| Monday, 26th August 2019, 9:53 pm

വര്‍ദ്ധിച്ചുവരുന്ന ഇന്ത്യാ - പാക് സംഘര്‍ഷാവസ്ഥയിലെ ഇസ്രായേല്‍ ഘടകം

അബ്ദുസ് സത്താര്‍ ഗസ്സാലി

കാശ്മീരിലെ തര്‍ക്കാതിര്‍ത്തിമേഖലയിലേയ്ക്കുള്ള ഇന്ത്യയുടെ കടന്നുകയറ്റത്തിന്റെ പരിണതിയെന്നോണം ഇന്ത്യയും പാക്കിസ്ഥാനും ഒരിക്കല്‍കൂടി പരിപൂര്‍ണയുദ്ധത്തിന്റെ വക്കത്തെത്തിനില്‍ക്കുകയാണ്. ഈ രണ്ട് തെക്കേഷ്യന്‍ രാജ്യങ്ങളും അത്യാന്താധുനിക അണവായുധങ്ങള്‍ കൈവശം വെച്ചിരിക്കുന്നതുകൊണ്ട് തന്നെ ഇതിന്റെ വ്യാപ്തി ചിന്തിക്കാവുന്നതിനുമപ്പുറമാണ്.

രാഷ്ട്രീയ ചിന്തകനായ ഡോ. ഷാഹിദ് മസൂദ് ആഗസ്റ്റ് 17 ശനിയാഴ്ച്ച ചൂണ്ടിക്കാണിക്കുന്നതിങ്ങനയാണ്; ഇന്ത്യയും പാക്കിസ്ഥാനും ഒരു സൈനിക സംഘര്‍ഷത്തിലേയ്ക്ക് എത്തിനില്‍ക്കുന്ന സ്ഥിതിക്ക് ഈ സമവായത്തിനുള്ളിലെ മറ്റൊരു ശക്തിയുടെ പേര്, ഇന്ത്യയുമായി നയതന്ത്രബന്ധമുള്ള ഇസ്രായേലിന്റെ പേര് നമ്മള്‍ പറയുന്നില്ല. ”ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഇന്ത്യാ-പാക്ക് സൈനികാക്രമണത്തില്‍ ഇസ്രായേല്‍ പങ്കെടുത്തിരുന്നു.’

ഡോ. ഷാഹിദ് മസൂദ്

ഇന്ത്യന്‍ വ്യോമസേനയുടെ ഒരു എയര്‍ക്രാഫ്റ്റ് പാക്കിസ്ഥാന്‍ വെടിവെച്ചിടുകയും കസ്റ്റഡിയിലെടുത്ത പൈലറ്റിനെ സൗഹാര്‍ദ്ദപരമായി (goodwill gesture) ഇന്ത്യയ്ക്ക് തിരികെ നല്‍കുകയും ചെയ്തതോര്‍ക്കുന്നുണ്ടാകുമല്ലോ. അന്ന് ഒരു ഇസ്രായേലി പൈലറ്റും പാക് പിടിയിലായിരുന്നതായി ഒരു ശ്രുതിയുണ്ട്.

ഇസ്ലാമാബാദിനടുത്തുള്ള കഹുതയിലെ പാക്കിസ്ഥാന്റെ ആണവ സജ്ജീകരണങ്ങളെ ആക്രമിക്കാന്‍ ഇന്ത്യയും ഇസ്രായേലും 1980-81 കാലങ്ങളില്‍ പദ്ധതിയിട്ടിരുന്നതായി ഡോ ഷാഹിദ് മസൂദ് ഓര്‍ത്തെടുക്കുന്നുണ്ട്.

