ടെല്‍ അവീവ്: ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ ഫലസ്തീന്‍ പൗരനെ ഇസ്രഈല്‍ സൈന്യം കയ്യേറ്റം ചെയ്യുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി.
അധിനിവേശ കിഴക്കന്‍ ജെറുസലേമിന് സമീപത്തുള്ള ഷെയ്ഖ് ജറയിലായിരുന്നു സംഭവം. തിങ്കളാഴ്ചയായിരുന്നു ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
ഫലസ്തീന്‍ യുവാവ് മുഹമ്മദ് അല്‍-അജ്‌ലൗനിയെ ഇസ്രഈല്‍ സേന ബലമായി വലിച്ചിഴച്ച് കൊണ്ടുപോകുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
25കാരനായ അജ്‌ലൗനിയെ അറസ്റ്റ് ചെയ്യാന്‍ ഇസ്രഈല്‍ സേന ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇസ്രഈല്‍ സെറ്റില്‍മെന്റുകള്‍ക്കെതിരെ പ്രതിഷേധപ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ഇസ്രഈല്‍ സേനയുടെ ശ്രമത്തിനിടെയായിരുന്നു സംഭവം.
ഇസ്രഈല്‍ സേന വലിച്ചിഴച്ച് കൊണ്ടുപോകുമ്പോള്‍ അല്‍ജൗനി പാനിക് ആകുന്നതും ഉറക്കെ നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
സമൂഹമാധ്യമങ്ങളിലൂടെ വളരെ പെട്ടെന്ന് ദൃശ്യങ്ങള്‍ പ്രചരിക്കുകയും പിന്നാലെ ഇസ്രഈല്‍ സേനക്കെതിരെ പ്രതിഷേധമുയരുകയുമായിരുന്നു.
പിന്നീട് ഫലസ്തീന്‍ റെഡ് ക്രെസന്റ് സൊസൈറ്റിയുടെ ആംബുലന്‍സ് ഇദ്ദേഹത്തെ ശുശ്രൂഷിക്കുന്നതും പിന്നീട് ദൃശ്യങ്ങളില്‍ കാണാം. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlight: Israeli assault on Palestinian with Down syndrome sparks outrage