'മുഹമ്മദ് മരിച്ചു, അറബികള്‍ക്ക് മരണം, ഫക്ക് ദുബായ്,' അബുദാബി രാജകുടുംബാംഗം ബെയ്താര്‍ ജെറുസലേം വാങ്ങിയതിനെതിരെ ആരാധകരുടെ അധിക്ഷേപപ്രകടനം
World News
'മുഹമ്മദ് മരിച്ചു, അറബികള്‍ക്ക് മരണം, ഫക്ക് ദുബായ്,' അബുദാബി രാജകുടുംബാംഗം ബെയ്താര്‍ ജെറുസലേം വാങ്ങിയതിനെതിരെ ആരാധകരുടെ അധിക്ഷേപപ്രകടനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th December 2020, 6:18 pm

ജെറുസലേം: വംശീയതക്ക് കുപ്രസിദ്ധി നേടിയ ഇസ്രഈലിന്റെ ഫുട്ബോള്‍ ക്ലബ്ബായ ബെയ്താര്‍ ജറുസലേം അബുദാബി രാജകുടുംബത്തിലെ അംഗം വാങ്ങിയതിന് പിന്നാലെ അറബ് രാജ്യങ്ങള്‍ക്കെതിര വംശീയ അധിക്ഷേപവുമായി ക്ലബിന്റെ ചില ഫാന്‍സ് ഗ്രൂപ്പുകള്‍.

ക്ലബിന്റെ സ്റ്റേഡിയത്തിലും മതിലുകളിലും മുസ്‌ലിങ്ങള്‍ക്കും അറബികള്‍ക്കുമെതിരെ അധിക്ഷേപവും തെറിവാക്കുകളും ആരാധകര്‍ എഴുതിവെച്ചു. ഗ്രാഫിറ്റിയും സ്‌പ്രെ പെയ്ന്റിംഗും ഉപയോഗിച്ചായിരുന്നു ഇവരുടെ അധിക്ഷേപ പ്രകടനം.

‘മുഹമ്മദ് മരിച്ചു, അറബികള്‍ക്ക് മരണം, ഫക്ക് ദുബായ്, നിങ്ങള്‍ക്ക് ഞങ്ങളെ വിലക്കെടുക്കാനാവില്ല, ഞങ്ങളോട് കളിക്കാന്‍ നില്‍ക്കരുത്’ എന്നിങ്ങനെയായിരുന്നു ഇവര്‍ മതിലില്‍ എഴുതിവെച്ചിരുന്നത്.

ആരാധകരുടെ പ്രവൃത്തിക്കെതിര ക്ലബ് അധികൃതര്‍ രംഗത്തെത്തി. സ്റ്റേഡിയത്തിന് മുന്നില്‍ ക്ലബ് വാങ്ങിയ രാജകുടുംബാംഗമായ ഹമാദ് ബിന്‍ ഖാലിഫയെ സ്വാഗതം ചെയ്യുന്ന ബാനര്‍ ക്ലബ് അധികൃതര്‍ തൂക്കി. അധിക്ഷേപ പ്രകടനത്തിനെതിരെ ട്വിറ്ററിലും ക്ലബ് രംഗത്തെത്തി. മുസ്‌ലിങ്ങളോടും അറബികളോടുമൊപ്പം ചേര്‍ന്ന് നിന്നുകൊണ്ട് വംശീയതക്കെതിരെ പോരാടണമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ അധിക്ഷേപങ്ങളെന്നായിരുന്നു ബെയ്‌റത് ജറുസലേമിന്റെ ട്വീറ്റ്.

കരാറിലൂടെ ഇസ്രഈല്‍ യു.എ.ഇ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തിയതിന് പിന്നാലെയാണ് വംശീയതയ്ക്ക് കുപ്രസിദ്ധി നേടിയ ബെയ്താര്‍ ക്ലബ്ബ് അബുദാബി രാജകുടുംബത്തിലെ അംഗമായ ഷെയ്ഖ് ഹമാദ് ബിന്‍ ഖലീഫ അല്‍-നഹ്യാന്‍ വാങ്ങിയത്. തിങ്കളാഴ്ചയാണ് ക്ലബ്
ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഹമദ് ബിന്‍ 300 മില്ല്യണ്‍ ഷീക്കല്‍സിന്റെ നിക്ഷേപം ക്ലബില്‍ നടത്തുമെന്നാണ് ബെയ്താര്‍ ജറുസലേമിന്റെ വെബ് സൈറ്റില്‍ പറയുന്നത്.