പാക്കിസ്ഥാന്റെ, മണിക്കൂറില്‍ 2750 കിലോമീറ്റര്‍ സ്പീഡുള്ള ഷഹീന്‍-III (ഷഹീന്‍ മൂന്ന്) എന്ന മിസൈലിന് 13 മിനിറ്റുകള്‍ക്കുള്ളില്‍ ഇസ്രായേലില്‍ എത്തിച്ചേരാന്‍ സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ”ഈ മിസൈലിനെ തടയാനുള്ള പ്രതിരോധ മിസൈല്‍ സംവിധാനങ്ങളില്ലാത്ത ഇറാന്‍, ഇറാഖ്, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങള്‍ക്കു മുകളിലൂടെയായിരിക്കും ഇത് സഞ്ചരിക്കുക. ഏതൊരു ഇസ്രായേലിനഗരത്തെയും ആക്രമിക്കാന്‍ കഴിവുള്ള ഏക രാജ്യം കൂടിയാണ് പാക്കിസ്ഥാന്‍.

ഷഹീന്‍-III

മണിക്കൂറില്‍ 2750 കിലോമീറ്റര്‍ വേഗതയേക്കാള്‍ കൂടുതലുണ്ട് ഷെഹീന്‍ മൂന്നിന് എന്നാണ് വിരമിച്ച ലെഫ്റ്റ്‌നന്റ് ജനറല്‍ ഗുലാം മുസ്തഫ ആഗസ്റ്റ് 18ന് ഒരു ടി.വി പരിപാടിയില്‍ പറഞ്ഞത്.

ഇസ്രയേലി നയതന്ത്രബന്ധം

ഇന്ത്യ-ഇസ്രയേല്‍ രാജ്യങ്ങള്‍ തമ്മില്‍ 1992ല്‍ നയതന്ത്രബന്ധം സ്ഥാപിക്കപ്പെട്ടതിനെ തുടര്‍ന്ന് സൈനിക, ഇന്റലിജന്‍സ് മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണം വര്‍ദ്ധിച്ചിട്ടുണ്ട്. നരേന്ദ്രമോദി ആദ്യതവണ പ്രധാനമന്ത്രിയായ ശേഷം 2017 ജൂലൈയില്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുകയുണ്ടായി. ഇരുരാജ്യങ്ങളും തമ്മിലുള്ള 25 വര്‍ഷത്തെ നയതന്ത്രബന്ധത്തെ അടയാളപ്പെടുത്താനായിരുന്നു അത്.

മുമ്പ് 2014 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ വെച്ച് മോദിയുമായി കൂടിക്കാഴ്ച്ചനടത്തിയതിനു ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജറുസലേം പോസ്റ്റിനോട് പറഞ്ഞത്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് ”ആകാശമാണ് അതിര്’ എന്നാണ്.

ഇന്ത്യയുടെ ദേശീയ സുരക്ഷാ താല്‍പര്യങ്ങള്‍ക്ക് ഇസ്രായേലുമായുള്ള തീവ്ര സഹകരണം അനിവാര്യമാണ് എന്നാണ് ഇന്ത്യയിലെ ആഭ്യന്തര ശ്രുതി എന്നാണ് 2018 ജനുവരിയില്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിച്ചതിനെ കുറിച്ച് ഹര്‍ഷ് വി പന്ത് രേഖപ്പെടുത്തുന്നത്. ന്യൂദല്‍ഹിയിലെ ഒബ്‌സര്‍വെര്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ സ്ട്രാറ്റജിക് സ്റ്റഡീസ് പ്രോഗ്രാം തലവനാണ് അദ്ദേഹം.

ഇന്ത്യക്ക് ആയുധം നല്‍കുന്ന സുപ്രധാന ആയുധ കച്ചവടക്കാരാണ് (defense supplier) ഇസ്രയേല്‍. 2017 ഏപ്രിലില്‍ ഇരുരാജ്യങ്ങളും ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ ഒരു വ്യോമ, മിസൈല്‍ പ്രതിരോധ കരാറില്‍ ഒപ്പിടുകയുണ്ടായി. തങ്ങളുടെ ചരിത്രത്തിലെ ‘ഏറ്റവും വലിയ ആയുധ കച്ചവട കരാര്‍’ എന്നാണ് ഇസ്രയേല്‍ ഇതിനെ വിശേഷിപ്പിച്ചത്.

ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നതനുസരിച്ച്, ഫാല്‍കോണ്‍ അവാക്‌സ് (AWACS – airborne warning and control systems), സെര്‍ച്ചര്‍, ഹെറോണ്‍, ഹറോപ് യു.എ.വി (UAVs – unmanned aerial vehicles) മുതല്‍ എയ്‌റോസ്റ്റാറ്റ് & ഗ്രീന്‍ റഡാറുകള്‍, ബാരക്ക് ആന്റി മിസൈല്‍ പ്രതിരോധങ്ങള്‍, തുടങ്ങി നിരവധി ഇനത്തില്‍ പെട്ട മിസൈലുകളും ലേസര്‍-ഗെയ്ഡഡ് ബോംബുകളുമൊക്കെ ഇന്ത്യയ്ക്ക് സപ്ലൈ ചെയ്യുന്ന ഏറ്റവും വലിയ മൂന്നോ നാലോ രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍.

നവംബര്‍ 2017ല്‍ തെക്കന്‍ ഇസ്രായേലിലെ ഉവ്ഡാ വ്യോമസേനാ ബെയ്‌സില്‍ നടന്ന ‘ബ്ലൂ ഫ്‌ളാഗ്’ പരിശീലന പരിപാടിയില്‍ ഇന്ത്യ ആദ്യമായി പങ്കെടുത്തു. തങ്ങളുടെ ഗരുഡ് കമാന്റോ ഫോഴ്‌സിനെയും ഹെര്‍ക്കുലീസ് സി-130ജെ പ്ലെയിനും ‘വീല്‍ഡ് വൈപ്പെര്‍’ സൈനിക താവളത്തില്‍ നിന്നും ഇന്ത്യ അതിലേക്കയക്കുകയുണ്ടായി. ഇന്ത്യന്‍ സ്‌പെഷ്യല്‍ സേനയും ഇസ്രയേല്‍ സ്‌പെഷ്യല്‍ സേനയും തന്ത്രപ്രധാനമായ ഒരുകൂട്ടം സംയുക്തപ്രകടനങ്ങളാണ് നടത്തിയത്. സ്ട്രാറ്റജിക് ആസ്തികളുടെ സംരക്ഷണം, നുഴഞ്ഞുകയറ്റം, ഒഴിപ്പിക്കല്‍ എന്നിവ ഇവയില്‍ പ്രധാനമാണ്.

‘ആക്രമണത്തിലൂടെ പ്രതിരോധം’ എന്ന ആപ്തവാക്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഗരുഡ് കമാന്റോയുടെ പ്രാഥമിക ദൗത്യത്തോട് ഇണങ്ങുന്നതായിരുന്നു ഇസ്രയേല്‍ വ്യോമസേനയുടെ സ്‌പെഷ്യല്‍ യൂണിറ്റിന് നല്‍കിയിരുന്ന ദൗത്യം.

1968 സെപ്റ്റംബറില്‍ രാമേശ്വര്‍ നാഥ് റാവോ തലവനായിക്കൊണ്ട് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ റോ (റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്) സ്ഥാപിക്കുമ്പോള്‍ ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദിനെ മാതൃകയാക്കണം എന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി 2003ല്‍ റീഡിഫ് റിപ്പോര്‍ട്ട് ചെയ്യുണ്ട്.

പാക് അണവായുദ്ധ സംവിധാനങ്ങളെ ആക്രമിക്കാനുള്ള ഇസ്രയേല്‍-ഇന്ത്യ പദ്ധതി

1981ല്‍ ഇറാഖി ന്യൂക്ലിയാര്‍ റിയാക്ടര്‍ വിജയകരമായി തകര്‍ത്ത ശേഷം ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് കഹുതയിലെ പാകിസ്ഥാന്റെ അണവായുദ്ധ സംവിധാനങ്ങള്‍ക്കെതിരെ സമാനമായ ഒരു ആക്രമണത്തിന് ഇസ്രയേല്‍ പദ്ധതിയിട്ടിരുന്നു. ഉപഗ്രഹ ചിത്രങ്ങളുടെയും ഇന്റലിജന്‍സ് വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ കഹുതയിലെ സംവിധാനങ്ങളുടെ ഒരു സമാന മാതൃക ഇസ്രയേല്‍ നെജീവ് മരുഭൂമിയില്‍ നിര്‍മ്മിക്കുകയും അവിടെ എഫ്-16, എഫ് 15 സൈനികഗണങ്ങള്‍ തങ്ങളുടെ പദ്ധതി പരിശീലിക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

