ഗസ: ഇസ്രഈലിലെ അൽജസീറയുടെ റിപ്പോർട്ടിങ് നിരോധിക്കാൻ ഇസ്രഈലി മന്ത്രിസഭ നിയമനിർമാണം നടത്താൻ ചർച്ച നടത്തുന്നതായി ഇസ്രഈൽ മാധ്യമങ്ങൾ.
യുദ്ധം അവസാനിക്കുന്നത് വരെ അൽജസീറയെ തടയുന്നത് അംഗീകരിക്കുവാൻ അടിയന്തര നിയമനിർമാണത്തിന് ഇസ്രഈലി വാർത്താവിതരണ മന്ത്രി ശ്ലോമോ കാർഹി തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.
ബോംബാക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഗസയിലും ഇസ്രഈലിലും നേരിട്ട് ചെന്ന് റിപ്പോർട്ട് ചെയ്യുന്ന ചുരുക്കം ആഗോള മാധ്യമങ്ങളിലൊന്നാണ് അൽജസീറ.
ഗസയിൽ നിന്ന് ആരെങ്കിലും പുറത്തുപോകുന്നതും അകത്തേക്ക് പ്രവേശിക്കുന്നതും ഇസ്രഈൽ തടഞ്ഞിരുന്നു. അതിനാൽ സംഭവസ്ഥലത്തുള്ള അൽജസീറ പോലുള്ള മാധ്യമ സംഘടനകളിലാണ് യുദ്ധത്തിന്റെ റിപ്പോർട്ടിങ്ങിന്റെ ചുമതല നിക്ഷിപ്തമായിട്ടുള്ളത്.
2022 മെയ് മാസത്തിൽ അൽജസീറയുടെ പ്രമുഖ റിപ്പോർട്ടറായിരുന്ന ഷിറീൻ അബു അഖ്ലെയുടെ കൊലപാതകത്തെ തുടർന്ന് ഇസ്രഈലുമായി അൽജസീറയുടെ ബന്ധം സുഗമമല്ലായിരുന്നു.
അൽജസീറയുടെ മാധ്യമപ്രവർത്തകയെ കൊലപ്പെടുത്തിയത് തങ്ങളുടെ സൈനികർ അല്ലെന്ന് ഇസ്രഈൽ പല പ്രാവശ്യം ആവർത്തിച്ചുവെങ്കിലും ഇതിന് വിപരീതമാണ് സംഭവങ്ങളെന്ന് വിവിധ റിപ്പോർട്ടുകളെ ഉദ്ധരിച്ച് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു.
Content Highlight: Israeli cabinet to discuss banning Al Jazeera, say reports