1936ല്‍ സ്ഥാപിതമായ ക്ലബ് ഇസ്രഈലിന്റെ തീവ്ര സയണിസ്റ്റ് വംശീയ താത്പര്യങ്ങള്‍ വെച്ചുപുലര്‍ത്തുന്നതാണ്. രാജ്യത്തെ ജനസംഖ്യയില്‍ 20% വരുന്ന അറബ്/ഫലസ്തീന്‍ വംശജരില്‍പ്പെട്ട ഒരാള്‍ പോലും ഇല്ലാത്ത ഇസ്രഈലിലെ ഏക ക്ലബും ബെയ്താര്‍ ആണ്.

‘ലാ ഫെമിലിയാ’ എന്നറിയപ്പെടുന്ന ക്ലബിന്റെ ആരാധകരുടെ തീവ്ര ദേശീയ, വംശീയ മുദ്രാവാക്യങ്ങള്‍ കുപ്രസിദ്ധമാണ്. എതിര്‍ ടീമുകളായി അറബികളെ പ്രതിഷ്ഠിച്ച് തെറി വിളിക്കുന്നതാണ് പൊതുവേ ക്ലബ് ഫാന്‍സിന്റെ രീതി.

നിരവധി തവണ ക്ലബ് ഹിംസാത്മക, വംശീയ നടപടികളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പോലുള്ള തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാര്‍ ക്ലബുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആരാധകരാണ്.

2013ല്‍ ചെചന്‍ വംശജരായ രണ്ട് മുസ്ലിങ്ങളെ ടീമില്‍ എടുത്തപ്പോള്‍ ക്ലബ് ഫാന്‍സ് അക്രമാസക്തമായ നീക്കങ്ങളായിരുന്നു നടത്തിയത്. ക്ലബിന്റെ ഓഫീസിന് തീവെക്കുകയും ട്രോഫി റൂം നശിപ്പിക്കുകയും ചെയ്തിരുന്നു.

ഇവര്‍ പരിശീലനം നടത്തുന്ന ഗ്രൗണ്ടിന് ചുറ്റും കൂടി നിന്ന് ആക്രോശിച്ചത് ‘നിങ്ങള്‍ രണ്ട് മുസ്ലിങ്ങളെയാണ് ഞങ്ങള്‍ക്ക് തന്നത്; ഫുട്‌ബോള്‍ കളിക്കാരെ അല്ല, എന്നായിരുന്നു. ഇസ്രഈല്‍ പോലൊരു മഹത്തായ നഗരത്തില്‍ ഏറെ കീര്‍ത്തികേട്ട ക്ലബ്ബ് സ്വന്തമാക്കാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് താന്‍ എന്ന് ഷെയ്ഖ് ഹമാദ് പറഞ്ഞുവെന്ന് ക്ലബ്ബിന്റെ കുറിപ്പ് ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്ര വംശീയ നിലപാടുകള്‍ക്ക് കുപ്രസിദ്ധമായ ക്ലബ്ബ് വാങ്ങിയ യു.എ.ഇയുടെ നടപടി കടുത്ത വിമര്‍ശനമാണ് നേരിടുന്നത്.

സെപ്റ്റംബര്‍ 15 നാണ് ഇസ്രഈല്‍-യു.എ.ഇ കരാര്‍ വാഷിംഗ്ടണില്‍ വെച്ച് ഒപ്പുവെച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയിലാണ് വൈറ്റ് ഹൗസില്‍ വെച്ച് യു.എ.ഇയും ബഹ്റൈനും ഇസ്രഈലുമായി ചേര്‍ന്ന് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ് ബിന്‍ സയിദ് അല്‍നഹ്യാനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യമന്ത്രി അബ്ദുള്ള ബിന്‍ സയ്യിദ് അലി നഹ്യാനും ബഹ്റൈന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുള്‍ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഉടമ്പടിയില്‍ ഒപ്പുവെക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Israeli football club Beitar Jerusalem fans against Abudabi royal family buying club, paints racial slurs