ഇസ്രയേലി വ്യോമസേന ഗുജറാത്തിലെ (ഇന്ത്യ) ജംനഗര്‍ എയര്‍ഫീള്‍ഡില്‍ നിലയുറപ്പിച്ചുകൊണ്ട് 1980കളുടെ മദ്ധ്യം മതല്‍ കഹുതക്ക് നേരെ ആക്രമണം നടത്തുന്നുണ്ട് എന്ന് മാധ്യമപ്രവര്‍ത്തകരായ ആഡ്രിയാന്‍ ലീവിയും കാഥറിന്‍ സ്‌കോട്ട് ക്ലാര്‍ക്കും ‘Deception Pakistan, the US and the Global Weapons Conspiracy’ എന്ന തങ്ങളുടെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട് എന്ന് ‘ഏഷ്യന്‍ എയ്ജ്’ വ്യക്തമാക്കുന്നു. ”ഇന്ത്യയെയും പാക്കിസ്ഥാനെയും ഇസ്രായേലിനെയും ഒരു അണവായുദ്ധ പൊട്ടിത്തെറിയുടെ വക്കിലേക്ക് കൊണ്ടുവരുന്ന ഇസ്രയേല്‍-നേതൃത്വത്തിലുള്ള ഒരു ഓപ്പറേഷന് 1984 മാര്‍ച്ചില്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദ്രാഗാന്ധി ഒപ്പുവെച്ചിരുന്നു” എന്നും പുസ്തകം അവകാശപ്പെടുന്നുണ്ട്.

സ്വരാജ്യത്ത് നിന്നു തന്നെയുള്ള ഒരു വ്യോമാക്രമണത്തിന് ഇസ്രയേല്‍ പദ്ധതിയിട്ടിരുന്നു എന്നും മറ്റൊരു റിപ്പോര്‍ട്ട് അവകാശപ്പെടുന്നുണ്ട്. വഴിമധ്യ ആകാശത്തുവെച്ച് ഇന്ധനം നിറക്കുന്ന സമയത്ത് ഇന്ത്യന്‍ സമുദ്രമേഖലയിലൂടെ ഇസ്ലാമാബാദിലേക്ക് അതിരാവിലെ പോകുന്ന ഒരു വ്യാപാര എയര്‍ലൈനിനെ വെടിവെച്ചിടന്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പദ്ധതിയിട്ടിരുന്നു. തിരിച്ചറിയാതിരിക്കാന്‍ റഡാര്‍ സ്‌ക്രീനില്‍ ഒരു വലിയ എയര്‍ക്രാഫ്റ്റ് ആയി കാണിക്കാന്‍ ടൈറ്റ് ഫോര്‍മേഷനില്‍ (ഇന്ധനം നിറക്കുന്നതിനുമൊക്കെയായി വിമാനത്തിനു തൊട്ടുമുകളിലൂടെ പറക്കുന്ന രീതി) പറക്കുകയും, ഇസ്ലാമാബാദിലെ അന്തരീക്ഷത്തിലേക്ക് കടന്ന് കഹുതയില്‍ പ്രവേശിച്ച് ഇന്ധനം നിറച്ച് ജമ്മുവിലേക്ക് തിരിക്കുന്ന പാക്കിസ്ഥാന്‍ വിമാനത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ ഡ്രൗണ്‍ഡ് എയര്‍ലൈനര്‍മാരില്‍ നിന്ന് സ്വീകരിച്ച് പ്രവര്‍ത്തിക്കാനുമായിരുന്നു പദ്ധതി.

