തെഹ്‌റാൻ: ഇസ്രഈലിനെതിരെ ഭീഷണി ആവർത്തിച്ച് ഇറാൻ. ഒരു ഇസ്രഈലി എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്നാണ് ഇറാന്റെ പരമോന്നത നേതാവിന്റെ മുതിർന്ന ഉപദേഷ്ടാവ് യഹ്യ റഹീം സഫാവി മുന്നറിയിപ്പ് നൽകിയത്. ഇസ്രഈലുമായുള്ള ഏറ്റുമുട്ടൽ നിയമപരമായ അവകാശമായാണ് തെഹ്‌റാൻ വീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ സമാന പ്രസ്താവനയുമായി ഇറാൻ രംഗത്തെത്തിയിരുന്നു.
‘സയണിസ്റ്റ് ഭരണകൂടത്തിന്റെ എംബസികൾ ഇനി സുരക്ഷിതമായിരിക്കില്ല. ഇസ്രഈലുമായുള്ള ഏറ്റുമുട്ടൽ ഞങ്ങളുടെ നിയമപരമായ അവകാശമാണ്,’ യഹ്യ റഹീം സഫാവി പറഞ്ഞു.
അതേസമയം, ഇറാന്റെ ഏത് ആക്രമണവും നേരിടാൻ തയ്യാറാണെന്ന് ഇസ്രഈൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഇറാന്റെ ഏത് ആക്രമണവും നേരിടാനുള്ള ഒരുക്കങ്ങൾ ഇസ്രഈൽ പൂർത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രഈൽ സേനയുടെ ഓപ്പറേഷൻസ് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ ഒഡെഡ് ബസ്യൂക്ക് ഉൾപ്പടെയുള്ള ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
വെടിനിർത്തൽ ചർച്ചകളും, ബന്ദി മോചന ചർച്ചകളും കെയ്‌റോയിൽ തുടങ്ങും. ഇതിനിടെ തെക്കൻ ഗസയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ഇസ്രഈൽ രംഗത്തെത്തി. യുദ്ധം തുടങ്ങി നാല് മാസത്തിന് ശേഷമാണ് തെക്കൻ ഗസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇസ്രഈൽ തയ്യാറാകുന്നത്.
98-ാം ഡിവിഷന്റെ മൂന്ന് ബ്രിഗേഡുകളെയാണ് പിൻവലിച്ചത്. ഒരു ഡിവിഷൻ തെക്കൻ ഗസയിൽ തന്നെ തുടരുമെന്നും അടുത്ത ഘട്ട സൈനിക നീക്കത്തിന് ഒരുങ്ങുന്നതിന് മുന്നോടിയായാണ് സൈന്യത്തെ പിൻവലിച്ചതെന്നും ഐ.ഡി.എഫ് അറിയിച്ചു.
Content Highlight: Israeli embassies no longer safe, warns Iran