| Wednesday, 30th November 2022, 1:43 pm

എളുപ്പമുള്ള കാര്യമല്ലത്, കശ്മീര്‍ ഫയല്‍സിനെക്കുറിച്ച് ഭയത്തോടെയാണ് ഞാന്‍ സംസാരിച്ചത്: നദാവ് ലാപിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ കശ്മീര്‍ ഫയല്‍സിനെതിരെയുള്ള പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി ഇസ്രഈല്‍ സംവിധായകനും ഐ.എഫ്.എഫ്.ഐ ജൂറി അധ്യക്ഷനുമായ നദാവ് ലാപിഡ്.

ചലച്ചിത്ര മേളയുടെ സമാപന ചടങ്ങില്‍ ആരെങ്കിലും സിനിമയെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്, അതിനാലാണ് കശ്മീര്‍ ഫയല്‍സിനെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ പങ്കുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സിനിമയെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് താന്‍ ആശങ്കാകുലനായിരുന്നുവെന്നും, എന്നാലും തനിക്ക് അഭിപ്രായങ്ങള്‍ പങ്കിടേണ്ടിവന്നുവെന്നും നാദവ് ലാപിഡ് വ്യക്തമാക്കി. ഇസ്രഈലി മാധ്യമമായ വൈനെറ്റിനോടായിരുന്നു ലാപിഡിന്റെ പ്രതികരണം.

‘അത് രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എളുപ്പമുള്ള കാര്യമല്ലത്. ഞാന്‍ അവിടെ ജൂറി അധ്യക്ഷനാണ്, അവരെന്നോട് മാന്യമായി പെരുമാറുന്നു. എന്നാല്‍, ഞാന്‍ ഫെസ്റ്റിവലിനെ രൂക്ഷമായി വിമര്‍ശിക്കുന്നു. അതിലെനിക്ക് ആശങ്കയും അസ്വസ്തയും ഉണ്ടായിരുന്നു. എന്തായിരിക്കും സംഭവിക്കുകയെന്ന് എനിക്കറിയില്ലായിരുന്നു. അതിനാല്‍. കുറച്ച് ഭയത്തോടെയാണ് ഞാന്‍ സംസാരിച്ചത്. അതെ, ഞാന്‍ ആ ദിവസം മുഴുവന്‍ ഭയത്തോടെയാണ് കഴിഞ്ഞത്. തുടര്‍ന്ന് വിമനത്താവളത്തിലേക്കുള്ള യാത്രയിലാണ് എനിക്ക് സന്തോഷം തിരിച്ചുകിട്ടിയത്.

സ്വതന്ത്രമായി സംസാരിക്കാനും മനസിലുള്ള കാര്യങ്ങള്‍ തുറന്ന് പറയാനും കഴിയാത്ത രാജ്യങ്ങളില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ആരെങ്കിലും സംസാരിക്കേണ്ടതുണ്ട്. ഞാനാ സിനിമ കണ്ടപ്പോള്‍ എനിക്കതിന്റെ ഇസ്രഈല്‍ പശ്ചാത്തലം ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. നിലവില്‍ അവിടെ ഇങ്ങനെയല്ലെങ്കിലും അവിടെയുമിത് സംഭവിക്കുമെന്ന് എനിക്ക് ഉറപ്പാണ്. ആയതിനാല്‍ ആ വഴിയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു അപരിഷ്‌കൃത സമൂഹത്തില്‍ നിന്ന് വരുന്ന എനിക്ക് അവിടെ വെച്ച് അങ്ങനെ ചെയ്യണെമന്ന് തോന്നി,’ നദാവ് ലാപിഡ് പറഞ്ഞു.

അതേസമയം, നദാവ് ലാപിഡിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ കശ്മീര്‍ ഫയല്‍സിനെതിരായ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ലാപിഡനെതിരെ സിനിമയുടെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി, അഭിനേതാക്കളായ അനുപം ഖേര്‍, പല്ലവി ജോഷി എന്നിവരും രംഗത്തെത്തിയിരുന്നു.

