ഗസയിലെ ദുരവസ്ഥയെ പരിഹസിച്ച് ഇസ്രഈലി കണ്ടന്റ് ക്രിയേറ്റർമാർ; ഫലസ്തീനി അക്കൗണ്ടുകൾക്ക് ഇൻസ്റ്റഗ്രാമിന്റെ പൂട്ട്
World News
ഗസയിലെ ദുരവസ്ഥയെ പരിഹസിച്ച് ഇസ്രഈലി കണ്ടന്റ് ക്രിയേറ്റർമാർ; ഫലസ്തീനി അക്കൗണ്ടുകൾക്ക് ഇൻസ്റ്റഗ്രാമിന്റെ പൂട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th October 2023, 5:06 pm

ജെറുസലേം: ഇസ്രഈൽ ഉപരോധത്തെ തുടർന്ന് വെള്ളവും വൈദ്യുതിയുമില്ലാതെ ബുദ്ധിമുട്ടുന്ന ഫലസ്തീനികളുടെ ദുരവസ്ഥയെ കളിയാക്കുന്ന ഇസ്രഈലി കണ്ടന്റ് ക്രിയേറ്റർമാരുടെ വീഡിയോകൾക്ക് നേരെ വ്യാപക വിമർശനം.

ഫലസ്തീനികളുടെ നിസ്സഹായവസ്ഥയെ കളിയാക്കി വെള്ളം കുടിക്കുകയും ലൈറ്റുകൾ മാറി മാറി തെളിക്കുകയും അണക്കുകയും ചെയ്യുന്ന വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രചരിക്കുന്നത്.

ചില വീഡിയോകളിൽ ഇസ്രഈലി കുട്ടികളെ ഉൾപ്പെടുത്തിയതും പ്രതിഷേധങ്ങൾക്ക് കാരണമായി. ധാർമികമായി അധപതിച്ചതാണ് വീഡിയോകളെന്നും കുട്ടികൾക്ക് വെറുപ്പിന്റെ പാഠങ്ങൾ പകർന്നു നൽകുകയാണെന്നും വിമർശനമുണ്ട്.

ഇസ്രഈൽ ബോംബാക്രമണത്തിൽ പരിക്കേറ്റവർ അഭിനയിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ഇസ്രഈലി സ്പെഷ്യൽ എഫെക്ട് കലാകാരിയായ ഈവ് കോഹൻ അവരെ പരിഹസിച്ചുകൊണ്ട് വീഡിയോ ചെയ്തത്.

വീഡിയോയിൽ കെഫിയ എന്നറിയപ്പെടുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് സ്കാഫ് ധരിച്ചെത്തിയ കോഹൻ പൗഡറും തക്കാളി സോസും ഉപയോഗിച്ച് ബോംബാക്രമണത്തിലെ രക്തവും പരിക്കുകളും എന്ന പോലെ അഭിനയിക്കുന്നു.

ഇസ്രഈലി ഇൻഫ്ലുവൻസറായ മറ്റനെൽ ലയനി വെള്ളവും വൈദ്യുതിയുമില്ലാതെ വലയുന്ന ഫലസ്തീനികളെ പരിഹസിച്ചുകൊണ്ട് തുറന്നിട്ട ടാപ്പിൽ നിന്ന് നേരിട്ട് വെള്ളം കുടിക്കുന്നതും കക്കൂസിൽ ഫ്ലഷ് ചെയ്യുന്നതും നിറഞ്ഞ് തുളുമ്പുന്നത് വരെ കപ്പിൽ വെള്ളം ഒഴിക്കുന്നതും കാണാം.

ചെടികൾക്ക് അമിതമായി വെള്ളമൊഴിച്ചും ലൈറ്റുകൾ തുടർച്ചയായി അണച്ചും തെളിച്ചും ഇയാൾ ഫലസ്തീനികളെ പരിഹസിക്കുന്നുണ്ട്.

ഇസ്രഈലികളുടെ ഇത്തരം വീഡിയോകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിൽ ഗസയിലെ ദുരവസ്ഥകൾ റിപ്പോർട്ട് ചെയ്യുന്ന ഫലസ്തീനി അക്കൗണ്ടുകളെ നീക്കം ചെയ്യുന്നതായും പരാതിയുണ്ട്.

ഇൻസ്റ്റഗ്രാമിൽ 60 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഐ ഓൺ ഫലസ്തീൻ എന്ന അക്കൗണ്ട് നീക്കം ചെയ്ത ഇൻസ്റ്റഗ്രാം നടപടിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഹാക്ക് ചെയ്യപ്പെടുമെന്ന ഭീഷണിയെ തുടർന്നാണ് അക്കൗണ്ട് നീക്കം ചെയ്തതെന്നാണ് ഇൻസ്റ്റഗ്രാം വിശദീകരണം.

ഇസ്രഈലി അക്രമണത്തിന്റെ യഥാർത്ഥ മുഖം പുറത്തുകൊണ്ടുവരാൻ മരണം മുന്നിൽ കണ്ട്‌ ഫലസ്തീനി കണ്ടന്റ് ക്രിയേറ്റർമാർ സമൂഹ മാധ്യമങ്ങളിൽ വീഡിയോകൾ പോസ്റ്റ്‌ ചെയ്യുന്നത് തുടരുകയാണ്.

ഫലസ്തീനിൽ കൊല്ലപ്പെട്ട 7000ത്തിലധികം ആളുകളുടെ പട്ടിക ഫലസ്തീനി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിരുന്നു. ഇതിൽ പകുതിയും കുട്ടികളാണെന്നാണ് അധികൃതർ അറിയിക്കുന്നത്.

Content Highlight: Israeli content creators spark outrage with mocking videos of Gaza’s suffering