് 26 ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരും ഇസ്രഈല്‍ ജയിലുകളിലുണ്ട്.

ബെത്‌ലഹേം, റാമല്ലാഹ്, അധിനിവേശ കിഴക്കന്‍ ജെറുസലേം എന്നിവിടങ്ങളിലെ ഫലസ്തീന്‍ പൗരന്മാരെ കഴിഞ്ഞ ദിവസം ഇസ്രഈലി സൈന്യം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തത്.

ഇസ്രഈല്‍ സൈന്യം അതിക്രമിച്ച് കയറിയത് കാരണം സില്‍വന്‍ പ്രദേശത്തെ ഫലസ്തീന്‍ കുടുംബങ്ങളും വീടുപേക്ഷിച്ച് പോകേണ്ടി വരുമെന്ന അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജെറുസലേം പ്രദേശത്തുണ്ടായിരുന്ന 694 ഫലസ്തീന്‍ പൗരന്മാരെ
ഇസ്രഈലിന്റെ അതിര്‍ത്തി സേന വെസ്റ്റ് ബാങ്കിലേക്ക് പെര്‍മിറ്റ് കൂടാതെ പറഞ്ഞയച്ചാതായും ഇസ്രഈലിലെ ഒരു വാര്‍ത്താ ചാനല്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Israeli forces arrested two Palestinian journalists

We use cookies to give you the best possible experience. Learn more