| Friday, 22nd December 2023, 10:18 am

ഗസയിലെ ഇസ്രഈൽ ആക്രമണം രണ്ടാം ലോക മഹായുദ്ധത്തിലെ ജർമൻ ആക്രമണങ്ങളെക്കാൾ രൂക്ഷം; റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണമാണ് ഇസ്രഈൽ ഗസയിൽ നടത്തുന്നതെന്ന് വിലയിരുത്തൽ.

ഉക്രൈനിലെ മരിയുപോളിൽ റഷ്യ നടത്തിയതിനേക്കാളും രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിയും സഖ്യകക്ഷികളും നടത്തിയ ബോംബാക്രമണങ്ങളെക്കാളും രൂക്ഷമാണ് കഴിഞ്ഞ എഴുപത്തഞ്ച് ദിവസങ്ങളിൽ ഗസയിൽ ഇസ്രഈൽ നടത്തിയ ആക്രമണമെന്ന് ടി.ആർ.ടി വേൾഡ് റിപ്പോർട്ട് ചെയ്തു.

അലെപ്പോയിലെ ദയിഷിൽ യു.എസ് നേതൃത്വത്തിലുള്ള സഖ്യം മൂന്ന് വർഷം കൊണ്ട് നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സിവിലിയന്മാരേക്കാൾ കൂടുതൽ ഫലസ്തീനികൾ ഗസയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

ഗസയിൽ ഏത് തരത്തിലുള്ള ബോംബുകളും പീരങ്കികളുമാണ് ഉപയോഗിക്കുന്നതെന്ന് ഇസ്രഈൽ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

എന്നാൽ സംഭവസ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയ സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ പരിശോധിച്ചപ്പോൾ ഗസയിൽ പ്രയോഗിച്ച ബോംബുകളിൽ ഭൂരിഭാഗവും യു.എസ് നിർമിതമാണെന്ന് വിദഗ്ധർ കണ്ടെത്തിയിരുന്നു.

900 കിലോഗ്രാം വരുന്ന ‘ബങ്കർ ബസ്റ്ററുകൾ’ ജനസാന്ദ്ര പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകളെയാണ് കൊലപ്പെടുത്തിയതെന്ന് വിദഗ്ധർ അറിയിച്ചിരുന്നു.

അന്താരാഷ്ട്ര തലത്തിൽ ഇസ്രഈലിനെതിരെ പ്രതിഷേധം ശക്തമായിട്ടും ഇസ്രഈലിന് ആയുധം വിതരണം ചെയ്യുന്നത് തുടർന്ന് വരികയാണ് ബൈഡൻ ഭരണകൂടം.

Content Highlight: Israeli destruction of Gaza surpasses that of Mariupol, WW2 Germany

We use cookies to give you the best possible experience. Learn more