ഗസ: 80 വയസ് പ്രായമുള്ള വാക്കിങ് സ്റ്റിക് ഉപയോഗിച്ച് മാത്രം നടക്കാന്‍ സാധിക്കുന്ന ഫലസ്തീന്‍ പൗരനായ വൃദ്ധനെ മനുഷ്യകവചമായി ഉപയോഗിച്ച് ഇസ്രഈല്‍ സേനയുടെ ക്രൂരത. ഹമാസിന്റെ കേന്ദ്രങ്ങളില്‍ ഈ വൃദ്ധനെ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയ ശേഷം അദ്ദേഹത്തെയും കുടുംബത്തെയും ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തി.
കഴുത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവെച്ചാണ് വയോധികനെ ഇസ്രഈല്‍ സൈന്യം മനുഷ്യകവചമായി ഉപയോഗിച്ചത്. ഇസ്രഈലി വാര്‍ത്താ പോര്‍ട്ടലായ ഹമാകോം നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. ഹമാകോമിനെ ഉദ്ധരിച്ച് മിഡില്‍ഈസ്റ്റ്‌ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2024മെയില്‍ നടന്ന സംഭവത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ ഹമാകോം അന്വേഷണത്തിലൂടെ കണ്ടെത്തിയത്. പേര് വെളിപ്പെടുത്താത്ത ഒരു ഫലസ്തീനി വയോധികനോട് ഹമാസിന്റെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയില്ലെങ്കില്‍ തലപൊട്ടിക്കുമെന്നും ദേഹത്ത് ഘടിപ്പിച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിക്കുമെന്നും ഭീഷണിപ്പെടുത്തിയതായാണ് കണ്ടെത്തല്‍.
ഗസയിലെ സെയ്തൂന്‍ പ്രദേശത്തെ വൃദ്ധ ദമ്പതികളുടെ വീടിന് സമീപത്ത് വിവിധ ഇസ്രഈല്‍ ബ്രിഗേഡുകളിലെ സൈനികര്‍ ഒരുമിച്ച് കൂടിയ ഘട്ടത്തിലാണ് ഈ ക്രൂരത അരങ്ങേറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹമാസുമായുള്ള മൂന്നാമത്തെ കര ആക്രമണത്തിന്റെ ഘട്ടത്തില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ ഭാഗമായ നഹല്‍ ബ്രിഗേഡ്, കാര്‍മെലി ബ്രിഗേഡ്, മള്‍ട്ടി ഡൈമന്‍ഷണല്‍ യൂണിറ്റ് എന്നീ വിഭാഗങ്ങള്‍ ചേര്‍ന്നാണ് വയോധികനെതിരെ ഇത്തരത്തിലൊരു ക്രൂരത കാണിക്കാന്‍ തീരുമാനിച്ചത്.
വൃദ്ധനായ ഫലസ്തീന്‍ പൗരന്റെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടി വെച്ചതിന് ശേഷം അദ്ദേഹത്തെ ഹമാസ് കേന്ദ്രങ്ങളിലേക്ക് പരിശോധന നടത്താന്‍ പറഞ്ഞയക്കുകയായിരുന്നു. തങ്ങളുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പിറകിലുള്ള സൈനികന്‍ വൃദ്ധനുമായി ബന്ധപ്പെടുത്തിയ കയര്‍ വലിക്കുമെന്നും അപ്പോള്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് അദ്ദേഹത്തിന്റെ ശിരസ്സ് വേര്‍പ്പെടുമെന്നും ഭീഷണിപ്പെടുത്തിയെന്നും ഒരു ഇസ്രഈലി സൈനികനെ ഉദ്ധരിച്ച് കൊണ്ട് ഹമാകോം റിപ്പോര്‍ട്ട് ചെയ്യുന്നു.
80 വയസ്സുള്ള, വേഗത്തില്‍ നടന്നു നീങ്ങാന്‍ കഴിയാത്ത ആ വൃദ്ധന്‍ സൈനികരുടെ ഭീഷണിക്ക് വഴങ്ങി എട്ട് മണിക്കൂറോളം തിരച്ചില്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പിറകിലുള്ള സൈനികന്‍ എപ്പോള്‍ വേണമെങ്കിലും കയര്‍ വലിക്കുമെന്ന ഭയം അദ്ദേഹത്തിനുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്.
ഹമാസ് അംഗങ്ങള്‍ ഒളിച്ചിരിക്കുന്നതെന്ന് കരുതപ്പെടുന്ന വീടുകള്‍, തുരങ്കങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറുകളോളം ഈ വൃദ്ധനെ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയ ഇസ്രഈല്‍ സൈന്യം പിന്നീട് അദ്ദേഹത്തോടും ഭാര്യയോടും അല്‍ മവാസിയിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് അദ്ദേഹവും ഭാര്യയും നടന്നു നീങ്ങി 100 മീറ്റര്‍ അകലത്തിലെത്തിയപ്പോള്‍ ഇസ്രഈല്‍ സൈന്യം രണ്ട് പേരെയും വെടിവെച്ച് കൊല്ലുകയും ചെയ്‌തെന്നും ഹമാകോം സ്ഥിരീകരിക്കുന്നു.
ഗസ വംശഹത്യയുടെ എല്ലാ ഘട്ടത്തിലും ഇസ്രഈല്‍ ഇത്തരത്തിലുള്ള ക്രൂരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രഈലി നിയമത്തിലും അന്താരാഷ്ട്ര നിയമത്തിലും നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ മനുഷ്യനെ കവചമാക്കി യുദ്ധം ചെയ്യുന്ന രീതി ഹമാസ് അംഗങ്ങളെ കണ്ടെത്താന്‍ വേണ്ടിയാണ് ഇസ്രഈല്‍ വ്യാപകമായി ഉപയോഗിച്ചിട്ടുള്ളത്.
CONTENT HIGHLIGHTS: Israeli brutality using 80-year-old man as human shield; Then killed