റിപ്പോര്‍ട്ടുകളനുസരിച്ച്, 1980കളുടെ മധ്യത്തില്‍ ഒരു രാത്രി വാസ്തവത്തില്‍ ഈ ദൗത്യം ആരഭിച്ചിരുന്നു. എന്നാല്‍ മറ്റൊരു വലിയ അത്ഭുതമായിരുന്നു ഇസ്രയേലിനെ കാത്തിരുന്നത്. പാക്കിസ്ഥാന്‍ വ്യോമസേന ഈ നീക്കം തിരിച്ചറിഞ്ഞ് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് വിമാനം പറന്നകന്നുകളഞ്ഞു. അതോടെ പ്രസ്തുത ദൗത്യം ധൃതിയില്‍ അലസിപ്പോയി.

ആഡ്രിയാന്‍ ലീവി, കാഥറിന്‍ സ്‌കോട്ട് ക്ലാര്‍ക്ക്

പാക്കിസ്ഥാന്‍ ഇറാഖല്ലെന്നും പാക്കിസ്ഥാന്‍ വ്യോമസേന ഇറാഖി വ്യാമസേനയല്ലെന്നും ഇസ്രായേലിനെ പാക്കിസ്ഥാന്‍ ഓര്‍മ്മിപ്പിച്ചു. കഹൂത ആക്രമിക്കപ്പെടുകയാണെങ്കില്‍ നെജീവ് മരുഭൂമിയിലുള്ള ഇസ്രായേലിന്റെ ന്യൂക്ലിയാര്‍ റിയാക്ടറായ ഡിമോണയെ നിലംപരിശാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതമാകുമെന്ന് പാക്കിസ്ഥാന്‍ താക്കീത് നല്‍കി. മാത്രവുമല്ല കഹൂത ആണവ സജ്ജീകരണങ്ങളില്‍ തൊടുകയാണെങ്കില്‍ ഇന്ത്യയുടെ ട്രോംബെ പവര്‍ പ്ലാന്റ് ആക്രമിക്കുമെന്ന് ഇന്ത്യയ്ക്കും താക്കീത് ലഭിച്ചു.

ന്യൂദല്‍ഹിയിലെയും ജറുസലേമിലെയും സൈനിക ആസൂത്രകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ദിരാഗാന്ധി ഈ ആക്രമണദൗത്യം ഉപേക്ഷിച്ചുവെന്നാണ് മേല്‍ പ്രസ്താവിച്ച പുസ്തകം അവകാശപ്പെടുന്നത്.

USAF വ്യോാമ സര്‍വ്വകലാശാലയില്‍ എം.സി നായര്‍ അവതരിപ്പിച്ച 41-ാം നമ്പര്‍ പേപ്പറില്‍ (India Thwarts Israeli Destruction of Pakistan’s ‘Islamic Bomb’) ഈ പദ്ധതിയെ സ്ഥിരീകരിക്കുന്നുണ്ട്. ”1982ല്‍ ഇസ്രയേലി യുദ്ധവിമാനങ്ങള്‍ക്ക് ലാന്റിങ്ങിനും പുനരിന്ധനം ചെയ്യാനുമുള്ള അവകാശം ഇന്ത്യ നല്‍കാത്തതിനെ തുടര്‍ന്ന് പാക്കിസ്ഥാന്റെ കഹുൂത റിയാക്ടര്‍ ആക്രമിക്കാനും അതിലൂടെ ‘ഇസ്ലാമിക് ബോംബിനെ തകര്‍ക്കാനുമുള്ള ഇസ്രയേലിന്റെ പദ്ധതി തടയപ്പെടുകയായിരുന്നു” എന്നാണ് പ്രസ്തുത പേപ്പര്‍ വിശദീകരിക്കുന്നത്. കഹുത തകര്‍ന്നു കാണണമെന്ന് ഇന്ത്യ ആഗ്രഹിച്ചിരുന്നു എന്നത് സത്യം. എന്നാല്‍ പാക്കിസ്ഥാന്‍ വ്യോമസേനയില്‍ നിന്നുള്ള പ്രതികാര നടപടികളെ അഭിമുഖീകരിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. ഇസ്രായേലാകട്ടെ ഇത്തരമൊരു ദൗത്യത്തിന്റെ മൊത്തം ഉത്തരവാദിത്വവും ഒറ്റക്ക് അഭിമുഖീകരിക്കാതിരിക്കാന്‍ ഒരു ഇന്തോ-ഇസ്രയേല്‍ സംയുക്ത ആക്രമണമായിരുന്നു ആഗ്രച്ചിരുന്നത്.

