ഗസ: ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ വടക്കന്‍ ഗസയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിയില്‍ ഇസ്രഈലി സൈന്യം ക്രൂരമായ അതിക്രമങ്ങള്‍ നടത്തുന്നതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട്. ഇസ്രഈല്‍ സൈന്യം ആശുപത്രിയിലെ മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വികൃതമാക്കുന്നതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നേരെ അതിക്രൂരമായ രീതിയില്‍ ഇസ്രഈല്‍ ബുള്‍ഡോസറുകള്‍ കയറ്റിയിറക്കിയെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും സി.എന്‍.എന്നിനോട് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിലാണ് ഹമാസ് നേതാക്കളുടെ താവളമെന്ന് ആരോപിച്ച് കമാല്‍ അദ്‌വാന്‍ ആശുപത്രിയിലേക്ക് ഇസ്രഈല്‍ സൈന്യത്തിന്റെ ബുള്‍ഡോസറുകള്‍ ഇടിച്ചുകയറിയത്. ആശുപത്രിയുടെ വളപ്പില്‍ സംസ്‌ക്കരിക്കേണ്ടി വന്ന മൃതദേഹങ്ങള്‍ ഇസ്രഈല്‍ ബുള്‍ഡോസറുകള്‍ പുറത്തേക്ക് വലിച്ചിടുകയായിരുന്നെന്ന് ഡോക്ട്ടര്‍മാര്‍ മാധ്യമ സ്ഥാപനത്തോട് പറഞ്ഞു.
ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് സൈനികര്‍ ആശുപത്രിയിലെ ശവക്കുഴികളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് തുടര്‍ന്ന് മൃതശരീരങ്ങള്‍ വികൃതമാക്കുകയും ചെയ്തുവെന്ന് ആശുപത്രിയിലെ പീഡിയാട്രിക് സര്‍വീസ് മേധാവി ഹൊസാം അബു സഫിയ പറഞ്ഞു. ആശുപത്രിയിലെ നഴ്‌സിങ് മേധാവി ഈദ് സബ്ബയും മറ്റൊരു നഴ്സ് അസ്മ തന്തീഷും അബു സഫിയയുടെ ആരോപണത്തെ പിന്തുണച്ചുവെന്നാണ് റിപ്പോര്‍ട്ട്.
കെട്ടിടത്തിന് പുറത്തുള്ള മറ്റു മൃതദേഹങ്ങള്‍ തങ്ങളുടെ കണ്‍മുന്നില്‍ വെച്ച് ഇസ്രഈല്‍ ബുള്‍ഡോസറുകള്‍ വലിച്ചുകീറിയെന്നും ദൃക്സാക്ഷികളായ തങ്ങള്‍ സൈന്യത്തോട് ആക്രോശിക്കുകയും നിലവിളിക്കുകയും ചെയ്തുവെന്നും തന്തീഷ് പറഞ്ഞു. എന്നാല്‍ തങ്ങളുടെ നിലവിളി ബധിരയാവരുടെ ചെവികളിലാണ് പതിച്ചതെന്നും തന്തീഷ് കൂട്ടിച്ചേര്‍ത്തു.
അബു സഫിയ പങ്കുവെച്ച വീഡിയോയില്‍ ആശുപത്രി പരിസരത്ത് ചിതറിക്കിടക്കുന്ന മൃതശരീരങ്ങള്‍ അഴുകിയതായി കാണാമെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലെ ഫലസ്തീന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് ഗസയില്‍ ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയ ഫലസ്തീനികളുടെ ആകെ എണ്ണം 20,258 ആയി വര്‍ധിച്ചുവെന്നും പരിക്കേറ്റവരുടെ എണ്ണം 53,688 ആയെന്നുമാണ് വ്യക്തമാവുന്നത്.
ശനിയാഴ്ച 24 മണിക്കൂറിനുള്ളില്‍ ഫലസ്തീനിലെ ഇസ്രഈല്‍ ബോംബാക്രമണത്തില്‍ 201 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഈ കാലയളവില്‍ ഗസയിലെ 368 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.
Content Highlight: Israeli bulldozers reportedly mutilated dead bodies at Kamal AdWan hospital