ചിത്രത്തിലെ ഒരു രംഗമെങ്കിലും വ്യാജമാണെന്ന് തെളിയിച്ചാല്‍ സംവിധാനം നിര്‍ത്തുമെന്ന് വിവേക് അഗ്‌നിഹോത്രി പറഞ്ഞത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കശ്മീര്‍ ഫയല്‍സ് ഒരു പ്രൊപഗണ്ട സിനിമയാണെന്ന ചോദ്യം വീണ്ടുമുയരുന്നു. അതിനര്‍ത്ഥം വംശഹത്യ അവിടെ നടന്നിട്ടില്ലെന്നാണോ? ഇന്ന് ഈ ബുദ്ധിജീവികളെയും ഇസ്രഈലിലെ പേരുകേട്ട സിനിമാ സംവിധായകരേയും ഞാന്‍ വെല്ലുവിളിക്കുന്നു, ദ കശ്മീര്‍ ഫയല്‍സിലെ ഒരു രംഗമെങ്കിലും, ഒരു ഡയലോഗെങ്കിലും വ്യാജമാണെന്ന് തെളിയിച്ചാല്‍ ഞാന്‍ സംവിധാനം നിര്‍ത്തും,’ എന്നാണ് വിവേക് പറഞ്ഞത്.

അതേസമയം നദാവിന്റെ വാക്കുകള്‍ക്കെതിരെ പ്രതികരണവുമായി ഇന്ത്യയിലെ ഇസ്രഈല്‍ അംബാസിഡര്‍ നഓര്‍ ഗിലോണ്‍ രംഗത്തെത്തിയിരുന്നു. ജൂറി അധ്യക്ഷ പദവി നദാവ് ലാപിഡ് ദുരുപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീര്‍ ഫയല്‍സിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ നദാവ് ലാപിഡ് സ്വയം ലജ്ജിക്കണമെന്നും, ഇന്ത്യ ഇസ്രഈല്‍ ബന്ധത്തിന് ഈ പരാമര്‍ശം വരുത്തിയ കോട്ടത്തെ അതിജീവിക്കുമെന്നും ഗിലോണ്‍ ട്വീറ്റ് ചെയ്തിരുന്നു.

ദ കശ്മീര്‍ ഫയല്‍സ് കണ്ട് ഞെട്ടിപ്പോയെന്നാണ് നദാവ് ലാപിഡ് പറഞ്ഞത്. ‘ആ ചിത്രം ഞങ്ങളെ ശരിക്കും അസ്വസ്ഥപ്പെടുത്തി. കാരണം വളരെ വൃത്തികെട്ട ഒരു പ്രൊപഗണ്ട ചിത്രമായിരുന്നു അത്. ഇത്രയും പേരുകേട്ട ഒരു മേളയിലെ കലാമൂല്യമുള്ള സിനിമകള്‍ മത്സരിക്കുന്ന വിഭാഗത്തിലേക്ക് കടന്നുവരാനുള്ള ഒരു യോഗ്യതയും ആ ചിത്രത്തിനില്ലായിരുന്നു.

ഈ വേദിയില്‍ ഇങ്ങനെ അഭിപ്രായം തുറന്നുപറയുന്നതില്‍ എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല. വിമര്‍ശനങ്ങളെല്ലാം സ്വീകരിക്കാന്‍ കഴിയുന്ന ഒരു സ്പിരിറ്റ് ഈ മേളക്കുണ്ട്. കലയിലും ജീവിതത്തിലും വിമര്‍ശനങ്ങള്‍ അനിവാര്യമാണല്ലോ,’ എന്നായിരുന്നു നവാദിന്റെ വാക്കുകള്‍.

അതിനിടെ, കശ്മീര്‍ ഫയല്‍സിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി വീണ്ടും രംഗത്തെത്തി.

‘കശ്മീര്‍ ഫയല്‍സ്: അണ്‍റിപ്പോര്‍ട്ടഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തുടര്‍ഭാഗത്തിലൂടെ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യക്ക് പിന്നിലെ എല്ലാ യാഥാര്‍ത്ഥ്യങ്ങളും പുറത്തെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് വിവേക് അഗ്‌നിഹോത്രി ഇക്കാര്യം പരാമര്‍ശിച്ചത്.

Content Highlight: Israeli filmmaker Nadav Lapid opened up about his controversial take on The Kashmir Files

We use cookies to give you the best possible experience. Learn more