|

ഗസയിലെ യുദ്ധം അവസാനിപ്പിച്ചിട്ടാണെങ്കിലും ബന്ദികളെ മോചിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കണം: ഇസ്രഈല്‍ യുദ്ധവിമാന പൈലറ്റുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഗസയിലെ യുദ്ധം അവസാനിപ്പിച്ചിട്ടാണെങ്കിലും ബന്ദികളെ മോചിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ഇസ്രഈല്‍ യുദ്ധവിമാന പൈലറ്റുമാര്‍. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് 980 പൈലറ്റുമാര്‍ ഒപ്പുവെച്ച തുറന്ന കത്തിലാണ് ഇക്കാര്യം പറയുന്നത്.

ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രഈല്‍ വീണ്ടും ആരംഭിച്ച യുദ്ധം സുരക്ഷക്ക് വേണ്ടിയുള്ളതല്ലെന്നും വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും കത്തില്‍ പറയുന്നുണ്ട്. വ്യാഴാഴ്ചയാണ് ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈല്‍ പൈലറ്റുമാര്‍ നെതന്യാഹുവിന് കത്തെഴുതിയത്.

ഇതിനുപിന്നാലെ കത്തില്‍ ഒപ്പിട്ട വിരമിക്കാത്ത പൈലറ്റുമാരെ പിരിച്ചുവിടുമെന്ന് മുതിര്‍ന്ന ഇസ്രഈലി സൈനികന്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. തീരുമാനത്തെ നെതന്യാഹു പിന്തുണച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുറന്ന കത്തില്‍ ഒപ്പിട്ട 10 ശതമാനം ആളുകളും സജീവമായി റിസര്‍വ് ഡ്യൂട്ടിയില്‍ ഉള്ളവരാണ്. ഒപ്പിട്ടവരില്‍ ഭൂരിഭാഗവും വിരമിച്ച റിസര്‍വ് പൈലറ്റുമാരാണ്.

2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് പ്രത്യാക്രമണം നടത്തിയതിന് പിന്നാലെയാണ് നെതന്യാഹു സര്‍ക്കാര്‍ ഗസയിലെ അതിക്രമങ്ങള്‍ ശക്തമാക്കിയത്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനിടെ 251 ആളുകളെ ബന്ദികളാക്കി ഹമാസ് ഗസയിലേക്ക് കൊണ്ടുപോയിരുന്നു.

പിന്നീട് അമേരിക്കയുടെ മധ്യസ്ഥതയില്‍ പ്രാബല്യത്തില്‍ വന്ന ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഹമാസും ഇസ്രഈലും തമ്മില്‍ ബന്ദികൈമാറ്റം നടന്നിരുന്നു. എന്നാല്‍ കരാര്‍ ഒന്നാംഘട്ടം പൂര്‍ത്തിയായതോടെ 2025 മാര്‍ച്ച് 18ന് ഇസ്രഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നു.

തടവിലുള്ള 59 ബന്ദികളെ കൂടെ മോചിപ്പിക്കുന്നത് വരെ ആക്രമണം തുടരുമെന്നാണ് ഇസ്രഈല്‍ പറയുന്നത്. ഇസ്രഈലിന്റെ നിലപാടിനെതിരെ യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളും വിമര്‍ശനം ഉന്നയിച്ചിരുന്നു.

നെതന്യാഹു സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ ഇസ്രഈലിലും ഫലസ്തീനിലുമായി ഇസ്രഈലികള്‍ തന്നെ രംഗത്തെത്തിയിരുന്നു. ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നെതന്യാഹുവിന്റെ വസതിക്ക് മുമ്പാകെ തടവുകാരുടെ കുടുംബാംഗങ്ങള്‍ ശക്തമായ പ്രതിഷേധമാണ് നടത്തിയത്.

നിലവിലെ കണക്കുകള്‍ പ്രകാരം 50,900 ഫലസ്തീനികള്‍ ഇസ്രഈല്‍ ആക്രമണത്തില്‍ ഗസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

Content Highlight: Israeli fighter pilots say hostage release should be a priority even after Gaza war ends

Video Stories