ഗോലാനിക്ക് പിറകെ ഗസയിൽ നിന്ന് അഞ്ച് ബ്രിഗേഡുകളെ കൂടി പിൻവലിച്ച് ഇസ്രഈൽ സേന
World News
ഗോലാനിക്ക് പിറകെ ഗസയിൽ നിന്ന് അഞ്ച് ബ്രിഗേഡുകളെ കൂടി പിൻവലിച്ച് ഇസ്രഈൽ സേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st January 2024, 1:24 pm

ഗസ: ഗസ യുദ്ധമുഖത്ത് നിന്ന് അഞ്ച് ബ്രിഗേഡുകളെ കൂടി പിൻവലിച്ച് ഇസ്രഈൽ സേന.

സായുധ സേനയുടെ പരിശീലന താവളത്തിന്റെ ചുമതലയുള്ള 460-ാം ആർമമേഡ് ബ്രിഗേഡ്, യുദ്ധ സമയത്ത് ബഹാദ് 1 ഓഫീസറുടെ സേനക്ക് മേൽനോട്ടം നൽകുന്ന 261-ാം ബ്രിഗേഡ്, കാലാൾപ്പടയുടെയും സ്‌ക്വാഡ് കമാൻഡർമാരുടെയും ചുമതലയുള്ള 828-ാം ബ്രിഗേഡ്, 14-ാം റിസർവ് ആർമേഡ് ബ്രിഗേഡ്, 551-ാം റിസർവ് പാരാട്രൂപ്പ് ബ്രിഗേഡ് എന്നിവയെയാണ് പിൻവലിച്ചത്.

‘ചില സൈനികർ ഇപ്പോൾ തന്നെ തങ്ങളുടെ കുടുംബങ്ങളിലേക്കും ജോലികളിലേക്കും മടങ്ങിപ്പോകും. ഇത് സാമ്പത്തിക ഘടനക്ക് വലിയ ആശ്വാസം നൽകുക മാത്രമല്ല, വരാനിരിക്കുന്ന വർഷം കൂടുതൽ കരുത്ത് നേടാനും സഹായിക്കും.

പോരാട്ടം തുടരും. അപ്പോൾ നമുക്ക് അവരെ ആവശ്യമായി വരും,’ ഇസ്രഈൽ സേന ഐ.ഡി.എഫിന്റെ വക്താവ് ഡാനിയേൽ ഹഗരി പറഞ്ഞു.

ഡിസംബർ 21ന് ഹമാസിൽ നിന്നുണ്ടായ തിരിച്ചടിയെ തുടർന്ന് ഗോലാനി ബ്രിഗേഡിനെ ഗസ മുനമ്പിൽ നിന്ന് പിൻവലിച്ചിരുന്നു. നെതന്യാഹു നേരിട്ട് അനുഗ്രഹിച്ച് യുദ്ധമുഖത്തേക്ക് അയച്ച സൈനിക ഗ്രൂപ്പായിരുന്നു ഗോലാനി.

സൈനികരുടെ പുനസംഘാടനത്തിനും വിശ്രമത്തിനുമായി താത്കാലിക സമയത്തേക്കാണ് ഗ്രൂപ്പിനെ തിരിച്ചുവിളിക്കുന്നത് എന്നായിരുന്നു ഇസ്രഈൽ അറിയിച്ചത്. എന്നാൽ ശുജാഇയ്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഹമാസിന്റെ ഭാഗത്ത് നിന്ന് നേരിട്ട പരാജയവും സൈന്യത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കാൻ കഴിയാത്തതിനാലുമാണ് സൈന്യത്തെ പിൻവലിച്ചത് എന്ന് രാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാണിച്ചു.

Content Highlight: Israeli army withdraws 5 brigades from Gaza