ഇസ്രയേല്‍ കേണല്‍ ഷിമോന്‍ അറാദ്

ഇസ്രയേലും ഇന്ത്യയും തമ്മില്‍ വര്‍ദ്ധിച്ചുവന്ന സുരക്ഷാബന്ധങ്ങള്‍ (security relations) പാക്കിസ്ഥാനെതിരായ ഒരു ഇന്തോ-ഇസ്രയേല്‍ സഖ്യം തന്നെ നിലനില്‍ക്കുന്നുണ്ട് എന്ന ഗൂഢാലോചന സിദ്ധാന്തങ്ങള്‍ വ്യാപിക്കാന്‍ കാരണമായി എന്ന് 2018 ഫെബ്രുവരിയില്‍ ഇസ്രയേല്‍ സൈന്യത്തില്‍ നിന്നും വിരമിച്ച കേണല്‍ ഷിമോന്‍ അറാദി എഴുതുകയുണ്ടായി.

”അങ്ങനെ, ഇസ്രായേലി പ്രധാനമന്ത്രി 2018 ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചത് പാക്കിസ്ഥാനില്‍ നിന്ന് അതിശക്തമായ എതിര്‍പ്പാണ് സൃഷ്ടിച്ചത്. ‘ഇസ്ലാമിനോടുള്ള ശത്രുതയുടെ അടിസ്ഥാനത്തില്‍ എത്രതന്നെ ഇന്ത്യ-ഇസ്രയേല്‍ ചങ്ങാത്തം രൂപപ്പെട്ടാലും” പാക്കിസ്ഥാന് അതിനെ പ്രതിരോധിക്കാന്‍ കഴിയും എന്നാണ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫ് പ്രസ്താവിച്ചത്. എന്നാല്‍ വിവേകപൂര്‍വ്വമാണ് ഇസ്ലായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. ‘ഞങ്ങള്‍ (ഇസ്രയേല്‍) പാക്കിസ്ഥാന്റെ ശത്രുവല്ല, പാക്കിസ്ഥാന്‍ ഞങ്ങളുടെ ശത്രുവുമാകരുത്.”

ഖ്വാജാ മുഹമ്മദ് ആസിഫ്

സൈനിക വീക്ഷണകോണില്‍ നോക്കുകയാണെങ്കില്‍ ഇസ്രായേല്‍-ഇന്ത്യ സുരക്ഷാബന്ധങ്ങളും ഇന്ത്യന്‍ സൈനികശക്തികളില്‍ അവ കൊണ്ടുവരുന്ന ആധുനികവല്‍ക്കരണവും തങ്ങള്‍ക്ക് അപകടം വരുത്തിവെക്കുന്ന ഒന്നായാണ് പാക്കിസ്ഥാന്‍ മനസ്സിലാക്കിയത്. തെക്കേഷ്യയിലെ സാമ്പ്രദായിക ശക്തിബലാബലങ്ങളിലെ സംതുലനങ്ങളെ തകിടം മറിച്ചുകൊണ്ട് അടിസ്ഥാന സൈനിക മേഖലകളില്‍ ഇത് തങ്ങള്‍ക്ക് അപകടങ്ങള്‍ വരുത്തുമെന്ന് പാകിസ്ഥാന്‍ കരുതി.

