| Sunday, 7th January 2024, 4:26 pm

ജെനിനില്‍ ഇസ്രഈലിന്റെ ഡ്രോണാക്രമണം; ആറ് ഫലസ്തീനികളും ഒരു ഇസ്രഈലി പൊലീസും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: അധിനിവേശ നഗരമായ ജെനിനില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ ഡ്രോണാക്രമണത്തില്‍ ആറ് ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഫലസ്തീനികള്‍ക്ക് പുറമെ നഗരത്തില്‍ ആക്രമണം അഴിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്ന ഇസ്രഈലി പൊലീസ് ഉദ്യോഗസ്ഥനും മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഹസ്സ, റാമി, അഹമ്മദ്, അലാ നജേ ദാര്‍വിഷ്, റസ്ഖല്ല നബീല്‍ സ്ലിമാന്‍, മുഹമ്മദ് യാസര്‍ അസൂസ് എന്നിവരാണ് ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ക്കുപുറമെ ഒരു ഫലസ്തീന്‍ യുവാവിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നഗരത്തിലെ ‘രക്തസാക്ഷി ട്രയാങ്കിള്‍’ എന്ന സ്ഥലത്തേക്ക് ഇസ്രഈലി സൈനികര്‍ നുഴഞ്ഞു കയറിയതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ പൊട്ടിപ്പുറപ്പെട്ടത്. സൈനികരുടെ നുഴഞ്ഞുകയറ്റത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് തടിച്ചുകൂടിയ ആളുകളെ ലക്ഷ്യമിട്ടാണ് ഇസ്രഈല്‍ ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിന്റെ പ്രവര്‍ത്തകരാണ് ഇസ്രഈലി പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിന് പിന്നിലെന്ന് ഇസ്രഈല്‍ സൈന്യം വാദിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ സംഘര്‍ഷമേഖലയില്‍ നിന്ന് ഇസ്രഈല്‍ സൈന്യം പിന്‍വാങ്ങുന്നതിനിടെയാണ് ഡ്രോണാക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ സ്ഫോടകവസ്തുക്കള്‍ എറിയുകയും ഇസ്രഈല്‍ സേനയെ അപകടത്തിലാക്കുകയും ചെയ്ത ഒരു തീവ്രവാദ സ്‌ക്വാഡിനെയാണ് തങ്ങളുടെ സൈനിക വിമാനം ലക്ഷ്യമിട്ടതെന്ന് ഇസ്രഈല്‍ പ്രതികരിച്ചു.

അതേസമയം ജെനിനിലെ പ്രാദേശിക സായുധ പ്രതിരോധ ഗ്രൂപ്പായ ജെനിന്‍ ബ്രിഗേഡ് ഇസ്രഈലിനെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായും മാധ്യമങ്ങള്‍ വ്യക്തമാക്കി.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 22,722 ആയി വര്‍ധിച്ചുവെന്നും 58,166 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

Content Highlight: Israeli drone strike in Jenin

Latest Stories

We use cookies to give you the best possible experience. Learn more