ടെല്‍ അവീവ്: ഗസയിലെ സിവിലിയന്മാര്‍ക്കുള്ള ലോകരാഷ്ട്രങ്ങളുടെ മാനുഷിക സഹായത്തില്‍ കുറവ് വരുത്തണമെന്ന് ഇസ്രഈല്‍ സൈന്യം. ഇസ്രഈലി ബന്ദികളെ മോചിപ്പിക്കുന്നതിനായി ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെ സ്വാധീനിക്കാനാണ് ഇസ്രഈല്‍ സൈന്യം ഇത്തരത്തില്‍ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. സൈന്യം നടപടിയുമായി ശക്തമായി മുന്നോട്ട് പോവുകയാണെന്ന് ഇസ്രഈല്‍ മാധ്യമമായ വാല (Walla) റിപ്പോര്‍ട്ട് ചെയ്തു.
ഗസ മുനമ്പില്‍ വിവേചനപരമായ മാനുഷിക പ്രതിസന്ധി സൃഷ്ടിച്ചാല്‍ അത് ആഭ്യന്തര കലഹത്തിന് കാരണമാകുമെന്ന് ഇസ്രഈലി സൈന്യം വിശ്വസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ഗസയിലെ ഫലസ്തീനികള്‍ നിലവില്‍ പട്ടിണിയില്‍ ആണെന്നാണ് വ്യക്തമാകുന്നത്.
ഇതിനുപുറമെ ഗസയെ വാസയോഗ്യമല്ലാതാക്കി മാറ്റിക്കൊണ്ട് ഫലസ്തീനികള്‍ക്ക് പകരമായി ഇസ്രഈലി കുടിയേറ്റക്കാരെ ഗസയില്‍ താമസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഇസ്രഈല്‍ ഭരണകൂടം പുറത്തുവിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഗസയില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കിക്കൊണ്ട് പ്രദേശത്ത് ജൂത വാസസ്ഥലങ്ങള്‍ പുനഃസ്ഥാപിക്കണമെന്നുള്ള ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവശ്യത്തെ ഫ്രാന്‍സ് ശക്തമായി എതിര്‍ക്കുകയും അപലപിക്കുകയും ചെയ്തു.
പ്രകോപനപരമായ ഇത്തരം പ്രഖ്യാപനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇസ്രഈലിനോട് ഫ്രാന്‍സ് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
നിലവില്‍ ഒക്ടോബര്‍ 7 മുതല്‍ ഗസയില്‍ മാത്രമായി കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 22,185 ആണ്. 57,000 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
Content Highlight: Israeli army wants world nations to cut humanitarian aid to Gaza