| Friday, 27th September 2024, 10:20 pm

ഇസ്രഈല്‍ ആക്രമണം; സിറിയയിലേക്ക് 30,000 ആളുകള്‍ പലായനം ചെയ്‌തെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ലെബനനില്‍ ഇസ്രഈല്‍ ആക്രമണം ശക്തമാകുന്നതിനിടെ ലെബനന്‍ പൗരന്മാര്‍ സിറിയിലേക്ക് കൂട്ടപ്പലായനം ചെയ്യുന്നതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. യുണെറ്റഡ് നാഷണ്‍സ് റെഫ്യൂജി ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 72 മണിക്കൂറിനിടെ 30,000 ആളുകളാണ് അയല്‍രാജ്യമായ സിറിയയിലേക്ക് പലായനം ചെയ്തത്.

ഇസ്രഈലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ച സെപ്റ്റംബര്‍ 23 മുതല്‍ 90,000-ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി ഏജന്‍സി വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേരും സിറിയന്‍ വംശജന്‍മാരാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് സിറിയ ഉപേക്ഷിച്ച ലെബനിലേക്ക് പലായനം ചെയ്തവരാണ് ഇവരില്‍ 80 ശതമാനവും. ബാക്കി 20 ശതമാനം ലെബനന്‍ പൗരന്മാരാണ്.

‘അവര്‍ യുദ്ധം നടക്കുന്ന ഒരു രാജ്യത്തില്‍ നിന്ന് 13 വര്‍ഷമായി പ്രതിസന്ധി നേരിടുന്ന മറ്റൊരു രാജ്യത്തേക്ക് കടക്കുകയാണ്. വളരെ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയാണിത്. ഇവരില്‍ ഭൂരിഭാഗം പേരും കുട്ടികളും കൗമാരക്കാരുമാണ്. അടുത്ത ദിവസങ്ങളില്‍ ഇനിയും എത്ര പേര്‍ ഇത്തരത്തില്‍ പലായനം ചെയ്യുമെന്ന കാര്യം പ്രവചനാതീതമാണ്,’ യു.എന്‍.എച്ച്.സി.ആര്‍ മേധാവി ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു.

സിറിയയിലെ ആഭ്യന്തരയുദ്ധം കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് പലായനം ചെയ്ത കുടുംബങ്ങള്‍ക്ക് തിരികെ രാജ്യത്തേക്ക് മടങ്ങിവരുക എന്നത് മറ്റൊരു പരീക്ഷണമാണ്. അവര്‍ അഭയം തേടിയ രാജ്യത്തും ഇപ്പോള്‍ ബോംബേറുകള്‍ നടക്കുകയാണ്. ഈ പ്രതിസന്ധി പശ്ചിമേഷ്യക്ക് താങ്ങാവുന്നതിലും അപ്പുറമാണ്,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തരയുദ്ധം കാരണം സിറിയയില്‍ നിന്ന് പലായനം ചെയ്ത 1.5 ദശലക്ഷം ആളുകളാണ് നിലവില്‍ ലെബനനില്‍ ഉള്ളത്.

അതേസമയം കഴിഞ്ഞ ദിവസം(വ്യാഴാഴ്ച്ച) ഹിസ്ബുള്ളയുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടില്ല എന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചിരുന്നു. വെടിനിര്‍ത്തലിനെ സംബന്ധിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ ഓഫീസ്, ഇത് സംബന്ധിച്ച അമേരിക്കന്‍-ഫ്രഞ്ച് ചര്‍ച്ചകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

കൂടാതെ നിലവിലെ പദ്ധതി പ്രകാരമുള്ള വിജയങ്ങള്‍ കൈവരിക്കുന്നത് വരെ യുദ്ധം തുടരാന്‍ സൈന്യത്തിന് നെതന്യാഹു നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. വടക്കന്‍ ഇസ്രഈല്‍ വീണ്ടും സുരക്ഷിതമാകുന്നതുവരെ ഇസ്രഈല്‍ പ്രതിരോധ സേന ഹിസ്ബുള്ളയെ ലക്ഷ്യം വെക്കുമെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി യെവ് ഗാലന്റും അറിയിച്ചിരുന്നു.

തിങ്കളാഴ്ച ആരംഭിച്ച ഇസ്രഈല്‍-ഹിസ്ബുള്ള സംഘര്‍ഷത്തില്‍ ഇതുവരെ 700ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Israeli attack; The United Nations reports that 30,000 people have fled to Syria

Latest Stories

We use cookies to give you the best possible experience. Learn more