ന്യൂയോര്‍ക്ക്: രാഷ്ട്രീയക്കാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എംബസി ജീവനക്കാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ഇസ്രാഈല്‍ ആസ്ഥാനമായ സ്ഥാപനം വിവിധ സര്‍ക്കാരുകള്‍ക്ക് വിറ്റതായി റിപ്പോര്‍ട്ട്.
ഇസ്രാഈലിലെ ടല്‍ അവീവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാന്‍ഡിരു എന്ന കമ്പനിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മൈക്രോസോഫ്റ്റാണ് വ്യാഴാഴ്ച പുറത്തുവിട്ടത്.
കാന്‍ഡിരുവിന്റെ സ്‌പൈവെയര്‍ ഇന്‍ഫ്രാസ്ട്രക്ചറുമായി ബന്ധിപ്പിച്ചിട്ടുള്ള 750 ലധികം സൈറ്റുകള്‍ തിരിച്ചറിഞ്ഞതായും മൈക്രോ സോഫ്റ്റ് അറിയിച്ചു. ഇന്റര്‍നെറ്റ് സ്‌കാനിംഗ് ഉപയോഗിച്ചാണ് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആംനസ്റ്റി ഇന്റര്‍നാഷണല്‍, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍, മാധ്യമ കമ്പനികള്‍ എന്നിവയുടെ പേരിലുള്ള അഭിഭാഷക സംഘടനകളുടെ നിരവധി ഡൊമെയ്നുകള്‍ തങ്ങള്‍ കണ്ടെത്തിയതായി മൈക്രോസോഫ്റ്റ് പറഞ്ഞു.
ഐഫോണുകള്‍, ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ തുടങ്ങിയവരില്‍ നിന്ന് കാന്‍ഡിരുവിന് വിവരങ്ങല്‍ ശേഖരിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നടന്ന ‘സോളര്‍ വിന്റ്’ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ചൈനയില്‍ നിന്നുള്ള ഒരു കൂട്ടം ഹാക്കര്‍മാരാണെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതിനു ശേഷമാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി കമ്പനി രംഗത്തെത്തുന്നത്.