| Wednesday, 27th November 2024, 9:36 am

യു.എസ് മുന്നോട്ട് വെച്ച വെടിനിർത്തൽ കരാർ ഇസ്രഈലും ഹിസ്ബുള്ളയും അംഗീകരിച്ചതായി പ്രഖ്യാപിച്ച് ബൈഡൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: യു.എസ് മുന്നോട്ടുവച്ച വെടിനിർത്തൽ കരാർ ഇസ്രഈലും ലെബനനും അംഗീകരിച്ചതായി യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

ഇസ്രാഈലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തൽ നിർദേശത്തിന് ഇസ്രഈൽ കാബിനറ്റ് അംഗീകാരം നൽകുകയായിരുന്നു. പ്രാദേശിക സമയം ബുധനാഴ്ച പുലർച്ചെ നാല് മണിക്കാണ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്.

ചൊവ്വാഴ്ച വൈകീട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മന്ത്രിസഭയുടെ അംഗീകാരത്തിനായി കരാർ സമർപ്പിച്ചിരുന്നു. തീവ്ര വലതുപക്ഷ മന്ത്രി ബെൻ ഗ്വിർ മാത്രമാണ് കരാറിനെതിരെ വോട്ട് ചെയ്തത്. തുടർന്ന് കരാർ അംഗീകരിക്കുകയായിരുന്നു.

ഇസ്രഈലും ഹമാസും തമ്മിൽ ഗസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ തുടർന്ന് 14 മാസത്തോളമായി തുടരുന്ന പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് ചൊവ്വാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെടിനിർത്തൽ ലംഘനങ്ങൾ ആരോപിക്കപ്പെടുന്നതായുള്ള റിപ്പോർട്ടുകളൊന്നും ഉണ്ടായിട്ടില്ല. കൂടാതെ ബെയ്റൂട്ടിൽ ആഘോഷത്തിൻ്റെ അടയാളങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഹിസ്ബുള്ള കരാർ ലംഘിച്ചാൽ ആക്രമിക്കുമെന്ന് ഇസ്രഈൽ അറിയിച്ചു.

വെടിനിർത്തൽ കരാറിൽ രണ്ട് മാസത്തേക്ക് യുദ്ധം നിർത്താൻ പറയുന്നുണ്ട്. കൂടാതെ തെക്കൻ ലെബനനിലെ സായുധ സൈന്യത്തെ ഹിസ്ബുള്ള പിൻവലിക്കണമെന്നും കരാർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഇസ്രഈലി സൈന്യം അതിർത്തിയുടെ ഭാഗത്തേക്ക് മടങ്ങുകയും വേണം.

ഒപ്പം ആയിരക്കണക്കിന് ലെബനീസ് സൈനികരെയും യു.എൻ സമാധാന സേനാംഗങ്ങളെയും ലബനനിലെ തെക്ക് ഭാഗത്തായി വിന്യസിക്കും, കൂടാതെ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്ര പാനൽ ഇരു കൂട്ടരും കരാർ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും ചെയ്യും.

വെടിനിർത്തൽ ആദ്യം 60 ദിവസത്തേക്കായിരിക്കുമെന്നും തെക്കൻ ലെബനനിൽ നിന്ന് ഇസ്രഈൽ സൈന്യം പിൻവാങ്ങുന്നത് കാണുമെന്നും യു.എസ്, അറബ് ഉദ്യോഗസ്ഥർ മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു. ലബനനിൽ എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സന്ധിയുടെ ദൈർഘ്യം എന്ന് നെതന്യാഹു പറഞ്ഞു.

അതിർത്തിയിലെ സായുധ സൈന്യത്തിന്റെ സാന്നിധ്യം അവസാനിപ്പിക്കാനും ലിറ്റാനി നദിക്ക് വടക്ക് നിന്ന് ആയുധങ്ങൾ നീക്കാനും ഹിസ്ബുള്ള സമ്മതിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

Content Highlight: Israeli Cabinet approves ceasefire deal between Israel and Hezbollah

Latest Stories

We use cookies to give you the best possible experience. Learn more