| Friday, 12th May 2023, 7:33 pm

ഇസ്രഈല്‍ ആക്രമണം: 31 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസ: തുടര്‍ച്ചയായ നാലാം ദിവസം പിന്നിട്ട് ഫലസ്തീനിലെ ഇസ്രഈല്‍ ആക്രമണം. ആക്രമണത്തില്‍ ഇത് വരെ 12ലധികം ഫലസ്തീനികളും ഒരു ഇസ്രഈല്‍ പൗരനും കൊല്ലപ്പെട്ടതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

മാസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും മോശമായ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം വെടിനിര്‍ത്തലിന് വേണ്ടി ഈ ആഴ്ച ഈജിപ്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു.

വെള്ളിയാഴ്ച മൂന്ന് വ്യോമാക്രമണങ്ങള്‍ നടന്നെന്ന് ദക്ഷിണ റാഫയിലെ ഗാസക്കാര്‍ പറഞ്ഞു. എന്നാല്‍ ഇസ്‌ലാമിക് ജിഹാദ് മിലിട്ടന്റിന്റെ പോസ്റ്റുകള്‍ക്കും റോക്കറ്റുകള്‍ക്കുമെതിരെയാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രഈല്‍ സൈന്യവും അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം ഇസ്‌ലാമിക് മിലിട്ടന്‍സ് ഇസ്രഈലിനെതിരെയും ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ റെഹോവട്ടിലെ സാധാരണക്കാരന്‍ കൊല്ലപ്പെട്ടിരുന്നു.

ഇതുവരെ നടന്ന ആക്രമണങ്ങളില്‍ 31 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്ന കണക്കുകള്‍. നിലവില്‍ ഗാസയില്‍ 90ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ഗാസയ്ക്ക് സമീപമുള്ള ഇസ്രഈലുകാരോട് ബോംബ് ഷെല്‍ട്ടറിനടുത്ത് തന്നെ നിലക്കൊള്ളാന്‍ ഇസ്രഈല്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ച ഇസ്‌ലാമിക് മിലിന്റന്‍സിന്റെ മൂന്ന് പ്രധാനപ്പെട്ട നേതാക്കളെ ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇതിനോടകം തന്നെ ലോകരാജ്യങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരുന്നു. അക്രമം ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്കയും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഗാസയില്‍ ഇസ്രഈലും-ഫലസ്തീനും തമ്മില്‍ നടത്തുന്ന പോരാട്ടം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സ്, ജര്‍മനി, ജോര്‍ദാന്‍, ഈജിപ്ത് വിദേശകാര്യ മന്ത്രിമാരും ആവശ്യപ്പെട്ടിട്ടുണ്ട്.

രക്തം ചിന്തുന്നത് അവസാനിപ്പിക്കണമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് പറഞ്ഞു. മോശമായ വികസനം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിപ്പിക്കാനും ജോര്‍ദാന്‍ വിദേശകാര്യമന്ത്രിയും പറഞ്ഞു. ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം ഏറ്റവും രൂക്ഷമായ രീതിയില്‍ തുടരുന്നതിനിടെയാണ് മന്ത്രിമാര്‍ ആവശ്യവുമായി എത്തിയത്.

content highlight: Israeli attack: Reportedly 31 Palestinians have been killed so far

We use cookies to give you the best possible experience. Learn more