3 പതിറ്റാണ്ടിന് ശേഷം ആദ്യമായി ഇസ്രാഈല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് അറബ് പാര്‍ട്ടികളുടെ പിന്തുണ
Daily News
3 പതിറ്റാണ്ടിന് ശേഷം ആദ്യമായി ഇസ്രാഈല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് അറബ് പാര്‍ട്ടികളുടെ പിന്തുണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd September 2019, 10:28 am

ജറുസലേം: പൊതു തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാതിരുന്ന സാഹചര്യത്തില്‍ ഇസ്രാഈലില്‍ പ്രസിഡന്റ് റ്യൂവന്‍ റിവ്ലിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ചര്‍ച്ചയില്‍ അറബ് പാര്‍ട്ടികള്‍ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്റ്സിന് പിന്തുണ പ്രഖ്യാപിച്ചു.

30 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇസ്രാഈലിലെ അറബ്പാര്‍ട്ടികള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. 1992 ല്‍ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളുടെ സമാധാനത്തിനായി പ്രവര്‍ത്തിച്ച യിറ്റ്ഷക് റാബിനെയാണ് അവര്‍ അവസാനമായി പിന്തുണച്ചത്. നാലു ചെറുകക്ഷികളുടെ സഖ്യമായ അറബ് പാര്‍ട്ടിക്ക് 13 സീറ്റുകളാണ് തെരഞ്ഞെടുപ്പില്‍ കിട്ടിയത്

അതേസമയം മുന്‍ സൈനിക മേധാവിയായിരുന്ന ഗാന്റ്സ് 2014 ല്‍ ഗാസയില്‍ നടത്തിയ സൈനികാക്രമണത്തിനെതിരെ ഇപ്പോഴും അറബ് പാര്‍ട്ടിക്ക് രോഷം ഉണ്ട് .എന്നാല്‍ ഇസ്രാഈലിലെ നെതന്യാഹുവിന്റെ ഭരണത്തോടുള്ള അമര്‍ഷം രൂക്ഷമായതിനാലാണ് ഇവര്‍ ഇപ്പോള്‍ നെതന്യാഹുവിന്റെ എതിരാളിയെ പിന്തുണയ്ക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ അറബ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വംശീയ ആരോപണങ്ങളും നെതന്യാഹു നടത്തിയിട്ടുണ്ടായിരുന്നു. ഇതാണ് അറബ് പാര്‍ട്ടികളുടെ പുതിയ നീക്കത്തിന് കാരണമായതെന്നാണ് സൂചന.

എന്നാല്‍ അറബ് പാര്‍ട്ടികളുടെ പിന്തുണ ഗാന്റ്സിന് പ്രധാനമന്ത്രി സ്ഥാനം ഉറപ്പുനല്‍കില്ല. അന്തിമ തീരുമാനം പ്രസിഡന്റിന്റേതാണ്.
പ്രധാനമന്ത്രിയായി പ്രസിഡന്റ് തെരഞ്ഞെടുക്കുന്ന ആള്‍ക്ക് മന്ത്രി സഭ ഉണ്ടാക്കാന്‍ ആറാഴ്ചയാണ് ലഭിക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സെപ്റ്റംബര്‍ 17 ന് നടന്നതെരെഞ്ഞടുപ്പില്‍ നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടിക്ക് 31 സീറ്റാണ് ലഭിച്ചത്. ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്ക് 33 സീറ്റും.

120 അംഗ പാര്‍ലമെന്റില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ ചെറുകിടപാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമാണ്. നേരത്തെ ബെന്നി ഗാന്റ്സിനൊപ്പം സഖ്യസഖ്യ സര്‍ക്കാരിന് നെതന്യാഹു ഒരുങ്ങിയുന്നെങ്കിലും അഴിമതിക്കാരനായ നെതന്യാഹുവുമായി സഖ്യമില്ല എന്ന് ഗാന്റ്സ് അറിയിക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