| Thursday, 14th November 2024, 3:28 pm

ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ ഗസയിലെ കുട്ടികളെ ഇസ്രഈല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ബോധപൂര്‍വം ഷൂട്ട് ചെയ്ത് കൊന്നു: ബ്രിട്ടീഷ് സര്‍ജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഇസ്രഈല്‍ ഡ്രോണുകള്‍ ഗസയിലെ കുട്ടികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നെന്ന് ഗസയിലെ നസര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ ബ്രിട്ടീഷ് സര്‍ജന്‍ നിസാം മമോദ്.

താന്‍ ഗസയിലെ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ദിവസേന ബോംബ് ആക്രമണത്തിലും വെടിവെപ്പിലും പരിക്കേറ്റ നിരവധി ആളുകളെ പരിശോധിച്ചിരുന്നെന്നും അപ്പോഴാണ് ഇക്കാര്യം മനസിലാക്കിയതെന്നും നിസാം മമോദ് ബ്രിട്ടീഷ് എം.പിമാര്‍ക്ക് നല്‍കിയ സാക്ഷ്യപത്രത്തില്‍ പറഞ്ഞു.

സംസാരത്തിനിടെ വിങ്ങിപ്പൊട്ടിക്കൊണ്ടാണ് നിസാം ഇക്കാര്യം പറഞ്ഞതെന്ന് ഇറാന്‍ മാധ്യമമായ പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

‘ഇത് വല്ലപ്പോഴും മാത്രം സംഭവിച്ചിരുന്ന ഒരു കാര്യമായിരുന്നില്ല. ദിവസത്തില്‍ ഒന്നോ രണ്ടോ തവണ അത്യാഹിത കേസുകളുടെ ഒരു നിര തന്നെ എനിക്ക് അറ്റന്‍ഡ് ചെയ്യേണ്ടി വന്നിരുന്നു. ഇത്തരം കേസുകളില്‍ 40 പേര്‍ പരിക്ക് പറ്റി വന്നാല്‍ 20 ഓളം ആളുകള്‍ മരിക്കും.

പരിക്ക് പറ്റി ചികിത്സയ്‌ക്കെത്തുന്ന കുട്ടികള്‍ പറയും അവര്‍ ബോംബുകള്‍ പതിക്കുന്ന ശബ്ദം കേട്ട് തറയില്‍ കിടക്കുമ്പോള്‍ ഡ്രോണുകള്‍ വന്ന് തങ്ങളെ വെടിവെക്കുകയായിരുന്നെന്ന്‌. ഇങ്ങനെ പറഞ്ഞ കുട്ടികള്‍ നിരവധിയാണ്,’ നിസാം പറഞ്ഞു.

താന്‍ ചികിത്സിച്ചതില്‍ 60%വും പെണ്‍കുട്ടികള്‍ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ അവിടെ ഉണ്ടായിരുന്നപ്പോള്‍ തന്റെ ഏറ്റവും വലിയ ഭയം ഇസ്രഈലികളാല്‍ കൊല്ലപ്പെടുമെന്നായിരുന്നെന്നും നിസാര്‍ മാമോദ് കൂട്ടിച്ചേര്‍ത്തു.

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ഇത്രയും ഭീകരമായ രീതിയില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നത് ഗസയില്‍ ആണെന്ന് യൂറോ-മെഡ് ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ 17,000ത്തിലധികം കുട്ടികളെ ഇസ്രഈല്‍ സൈന്യം കൊന്നൊടുക്കിയതായി സംഘടന അറിയിച്ചു.

ഉപരോധിച്ച ഫലസ്തീന്‍ പ്രദേശത്ത് ഇസ്രഈല്‍ വംശഹത്യ നടത്തുന്നതിനിടെ ഗസ മുനമ്പില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് യു.എന്‍ മനുഷ്യാവകാശ ഓഫീസും അറിയിച്ചിരുന്നു.

Content Highlight:  Israeli drones deliberately shooting children in Gaza says British surgeon 

We use cookies to give you the best possible experience. Learn more