കമൽ അദ്‌വാൻ ആശുപത്രി അഗ്നിക്കിരയാക്കിയതിന് പിന്നാലെ ഹോസ്പിറ്റൽ മേധാവിയെ അറസ്റ്റ് ചെയ്ത് ഇസ്രഈൽ സൈന്യം
World News
കമൽ അദ്‌വാൻ ആശുപത്രി അഗ്നിക്കിരയാക്കിയതിന് പിന്നാലെ ഹോസ്പിറ്റൽ മേധാവിയെ അറസ്റ്റ് ചെയ്ത് ഇസ്രഈൽ സൈന്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th December 2024, 1:04 pm

ഗസ: കമൽ അദ്‌വാൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ഹുസാം അബു സഫിയയെ ഇസ്രഈൽ സൈന്യം കസ്റ്റഡിയിലെടുത്തതായി ഗസയിലെ ആരോഗ്യ ഉദ്യോഗസ്ഥർ.

കഴിഞ്ഞ ദിവസം കമൽ അദ്‌വാന്‍ ആശുപത്രി ഇസ്രഈല്‍ സൈന്യം അഗ്നിക്കിരയാക്കിയിരുന്നു. തീപ്പിടുത്തത്തില്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ റൂമുകളും ലബോറട്ടറികളും മറ്റ് അത്യാഹിത വിഭാഗങ്ങളും നശിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ ഡിപ്പാർട്ട്‌മെൻ്റുകൾക്ക് തീപിടിക്കുകയും ഫലസ്തീനിയൻ മെഡിക്കൽ തൊഴിലാളികളും രോഗികളും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഗസയിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ മുനീർ അൽ-ബർഷ് പറഞ്ഞു. ആശുപത്രിയില്‍ റെയ്ഡ് നടത്തിയ ഇസ്രഈല്‍ സൈന്യം അതിശൈത്യത്തിലേക്ക് രോഗികളേയും ആശുപത്രി ജീവനക്കാരേയും വസ്ത്രമഴിച്ച് ഇറക്കി വിട്ടതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

റെയ്ഡ് നടക്കുമ്പോൾ, 180 മെഡിക്കൽ വർക്കർമാരും 75 പരിക്കേറ്റവരും ഉൾപ്പെടെ 350 പേർ ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്ന് ഗസ ആസ്ഥാനമായുള്ള സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു.

ഡസൻ കണക്കിന് ഡോക്ടർമാരെ ചോദ്യം ചെയ്യുന്നതിനായി തടങ്കൽ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച അബു സഫിയയെ അറസ്റ്റ് ചെയ്തതായി മുനീർ അൽ-ബർഷ് സ്ഥിരീകരിച്ചു. അറസ്റ്റിന് മുമ്പ് ഇസ്രഈൽ സൈന്യം അദ്ദേഹത്തെ ക്രൂരമായി മർദിച്ചെന്നും ബർഷ് അൽ ജസീറയോട് പറഞ്ഞു.

ആശുപത്രിയിൽ നിന്ന് ഇസ്രഈൽ സൈന്യം തട്ടിക്കൊണ്ടുപോയ മെഡിക്കൽ സ്റ്റാഫുകളുടെയും സാധാരണക്കാരുടെയും ഗതി അജ്ഞാതമായി തുടരുകയാണ്.

കമൽ അദ്‌വാൻ ഹോസ്പിറ്റലിനു നേരെ ഇസ്രഈൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ നടപടിയെടുക്കാൻ കഴിഞ്ഞ മൂന്ന് മാസമായി അബു സഫിയ വീഡിയോകളിലൂടെ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചിരുന്നു. രോഗികളുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും ജീവൻ അപകടത്തിലാണെന്ന് അദ്ദേഹം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഒക്ടോബർ അവസാനത്തിൽ, അബു സഫിയയുടെ മകൻ നേരത്തെ ഇസ്രഈലി സൈനീകർ ആശുപത്രിയിൽ നടത്തിയ റെയ്ഡിൻ്റെ ഫലമായി കൊല്ലപ്പെട്ടിരുന്നു. ഒരു മാസത്തിനുശേഷം, ആശുപത്രി സമുച്ചയത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റു.

കഴിഞ്ഞ ആഴ്ച്ചയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ ആശുപത്രിയിലെ അവസാന ഐ.സി.യുവിന് തീപ്പിടിച്ചിരുന്നു. ആശുപത്രിയിലെ ആരോഗ്യ സംവിധാനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കാന്‍ ആശുപത്രി അധികൃതര്‍ 75 ദിവസത്തിലധികമായി ലോകത്തോട് അഭ്യര്‍ത്ഥിച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും അബു സഫിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഒക്ടോബര്‍ ഏഴിന് ഗസയില്‍ ഇസ്രഈല്‍ സൈന്യം അധിനിവേശം ആരംഭിച്ചതുമുതല്‍ കമല്‍ അദ്‌വാന്‍ ആശുപത്രിക്ക് നേരെ ഇസ്രഈല്‍ സൈന്യം കടുത്ത ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ മാസം സമാനമായി ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഐ.സി.യു ഡയറക്ടര്‍ അഹ്‌മദ് അല്‍ കഹ്ലൂത്ത് കൊല്ലപ്പെട്ടിരുന്നു.

 

Content Highlight: Israeli forces arrest Gaza hospital chief after ‘burning doctors and patients alive’