”നെറ്റ്വര്‍ക്ക് കേന്ദ്രിതവും ഇലക്ട്രോണിക് യുദ്ധ സജ്ജീകരണങ്ങള്‍, ഇന്റലിജന്‍സ്, ആന്റ് ഇന്‍ഫര്‍മേഷന്‍ ഡോമിനന്‍സ്, ഡേ ആന്റ് നൈറ്റ് മെന്വുവറബിലിറ്റി, പാക്കിസ്ഥാന്റെ തന്ത്രപരമായ സൈറ്റുകള്‍ക്കും ആസ്തികള്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്ന വായുവിലൂടെയും കടലിലൂടെയുമുള്ള നീണ്ടുനില്‍ക്കുന്ന ആധുനിക ആക്രമണ സജ്ജീകരണങ്ങള്‍, പാകിസ്ഥാന്‍ മിസൈലുകളെ പ്രതിരോധിക്കാന്‍ സാധിക്കുന്നവിധം ഇന്ത്യയുടെ കഴിവു മെച്ചപ്പെടുത്തുന്ന ആന്റി ബാല്ലിസ്റ്റിക് മിസൈല്‍ പ്രതിരോധം എന്നിങ്ങനെ യുദ്ധരംഗത്തെ ആധുനിക വശങ്ങളില്‍ ഇന്ത്യയ്ക്ക് ഗണ്യമായ നേട്ടങ്ങള്‍ പ്രദാനം ചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഇപ്പോഴത്തെ സുരക്ഷയുടെ മേഖലയിലുള്ള ബന്ധങ്ങള്‍;” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ മിസൈല്‍ ബെയ്‌സുകളിലേക്ക് എത്തിച്ചേരുന്ന വിധം രൂപകല്‍പ്പന ചെയ്ത ഏകദേശം 2750 കിലോമീറ്റര്‍ വേഗതയുള്ള ഇന്റര്‍മീഡിയേറ്റ് റേഞ്ച് മിസൈല്‍ ആയ ഷഹീന്‍ മൂന്ന് പാക്കിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം പറയുന്നു: ”മിസൈലുകള്‍ സ്ഥാപിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ അവയ്ക്ക് ഇസ്രയേലിനെ ആക്രമിക്കാനുള്ള ശേഷിയുണ്ട്. അണവായുദ്ധശേഖരത്തെ സൃഷ്ടിച്ചെടുക്കുന്നതില്‍ പാക്കിസ്ഥാന്‍ വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പൂര്‍ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തനനിരതമായാല്‍, ഷഹീന്‍ മൂന്ന് ഒരു അണവായുദ്ധ വാഹിനിയായിരിക്കും.”

”ഇസ്രായേലിന്റെയും പാക്കിസ്ഥാന്റെയും സൈനികപ്രസക്തി ഇരുരാജ്യങ്ങളെ സംബന്ധിച്ചിടത്തോളവും പരസ്പരം പ്രാധാന്യമര്‍ഹിക്കുന്നതുകൊണ്ട് അവര്‍ തമ്മിലുള്ള വഷളായബന്ധം അതിന്റെ ഉച്ചസ്ഥായിയിലാണെത്തിച്ചേര്‍ന്നിട്ടുള്ളത്. പരസ്പരമുള്ള തുറന്ന വ്യവഹാരങ്ങള്‍ക്ക് അവര്‍ക്ക് ത്രാണിയില്ലാത്തതുകൊണ്ട് സാധ്യമാകുന്ന തെറ്റിധാരണകളും തെറ്റായ കണക്കുകൂട്ടലുകളും ഒപ്പം സംഘര്‍ഷാവസ്ഥ കൃത്രിമമായി വളര്‍ത്താനുള്ള തെറ്റായ ശ്രമങ്ങളും മയപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ആശയവിനിമയത്തിന്റെ ദ്വിതീയമാര്‍ഗത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.

കടപ്പാട്: ദ മില്ലി ഗസറ്റ് 
മൊഴിമാറ്റം: ഷഫീക്ക് സുബൈദ ഹക്കീം

അബ്ദുസ് സത്താര്‍ ഗസ്സാലി

ജേണല്‍ ഓഫ് അമേരിക്കയുടെ ചീഫ് എഡിറ്റര്‍ ആണ് അബ്ദുസ് സത്താര്‍ ഗസ്സാലി

We use cookies to give you the best possible experience. Learn more